നവംബർ 7: പണ്ഡിത ശിരോമണിയായ മിഖായേൽ റാബോ പാത്രിയാർക്കീസ് ബാവ ( 1126- 1199)
സുറിയാനി സഭ അനേക വിശുദ്ധ പിതാക്കന്മാർക്ക് ജന്മം നൽകിയ ക്രൈസ്തവ സഭകളിൽ ഒന്നാണ്. ചില പിതാക്കന്മാർ സത്യ വിശ്വാസ പോരാളികൾ ആവുമ്പോൾ മറ്റുചിലർ വേദ ശാസ്ത്ര പണ്ഡിതരായിരുന്നു, മറ്റുചിലർ ആത്മീയ തീഷ്ണതയുള്ളവരും. എന്നാൽ ഇവ മുന്നും ഒത്തിണങ്ങിയ അപൂർവം ചിലരിൽ ഒരാളായിരുന്നു പരിശുദ്ധ മിഖായേൽ റാബോ പാത്രിയാർക്കീസ് ബാവ. സഭയുടെ ആരാധന, സാഹിത്യം,വിശ്വാസസംഹിത എന്നിവ കൂടാതെ ശാസ്ത്ര മേഖലകളിൽ പോലും സംഭാവന നൽകിയ ഈ പിതാവിനെ സുറിയാനി സഭ കണ്ട ഏറ്റവും വലിയ പണ്ഡിത ശ്രേഷ്ഠനെന്ന് വിളിക്കുന്നു. 12-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ പിതാവിനെ മഹാനായ മിഖായേൽ റാബോ (michael the great syrian ) എന്ന് ലോകം വിളിക്കുന്നു. പരിശുദ്ധ പിതാവിനെ ആദ്യമായി ഇങ്ങനെ വിളിച്ചത് പുണ്യവാനും പണ്ഡിതശ്രേഷ്ഠനുമായ ബർ എബ്രായ ആയിരുന്നു. ബാർ എബ്രായ പിതാവിന്റെ പല രചനകളുടെയും അടിസ്ഥാനം മിഖായേൽ റാബോ ആയിരുന്നു
മിഖായേൽ റാബോ 1126-ഇൽ തുർക്കിയിലെ മിലാത്യ എന്ന ദേശത്ത് ആണ് ജനിച്ചു. സുറിയാനി സഭയുടെ അതിഭദ്രാസാനമായ ആയിരുന്നു മിലാത്യയിലുള്ള ഏലിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അനേകം വിശുദ്ധ പിതാക്കന്മാരെ സംഭാവന ചെയ്ത സുറിയാനി കുടുംബത്തിൽ ആണ് മിഖായേൽ ബാവ ജനിച്ചത്. അവരിൽ ചിലരാണ് സഖാ മാർ അത്തനാസിയോസ് ( അയൻ സർബയിലെ മെത്രാപോലിത്ത ),കിഴക്കിന്റ മപ്രിയനോ ആയ യാക്കോബ് മാർ ഗ്രീഗോറിയോസ് ബാവാ, പാത്രിയാർക്കീസ് ആയ മിഖായേൽ 2 പാത്രിയാർക്കീസ് ബാവ എന്നിവർ.
