അറിയിപ്പുകാരിൽ തലവനായ മാർ ആദായി

സുറിയാനി സഭ ഏറെ ആദരവോടെ ഓർക്കുന്ന ഒരു വിശുദ്ധനാണ് മാർ ആദായി, ഇദ്ദേഹത്തെ കുറിച്ച് വളരെ ചുരുക്കം വിവരങ്ങളെ ലഭ്യമായിട്ടുള്ളൂ. പരിശുദ്ധനായ മാർ ആദായി കർത്തൃശിഷ്യനായ തോമാ ശ്ലീഹയുടെ സഹോദരൻ ആയിരുന്നു. തോമ ശ്ലീഹയോടൊപ്പം അദ്ദേഹവും നമ്മുടെ കർത്താവിനെ അനുഗമിച്ചു പോന്നു.

നമ്മുടെ കർത്താവ് 12 ശ്ലീഹരെ പോലെ തന്നെ സുവിശേഷം അറിയിക്കുവാൻ 70 പേരെ തിരഞ്ഞെടുത്തു. അതിൽ ഒരാളായിരുന്നു മോർ ആദായി. ലൂക്കോസിന്റെ സുവിശേഷം പത്താമദ്ധ്യായത്തിൽ അറിയിപ്പുകാരെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. പിൽകാലത്ത് പൗലോസും ബർനാബാസും കൂടി ചേർന്നപ്പോൾ 72 അറിയിപ്പുകാരായി.

ഉറഹാ ദേശത്തിന്റ രാജാവ് ആയിരുന്ന അബ്ഗാർ അഞ്ചാമൻ, കറുത്തവനായ അബ്ഗാർ എന്ന് അറിയപ്പെടുന്ന അദ്ദേഹത്തിന് ദീർഘകാലമായി കുഷ്ട രോഗം ഉണ്ടായിരുന്നു. പല ചികിത്സകൾ ചെയ്തെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ആ കാലത്താണ് അദ്ദേഹം യേശുക്രിസ്തുവിനെ കുറിച്ച് അറിയുന്നത്. യേശു ക്രിസ്തുവിൽ അദേഹത്തിന് പൂർണ വിശ്വാസവും ഉണ്ടായിരുന്നു. അദേഹം യഹൂദർ യേശുവിന് എതിരെ പ്രവർത്തിക്കുന്നതിനെ കുറിച്ചും ധാരണയുണ്ടായിരുന്നു. അദേഹം യേശുവിനു ഒരു കത്ത് അയച്ചു ആ കത്തിൽ രാജാവ് യേശുവിനോടുള്ള തന്റെ വിശ്വാസം അറിയിക്കുകയും തന്റെ രാജ്യത്തേക്ക് കർത്താവിനെ ക്ഷണിക്കുകയും ചെയ്തു. രാജാവിന്റെ കത്ത് വായിച്ച കർത്താവ് രാജാവിന്റെ ദൂതൻ മുഖേന അതിന് മറുപടി അയച്ചു അതിൽ രാജാവിന്റെ വിശ്വാസത്തെ യേശു അഭിനന്ദിച്ചു കൂടാതെ തന്റെ അവതാര ഉദ്ദേശത്തെ കുറിച്ചും രേഖപ്പെടുത്തി. രാജാവിന്റെ ദൂതൻ യേശുവിന്റെ ചിത്രം ഒരു തൂവാലയിൽ വരച്ചു എന്നും അല്ല യേശു തന്റെ റുമാൽ ദൂതന് കൊടുത്തു എന്ന് പറയപ്പെടുന്നു. ആ റുമാൽ ഇന്നും ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആ കത്തിൽ തന്റെ ഒരു ശിക്ഷ്യനെ അയക്കുന്നു എന്നും അദ്ദേഹം അങ്ങയോട് വചനം സംസാരിക്കുമെന്നും, ആ ശിക്ഷ്യൻ അങ്ങേക്ക് വേണ്ടി പ്രാർഥിക്കുകയും അങ്ങയുടെ രോഗം മാറും എന്നും അങ്ങയുടെ ദേശത്ത് ഒരു കാലത്തും ആപത്ത് ഉണ്ടാവില്ല എന്നും കൂടി പറഞ്ഞു. അങ്ങനെ യേശു ആ ദൂതന്റെ കുടെ മാർ ആദായിയെ അയച്ചു. അദ്ദേഹം അബ്ഗാർ രാജാവിന് വേണ്ടി പ്രാർഥിച്ചു അദേഹത്തിന്റെ രോഗം മാറി രാജാവും കുടുംബവും ക്രിസ്തിയ വിശ്വാസം സ്വീകരിച്ചു. അദ്ദേഹം മാർ ആദായിക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു.

മാർ ആദായി ഉറഹാ കേന്ദ്രമാക്കി സുവിശേഷം അറിയിച്ചു. അവിടെ ദേവാലയങ്ങൾ സ്ഥാപിച്ചു അദ്ദേഹം ഒരു തക്സ രചിച്ചു ഇത് മാർ ആദായിയുടെ തക്സ എന്നറിയപ്പെടുന്നു. ഈ തക്സ നെസ്തോറിയ സഭ ഇന്നും ആരാധനക്കായി ഉപയോഗിക്കുന്നു. മാർ ആദായി ചില നിയമങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇത് മാർ ആദായിയുടെ കാനോൻ എന്ന് അറിയപ്പെടുന്നു. മാർ ആദായിക്ക് മാർ അഗ്ഗയി മാർ പാലാട്ട് എന്നിവർ ആയിരുന്നു ശിക്ഷ്യന്മാർ. തോമ ശ്ലീഹ ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് മാർ ആദായിയെ സന്ദർശിച്ചു എന്ന് മാർ അഫ്രേം പറയുന്നു മാർ ആദായി തന്റെ പിൻഗാമിയായി മാർ അഗ്ഗയിയെ വാഴിച്ചു.

മാർ ആദായിയുടെ നാമത്തിൽ ഉള്ള ദേവാലയങ്ങൾ

മലങ്കരയിൽ മാർ ആദായിയുടെ നാമത്തിലുള്ള ആദ്യ ദേവാലയം 1865 ഫെബ്രുവരി 4 ന് കോട്ടയം ഭദ്രാസനത്തിൽ സ്ഥാപിച്ച നാലുന്നാക്കൽ St ആദായിസ് യാക്കോബായ സുറിയാനി പള്ളിയാണ്. രണ്ടാമത്തെ പള്ളി തൃശൂർ ജില്ലയിൽ ഉള്ള പോർകുളം St ആദായിസ് പള്ളിയാണ് , ഈ പള്ളി ഇപ്പോൾ മലങ്കര സ്വതന്ത്ര സുറിയാനി സഭയുടെ നിയന്ത്രണത്തിലാണ് (തൊഴിയൂർ സഭ ). ഈ രണ്ടു ദേവാലയങ്ങളും സ്ഥാപിച്ചത് മഹാ പരിശുദ്ധനായ യുയാക്കിം മാർ കുറിലോസ് ബാവയായിരുന്നു. മാർ ആദായിയുടെ ഓർമ ഒക്ടോബർ 1, ഏപ്രിൽ 28 ജൂൺ 26 എന്നീ ദിവസങ്ങളിലും ജൂലൈ 5നു 72 അറിയിപ്പ് കാരോടോപ്പവും ആചരിക്കുന്നു. മാർ ആദായിയുടെ പ്രാർഥന നമുക്ക് കാവലും കോട്ടയുമാകട്ടെ ആമീൻ

അവലംബം- സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും by  Dr Mani Rajan Corepiscopo  (http://rajanachen.com/)

&

Wikipedia