നവീന വിഭാഗങ്ങള്‍ സഭയുടെ എല്ലാ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ഒരു അവസ്ഥ ഇന്നു നമ്മുക്ക് കാണാം. വിശ്വാസികളെ ആശയക്കുഴപ്പത്തില്‍ ആക്കാന്‍ അവര്‍ അനവധി ചോദ്യങ്ങള്‍ ചോദിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. കുമ്പസാരം ബൈബിള്‍ പറഞ്ഞിട്ടില്ല , വേദ വിപരീതം ആണ്! പാപം മോചിക്കാന്‍ പട്ടക്കാരനു ആര് അധികാരം കൊടുത്തു? പാപിയായ മനുഷ്യന് പാപങ്ങള്‍ മോചിക്കാന്‍ അധികാരം ഉണ്ടോ? തുടങ്ങിയ അനവധി വാദങ്ങള്‍… അങ്ങനെ ഒരവസ്ഥയില്‍ വി.കുമ്പസാരം എന്ന ശ്രേഷ്ഠമായ ശുശ്രൂഷയെ നമ്മള്‍ ആഴത്തില്‍ മനസ്സിലക്കണ്ടതും, ഇതിന്‍റെ വേദപുസ്തക അടിസ്ഥാനം മനസ്സിലാക്കണ്ടതും അനിവാര്യമാണ്; പ്രത്യേകിച്ചും പലരും ഈ വിശ്വാസത്തെയും അതിന്‍റെ ആധികാരികതയെയും വളരെ അധികം ചോദ്യം ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍ .
ആദ്യമായി നമുക്ക് നോക്കാം അനുതാപത്തിലൂടെ പാപ മോചനവും കടങ്ങളുടെ പരിഹാരവും സാധ്യമാണോ എന്ന്? 1യോഹന്നാന്‍ 1:9 ഇപ്രകാരം പറയുന്നു “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” അനുതാപത്തിലൂടെ പാപങ്ങളുടെ ഏറ്റു പറച്ചിലിലൂടെ പാപമോചനം സാധ്യമാണെന്ന് അപ്പോസ്തോലന്‍ പറഞ്ഞിരിക്കുന്നു. പാപങ്ങളുടെ ഏറ്റുപറചിലിനെ ബൈബിള്‍ എങ്ങനെ ആണ് പറഞ്ഞിരിക്കുന്നത്? എങ്ങനാണ് പാപമോചനവും കടങ്ങളുടെ പരിഹാരവും? നമുക്ക് വേദ പുസ്തക അടിസ്ഥാനത്തില്‍ നോക്കാം
കുമ്പസാരം എന്നത് വേദപുസ്തക അടിസ്ഥാനത്തിലോ ?
പുതിയ നിയമവും പഴയ നിയമവും ഒരു പോലെ പാപങ്ങളുടെ ഏറ്റു പറച്ചില്‍ പല ഭാഗങ്ങളില്‍ പലപ്രാവശ്യം നിഷ്കര്‍ഷിക്കുന്നുണ്ട്. ഇങ്ങനെ വേദപുസ്തകം വ്യക്തമായി പറയുന്നത് തള്ളിപറയണ്ടതിന്‍റെ ആവശ്യം എന്താണ്? തീര്‍ച്ചയായും അവര്‍ നില്‍ക്കുന്ന വേദ വിപരീതത്തിന്‍റെ ബാക്കി മാത്രമായെ അതിനെ കാണാന്‍ കഴിയുകയുള്ളൂ!
കുമ്പസാരത്തെകുറിച്ച് അല്പം ആഴത്തില്‍ തന്നെ നമ്മുക്ക് ചിന്തിക്കാം. വിശുദ്ധ വേദ പുസ്തകം അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ പ്രാധാനമായും നാലു തരത്തിലുള്ള പാപത്തിന്‍റെ ഏറ്റു പറച്ചില്‍ നമുക്ക് കാണാന്‍ സാധിക്കും
1. ദൈവത്തോട് നേരിട്ടുള്ള ഏറ്റു പറച്ചില്‍
2. പാപം ആരോട് ചെയ്യുന്നുവോ അയാളോടുള്ള ഏറ്റു പറച്ചില്‍
3. ഒരു സ്വയം വിചാരണയും സ്വയം ഏറ്റു പറച്ചിലും
4. ഒരു പുരോഹിതനോടോ ദൈവത്താല്‍ നിയമിക്കപെട്ട ഒരു വ്യക്തിയോടോ ഉള്ള ഏറ്റു പറച്ചില്‍
ഇവയെ ഓരോന്നായി നമ്മുക്ക് പരിശോദിക്കാം
1.ദൈവത്തോട് നേരിട്ടുള്ള ഏറ്റു പറച്ചില്‍
സങ്കീര്‍ത്തനങ്ങള്‍ 51-ആം അദ്ധ്യായം ദാവീദു രാജാവ് സ്വന്തം പാപങ്ങളെ ഓര്‍ത്ത് ദൈവത്തോട് വിലപിക്കുന്നുണ്ട്. ഇവിടെ നമുക്കു ദൈവത്തോട് നേരിട്ടുള്ള ഏറ്റു പറച്ചില്‍ വളരെ വ്യക്തമായി കാണാന്‍ സാധിക്കും.