ദൈവ ഭക്തനായിരുന്ന പരിശുദ്ധ ബാവ മിലാത്യക്കടുത്തുള്ള മാർ ബെർസൗമോയുടെ (നിർഭാഗ്യവശാൽ ഈ ദയറാ തകർക്കപ്പെട്ടു) ദയറായിൽ സന്യാസിയായിരുന്നു. പ്രാർഥന നോമ്പ് ഉപവാസം ജാഗരണം എന്നിവയിലൂടെ ഒരു താപസിയായി മാറിയ പിതാവ് അതോടൊപ്പം ഗ്രന്ഥ പാരായണവും നടത്തിയിരുന്നു. അന്തിയോക്യ പാത്രിയാർക്കീസ് ആയിരുന്ന മാർ അത്തനാസിയോസ് ഏട്ടാമൻ ബാവ കാലം ചെയ്തപ്പോൾ ഫസ്ക്കിൻ ദയറായിൽ സുന്നഹദോസ് കൂടുകയും മിഖായേൽ റമ്പാച്ചനെ പാത്രിയാർക്കീസ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ തനിക്ക് ഇതിന് യോഗ്യതയില്ലെന്നും തന്നെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും പരിശുദ്ധ പിതാവ് അപേക്ഷിച്ചു, എന്നാൽ ആമിദിലെ യാക്കോബ് മാർ ദിവന്നാസിയോസ് ബെർസ്ലീബി പിതാവിന്റെ ഉപദേശ പ്രകാരം പരിശുദ്ധ പിതാവ് സ്ഥാനരോഹണത്തിനു സമ്മതം മൂളി. തുടർന്ന് 1166 ഒക്ടോബർ 18നു കിഴക്കിന്റ മപ്രിയനോയുടെ കാർമികത്വത്തിലും 12 മെത്രാപോലിത്തമാരുടെ സഹ കാർമികത്വത്തിലുമായി മിഖായേൽ റമ്പാച്ചനെ മിഖായേൽ റാബോ എന്ന പേരിൽ അന്തിയോക്യ പാത്രിയാർക്കീസ് ആയി മാർ ബെർസൗമോ ദയറായിൽ വെച്ച് വാഴിച്ചു.
സ്ഥാനമേറ്റ ശേഷം ബാവ തനിക്ക് ലഭിച്ച താലന്തുകൾ കൊണ്ട് അദ്ദേഹം സഭയെ വളർത്തി തുടങ്ങി. അദ്ദേഹം വിവിധ ഭദ്രാസനങ്ങൾ സന്ദർശിച്ചു. 1168 ൽ ദമാസ്കസ് ഗേറ്റിനടുത്തുള്ള മഗ്‌ദലന മറിയം ദയറായിൽ പരിശുദ്ധ ബാവ വിശുദ്ധ മൂറോൻ കൂദാശ നടത്തി, ഈസ്റ്റെർ ദിവസം മാർ യുഹാനോനെ മെത്രാപോലിത്തയായി വാഴിച്ചു. തുടർന്ന് അദേഹം കുർക്കുമ ദയറായിൽ വെച്ച് സഭാ കാനോനുകൾ ക്രമികരിച്ചു. 1169 മാർ ബെർസൗമോയുടെ ദയറായിൽ സുന്നഹദോസ് കൂടുകയും ചെയ്തു. 1180 ൽ സുറിയാനി സഭക്കെതിരെ പ്രവർത്തിച്ച ബാർ വഹ്ബുനെ ബാവ സുന്നഹദോസ് കൂടി സഭയിൽ നിന്ന് പുറത്താക്കി. ബർ വഹ്ബുൻ പിതാക്കന്മാരെ ധിക്കരിച്ചു കൊണ്ട് 4 മെത്രാപോലിത്തമാരോടൊപ്പം ചേർന്ന് മറ്റൊരു പാത്രിയാർക്കീസിനെ (anti-patriarch) വാഴിച്ചു എന്നതായിരുന്നു കുറ്റം.
