പുത്രൻ തമ്പുരാനേ ഉദരത്തിൽ വഹിച്ച ഭാഗ്യവതിയായ വി.കന്യകമറിയമിനെ പലപ്പോഴും ബഹുമാനം ലവലേശമില്ലാതെയാണ് നവീന സഭകൾ ചിത്രീകരിക്കാറ്. ദൈവദൂതൻ പോലും കൃപ നിറഞ്ഞവളെ എന്നു സംബോദന ചെയ്ത ഭാഗ്യവതിയായ മാതാവിനെ ചില വേദഭാഗങ്ങൾ വികലമായി വ്യാഖ്യാനം ചെയ്തു നവീന വിഭാഗങ്ങൾ അവഹേളിക്കുന്നത് വേദനാജനകം ആണ്.
പ്രധാനമായും താഴെ പറയുന്ന വേദഭാഗങ്ങൾ ആണ് ഇങ്ങനെ ഉള്ള വേദവിപരീതങ്ങൾ പ്രചരിപ്പിക്കാൻ അവർ ഉപയോഗിക്കുന്നത്. എന്നാൽ വി. വേദപുസ്തകത്തിൽ കണ്ണോടിച്ചാൽ അവരുടെ ഈ വാദങ്ങളിലെ ബാലിശതയും തെറ്റായ പഠപ്പിക്കലുകളും മനസ്സിലാക്കാവുന്നതെ ഉള്ളൂ
മത്തായി 12:46,47 – അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു.(മർക്കോസ് 3:31, ലൂക്കോസ് 8:19-21)
മത്തായി 13:55,56 -ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. (മര്‍ക്കോസ് 6:3)
ഗലാ 1:19 – “എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.”
ഒറ്റനോട്ടത്തിൽ ഈ വേദഭാഗങ്ങൾ നോക്കുന്ന ആർക്കും തോന്നും നവീന സഭകൾ പറയുന്നത് ശരിയല്ലേ എന്ന്?
മൂന്നു കാര്യങ്ങൾ ആണിവടെ എടുത്തു കാണിക്കപ്പെടുന്നത്
- നിന്റെ അമ്മയും സഹോദരങ്ങളും
- അമ്മ മറിയാമും സഹോദരങ്ങൾ യാക്കോബ്, യോസേ, ശീമോൻ, യൂദാ എന്നിവരല്ലേ ?
- കർത്താവിന്റെ സാഹോദരനായ യാക്കോബ്
വി.വേദപുസ്തകത്തിൽ നിന്നു അടർത്തിയെടുത്ത് വായിക്കുമ്പോൾ ഇവയെല്ലാം ശരി എന്നു നമ്മുക്കു തോന്നുമെങ്കിലും വി. വേദപുസ്തകം തന്നെ പറയുന്നുണ്ട് ഇവരെല്ലാം ആരായിരുന്നു എന്ന്.
വി. വേദപുസ്തകത്തിൽ ക്രിസ്തുവിനെ സൂചിപ്പിക്കുമ്പോള്‍ “മറിയയുടെ മകന്‍” എന്നും മറ്റുള്ളവരെ “അവന്‍റെ സഹോദരന്മാരും, സഹോദരിമാരും” അല്ലെങ്കില്‍ “കര്‍ത്താവിന്‍റെ സഹോദരന്‍/സഹോദരന്മാര്‍” എന്ന പ്രയോഗത്തിലും ആണ് കാണുവാൻ സാധിക്കുക.
നമ്മുടെ ഇതര വിശ്വാസ സഹോദരന്മാരുടെ അഭിപ്രായത്തില്‍ ഈ പേരുകളെല്ലാം കര്‍ത്താവിന്‍റെ സഹോദരന്മാര്‍ എന്ന അര്‍ഥത്തില്‍ “മറിയാമിന്റെ മക്കളാണ്” അതിനാല്‍ കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം, നിത്യ കന്യക എന്നപ്രയോഗം തികച്ചും വൈരുദ്ധ്യാത്മകവും, തിരുവെഴുത്തിന്‍റെ മൊത്തം വ്യാഖാനത്തിന് എതിരാണ്. അതുകൊണ്ടു ഏതാനും വാക്യങ്ങളിലേക്ക് നമ്മുക്ക് നോക്കാം.