അതുപോലെ തന്നെ ദാനിയേലിന്‍റെ പുസ്തകം 9: 4-5 വാക്യങ്ങളില്‍ യിരമ്യാ പ്രവാചകന് ഉണ്ടായ അരുളപ്പാട് പ്രകാരം ദാനിയേല്‍നേരിട്ട് ദൈവത്തോട് അനുതപിചു പാപങ്ങളെ ഏറ്റു പറയുന്നത് കാണാം.
2.പാപം ആരോട് ചെയ്യുന്നുവോ അയാളോടുള്ള ഏറ്റു പറച്ചില്‍
പുതിയ നിയമത്തില്‍ മത്തായിയുടെ സുവിശേഷം 5:23-24 വാക്യങ്ങളില്‍ , സഹോദരനോട് ചെയ്ത പാപങ്ങള്‍ അവനോടു തന്നെ നിരക്കണം എന്ന് നമ്മുടെ കര്‍ത്താവ് പറയുന്നതായി നമ്മുക്ക് കാണാം.
അതുപോലെ ലൂക്കോസിന്‍റെ സുവിശേഷം 17:3-4 വാക്യങ്ങളില്‍ സഹോദരന്‍ നിന്നോട് പാപം ചെയ്തിട്ട് നിന്നൊരു നിരപ്പ് യാചിച്ചാല്‍ നിരക്കണം (ക്ഷമിക്കണം) എന്ന് ഓര്‍പ്പിക്കുന്നു.
3.ഒരു സ്വയം വിചാരണയും സ്വയം ഏറ്റു പറച്ചിലും
പുതിയ നിയമത്തില്‍ ലൂക്കോസിന്‍റെ സുവിശേഷം 15:17-18 വാക്യങ്ങളില്‍ ഉപമയില്‍ കൂടെ കര്‍ത്താവ് മുടിയനായ പുത്രന്‍റെ സ്വയം വിചാരണയും ഏറ്റു പറച്ചിലും നമ്മുക്ക് വെളിപ്പെടുത്തി തരുന്നു.
4.ഒരു പുരോഹിതനോടോ ദൈവത്താല്‍ നിയമിക്കപെട്ട ഒരു വ്യക്തിയോടോ ഉള്ള ഏറ്റു പറച്ചില്‍
ലെവ്യാ പുസ്തകം 5:5-6 വാക്യങ്ങള്‍ പാപം ഏറ്റുപറയുന്നതും പഴയ നിയമ വിധിപ്രകാരം പാപമോചനം പുരോഹിതന്‍ കഴിക്കുന്നതും നമുക്ക് കാണിച്ചു തരുന്നു.
സംഖ്യാ പുസ്തകം 5:6-7 വാക്യങ്ങള്‍ പാപം ചെയ്തവന്‍ കുറ്റം ഏറ്റു പറയണം എന്നത് നമ്മുക്ക് കാണിച്ചു തരുന്നു
2ശമുവേല്‍ 12:13 മറ്റൊരു ഉത്തമ ഉദാഹരണം ആണ് “ദാവീദ് നാഥാനോടു: ഞാന്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാന്‍ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല” ദാവീദു ദൈവ സന്നിധിയില്‍ നഥാനോട് പാപങ്ങള്‍ ഏറ്റു പറയുന്നതും, പാപം മോചിക്കപ്പെടുന്നതും നമുക്ക് ഈ വാക്യങ്ങളില്‍ കാണാം
മത്തായി 3:6 ഇല്‍ പാപങ്ങളെ ഏറ്റു പറഞ്ഞുകൊണ്ട് അവനാല്‍ സ്നാനം ഏറ്റു എന്ന് നമ്മുക്ക് കാണാന്‍ സാധിക്കും. “തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര്‍ദ്ദാന്‍ നദിയില്‍ അവനാല്‍ സ്നാനം ഏറ്റു.”
മത്തായി 16:19 ഇല്‍ നമ്മുടെ കര്‍ത്താവ് പാപ മോചന അധികാരം ശിഷ്യന്മാര്‍ക്ക് കൊടുക്കുന്നതായി നമ്മുക്ക് കാണാം. മത്തായി 18:18 ഇതേ അധികാരത്തെപ്പറ്റി കര്‍ത്താവ് അവരോടു വീണ്ടും പറയുന്നതായി നമ്മുക്ക് കാണാം. യോഹന്നാന്‍ 20:22-23 പാപ മോചനത്തിനുള്ള അധികാരം ശിഷ്യന്മാര്‍ക്ക് പ. റൂഹായാല്‍ നല്‍കി എന്ന് ഇതില്‍പരം എന്ത് തെളിവാണ് നമുക്ക് വേണ്ടത് ?