മാർ മിഖായേൽ റാബോ പൗരോഹിത്യ ശ്രേണിയെ സംബന്ധിച്ചും വിശുദ്ധ കുർബാന സ്വീകരണത്തെ കുറിച്ചും ക്രിസ്തുവിന്റെ ശിഷ്യനായിരിക്കുന്നതിനെ കുറിച്ചും കുമ്പാസരം മാനസാന്തരം എന്നിവയെ കുറിച്ചും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പരിശുദ്ധ ബാവ രചിച്ച ഏറ്റവും ശ്രേഷ്ഠമായ കൃതി chronicles അഥവാ ദിനവൃത്താന്തമാണ്. ഈ പുസ്തകത്തിൽ ലോക സൃഷ്ടി മുതൽ 12 നൂറ്റാണ്ടു വരെയുള്ള ചരിത്രം ആണ് രേഖപ്പെടുത്തിട്ടുള്ളത് ഈ പുസ്തകത്തിന്റെ യഥാർത്ഥ പ്രതി ആലപ്പോയിലെ സെന്റ് ജോർജ് ദേവാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പാത്രിയർക്കാ വാഴ്ച്ചക്ക് ശേഷം ബാവ അലക്സാണ്ഡ്രിയൻ പാത്രിയാർക്കീസ് ആയിരുന്ന പോപ്പ് യോഹന്നാ ഒന്നാമന് (ഇമ്പൻ ഖലീഫ്) സുറിയാനി സഭയുടെ വിശ്വാസത്തെ കുറിച്ചും, അദേഹത്തിന്റെ പിൻഗാമിയായി വന്ന മർക്കോസ് 3 നു വിശുദ്ധ കുമ്പസാരത്തെ കുറിച്ചും കത്തുക്കൾ അയച്ചു. ഇവരുടെ മുൻഗാമി ആയിരുന്ന മർക്കോസ് ഇമ്പൻ കുമ്പസാരം വേദവിപരീതമാണെന്ന് പഠിപ്പിച്ചപ്പോൾ ബാവ കുമ്പസാരത്തിന്റ പ്രസക്തി അതിലെ വേദശാസ്ത്രം എന്നിവയെ കുറിച്ച് കത്തുകൾ എഴുതി സഹോദരി സഭയായ അലക്സാണ്ഡ്രിയൻ( കോപ്റ്റിക് ) സഭയെ ബോധ്യപ്പെടുത്തി.
പരിശുദ്ധ മിഖായേൽ റാബോ 33 വർഷകാലം പരിശുദ്ധ സഭയെ ഭരിച്ചു, ഈ കാലത്തു അദ്ദേഹം ഒരു മപ്രിയാനോയെയും 54 മെത്രാപ്പോലീത്തമാരെയും വാഴിച്ചു. 1199 പരിശുദ്ധ പിതാവ് കാലം ചെയ്യുകയും മാർ ബെർസൗമോയുടെ ദയറായിൽ കബറടക്കപ്പെടുകയും ചെയ്തു. പരിശുദ്ധ അപ്രേം പ്രഥമൻ ബാവ മിഖായേൽ റാബോയെ പറ്റി ഇങ്ങനെ എഴുതി “ദൈവത്തിന്റെ സഭയുടെ ശ്രേഷ്ഠ മഹാ പുരോഹിതനും അന്തിയോക്യ പാത്രിയാർക്കിസിൻമാരിൽ ഉന്നതനും പണ്ഡിതനും സുപ്രസിദ്ധ ചരിത്രകാരനും അനശ്വര നാമമുള്ളവനും മഹത്വ സത്യാന്വേഷകനും”. മാത്രമല്ല മിഖായേൽ റാബോയുടെ ബഹുമാന്യ നാമം ലോകത്തിലെ ചരിത്രകാരന്മാർ ആദരിക്കുന്നതിന് കാരണങ്ങൾ ഉണ്ട് സൃഷ്ടിയുടെ ആരംഭം മുതൽ 1193 വരെ യുള്ള ദിനവൃത്താന്തങ്ങൾ എഴുതുക വഴി തലമുറകളുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അതിനാൽ ചരിത്രം അദ്ദേഹത്തെ great man എന്ന് വിശേഷിപ്പിക്കുന്നു സുറിയാനി സഭ പണ്ഡിത ശ്രേഷ്ഠനായ ഈ പിതാവിന്റെ ഓർമ നവംബർ 7 ന് ഭക്തിയോടെ ആചരിക്കുന്നു
അവലംബം- “സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും” by Dr Mani Rajan Corepiscopo (http://rajanachen.com/)
&
Wikipedia