മത്തായി 27:55 ക്രൂശികരണ വേളയില്‍ : “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും”
ആരാണ് ഈ മറിയം? ഉത്തരം യാക്കോബിന്‍റെയും യോസേയുടെയും അമ്മ. നവീന സഭക്കാർ ഉയർത്തിപ്പിടിച്ച മത്തായി 13:56.-ല്‍ സൂചിപ്പിച്ചിരിക്കുന്ന വ്യെക്തികളുടെ(യാക്കോബ്, യോസ) അമ്മയായ മറിയം! ഈ ഭാഗത്ത് നിന്നു ഒരുകാര്യം വ്യക്തമാണ് കർത്താവിന്റെ അമ്മ മറിയം അല്ല യാക്കോബ് , യോസ എന്നിവരുടെ അമ്മയായ മറിയാം
മത്തായി 28:1 – ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സംഭവം :
“ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയാമും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.”
ആദ്യമായി ഈ പ്രത്യേക വ്യെക്തിയിലേക്ക് കണ്ണോടിക്കാം, ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് സുവിശേഷ കര്‍ത്താക്കളിലൂടെ ദൈവവചനത്തില്‍ രേഖപ്പെടുത്തിയതും, ആരാലും ശ്രേദ്ധിക്കപ്പെടാതെ ഒരു സമസ്യയായി ഓര്‍തിങ്ങി നിന്ന വ്യെക്തി – “മറ്റെ മറിയ” The other Mary- ആരാണ് ഇവര്‍?
ഈ സുവിശേഷത്തില്‍ പറയുന്ന “മറ്റെ മറിയ” മത്തായി 27:55ൽ ക്രൂശികരണ വേളയില്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ” തന്നെയാണ്. ആദ്യനോട്ടത്തില്‍ “മറ്റെ മറിയ” “യേശുവിന്‍റെ അമ്മയായ മറിയ” അല്ല എന്നു മനസ്സിലാക്കാം. ആന്തരിക തെളുവുകളുടെ അടിസ്ഥാനത്തില്‍ മത്തായിയുടെ പ്രയോഗത്തില്‍ കന്യക മറിയാമിനെ സൂചിപ്പിക്കുമ്പോള്‍ ‘യേശുവിന്‍റെ അമ്മ” (1:18, 2:11, 2:13, 2:14, 2:20, and 2:21) “അവന്‍റെ അമ്മ” എന്നതലത്തിലാണ്, മാത്രമല്ല ക്രുശീകരണവേളയില്‍ തികച്ചും അസ്പഷ്ടമായ നിലയില്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ” എന്ന നിലയില്‍ മത്തായി കന്യക മറിയാമിനെ അവതരിപ്പിക്കില്ല, ഇക്കാരണത്താല്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ”യും “യേശുവിന്‍റെ അമ്മയായ മറിയയും” ഒറ്റനോട്ടത്തിൽ വ്യത്യസ്തരണ് എന്നു മനസ്സിലാക്കാം, അതിന്‍റെ തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുന്‍പ് മർക്കോസിലേക്ക് ചെല്ലാം.
മർക്കോസ്6:3 ഇൽ പ്രധാനമായും താഴെ പറയുന്നവാദങ്ങൾ ആണ്
v തച്ചന്‍ അല്ലയോ?
v ഇവന്‍ മറിയയുടെ മകന്‍
v യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരന്‍.
v ഇവന്റെ സഹോദരികളും
മർക്കോസ് 15:40 ക്രുശീകരണ നിമിഷം:
“ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും”
മർക്കോസ് 15:47 “അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.”
മർക്കോസ് 6:3 15; 40,47 ഇവ തികച്ചും പൂരകമായിരിക്കുന്നു!
ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നിമിഷം: 16;1
“മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.”
ഇവിടെ ഈ മറിയം “യാക്കോബിന്‍റെ അമ്മ” എന്ന് സൂചിപ്പിക്കുന്നു, എന്നാല്‍ ഇത് “യേശുവിന്‍റെ അമ്മ” ആണ് എന്നു പ്രത്യക്ഷത്തില്‍ ഒരു തെളിവും കാണുന്നില്ല!
ലൂകോസ്24:10 – ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നിമിഷം :
“അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാൻ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ”
ഇവിടെയും “യാക്കോബിന്റെ അമ്മ മറിയ” എന്ന പ്രയോഗമാണ്, അല്ലാതെ “യേശുവിന്‍റെ അമ്മ” എന്നല്ല,
ലൂക്കോസ്, മത്തായിയും, മർക്കോസിനെയും പോലെ “കന്യകാ മറിയാമിനെ” “യേശുവിന്‍റെ അമ്മ” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് (1:43, 2:33-34, 2:51, 8:19, Acts 1:14)
യോഹന്നാന്‍ 19:25 ക്രുശീകരണ നിമിഷം:
“യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യയുമായ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു”
സമസ്യവാഹമായ “മറ്റെ മറിയം” ഇവിടെ തിരശീലനീക്കി പുറത്തുവന്നു, ഈ വാക്യത്തില്‍, ഗ്രീക്കു മൂലത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മൂന്നു സ്തീകളെ അഥവാ മറിയമുമാരെ ദര്‍ശിക്കാം
v അവന്‍റെ അമ്മ
v അമ്മയുടെ സഹോദരിയും ക്ലെയോപ്പവിന്‍റെ ഭാര്യയുമായ മറിയ
v മഗ്ദലക്കാരത്തി മറിയ.
മറ്റു സുവിശേഷകന്‍മാരില്‍ നിന്നു മാറി യോഹന്നാന്‍ പ്രത്യേകം “ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ” എന്നു സുസ്പഷ്ടമായി കാണിച്ചതില്‍ തികച്ചും “മറ്റേ മറിയയെ” തിരശീലനീക്കി വ്യേക്തതയോട് കാണിക്കാന്‍ വേണ്ടിയാണ്.
ഉപസംഹാരം
- യോഹന്നാന്‍റെ സുവിശേഷത്തിലെ “,ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ” “കര്‍ത്താവിന്‍റെ അമ്മയായ മറിയയില്‍ നിന്നു വ്യെത്യസ്തയായ “മറിയ”ആണ്.
- “മറ്റെ മറിയ/ ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ, “യേശുവിന്‍റെ അമ്മയുടെ” സഹോദരി ആണ്. (close tribal relative)
- ഇതിന്‍പ്രകാരം ആണ് യാക്കോബ്,യോസേ മുതലയവര്‍ “യേശുവിന്‍റെ സഹോദരന്മാര്‍” എന്നു വായിക്കുന്നത്.
ഇപ്രകാരമുള്ള ഒരു അവലോകനം, നവീന സഭകൾ വി. സഭയ്ക്കും വിശ്വാസത്തിനും എതിരായി ഉപയോഗിക്കുന്ന “ യേശുവിന്‍റെ സഹോദരന്മാര്‍” എന്ന വാദത്തെ തികച്ചും നിഷ്ഫലമാക്കുന്നു.
ഈ ലേഖനം ഈ വിഷയത്തിലെ വി. വേദപുസ്തക അടിസ്ഥാനം മാത്രം വിശദീകരിക്കുന്ന ഒന്നാണ്. ചരിത്രപരവും ഭാഷാശാസ്ത്രപരവുമായുള്ള തെളിവുകൾ ഉൾപ്പെടുത്തിയ ഈ ലിങ്ക് വിശദ വായനക്ക് ഉപയോഗപ്പെടുത്തുക – https://carmelapologetics.info/30052020-2/