അപ്പോസ്തോല പ്രവര്‍ത്തികള്‍ 19:18 ഇല്‍ വിശ്വസിച്ചു സഭയോട് ചേര്‍ന്നവര്‍ പാപങ്ങള്‍ ഏറ്റു പറഞ്ഞു എന്നുള്ളതും നമ്മുക്ക് കാണാന്‍ സാധിക്കും “വിശ്വസിച്ചവരില്‍ അനേകരും വന്നു തങ്ങളുടെ പ്രവര്‍ത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു“. വിശ്വാസം സ്വീകരിച്ചവര്‍ ഏറ്റവും ആദ്യം ചെയ്ത കര്‍മ്മങ്ങളില്‍ ഒന്നായിരുന്നു അത്
യോശുവാ 7:19 ഇല്‍ ആഖാന്‍ ദൈവ സന്നിധിയില്‍ യോശുവയോടു ഏറ്റു പറയുന്നത് നമ്മുക്ക് കാണാം “യോശുവ ആഖാനോടു: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവെക്കു മഹത്വം കൊടുത്തു അവനോടു ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു” എന്ത് കൊണ്ടാണ് യോശുവയോടു ഏറ്റു പറയുന്നത് ? പെന്തെകൊസ്ത് വിശ്വാസികള്‍ പറയുന്ന പോലെ ആണെങ്കില്‍ ദൈവസന്നിധിയില്‍ നേരിട്ട് ഏറ്റു പറഞ്ഞാല്‍ പോരാരുന്നോ ?
യാക്കോബ് 5:16 “എന്നാല്‍ നിങ്ങള്‍ക്കു രോഗശാന്തി വരേണ്ടതിന്നു തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിന്‍. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു.”
ഇനിയും അനേകം ഉദാഹരങ്ങള്‍ ബൈബിള്‍ തന്നെ ഉണ്ട് . അവയില്‍ ചുരുക്കം ചിലതുമാത്രമാണിത്. വിസ്താരഭയംമൂലം അവ എല്ലാം വിശദീകരിക്കുന്നില്ല. ഈ ചുരുങ്ങിയ ഉദാഹരണങ്ങളില്‍ നിന്ന് തന്നെ നമുക്ക് നിസ്സംശയം മനസ്സിലാക്കാം അനുതാപം എന്നത്, പാപങ്ങളുടെ ഏറ്റുപറച്ചില്‍ എന്നത് കുമ്പസാരം എന്നത് തള്ളിക്കളയുന്നവര്‍ വേദ വിപരീതികളും അവിശ്വാസികളും ആണ്.
പാപമോചന അധികാരം പട്ടക്കാര്‍ക്ക് ഉണ്ടോ ?
പാപമോചനം ആര്‍ക്കു? ചില വേദ ഭാഗങ്ങള്‍ നമുക്ക് ഒന്ന് ശ്രദ്ധിക്കാം.
1. മത്തായി 16:19 : “സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും”എന്നു ഉത്തരം പറഞ്ഞു. ഇവിടെ പത്രോസിനോട് നമ്മുടെ കര്‍ത്താവ് പറയുന്നതാണ് ഈ ഭാഗം
2. മത്തായി 18:18 “നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” തന്‍റെ ശിഷ്യന്മാരെ ആശീര്‍വദിച്ചു സുവിശേഷത്തിനായി അയക്കുമ്പോ കര്‍ത്താവ് അവര്‍ക്ക് നല്‍കിയ വാഗ്ദാനം ആണിത്
3. യോഹന്നാന്‍ 20:22-23 “ഇങ്ങനെ പറഞ്ഞശേഷം അവന്‍ അവരുടെമേല്‍ ഊതി അവരോടു:പരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍ . ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.“. ഇതില്‍ പരം വേറൊരു തെളിവിന്‍റെ ആവശ്യം ഉണ്ടോ ? “നിങ്ങള്‍ മോചിക്കുന്നുവോ ” എന്ന് പറയുന്നതുകൊണ്ട് പാപം മോചിക്കുന്നത് ആരാണെന്ന് വ്യക്തമാണ്. അപ്പോസ്തോലന്മാര്‍ ഈ അധികാരം കൈവെപ്പിലൂടെ തലമുറകളായി കൈമാറി.
ഈ ഭാഗങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണം നല്കണ്ട ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല
4. കുമ്പസാരത്തെയും പാപമോചനത്തെയും പറ്റി പറയുമ്പോള്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വേദഭാഗം ആണ് 2 കൊരിന്ത്യര്‍ 5:17-20 വാക്യങ്ങള്‍ . ഈ ഭാഗങ്ങള്‍ നമ്മുക്ക് ഒന്ന് നോക്കാം “അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതന്‍; അവന്‍ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്‍റെ ശുശ്രൂഷ ഞങ്ങള്‍ക്കു തന്നിരിക്കുന്നു.” 18-ആം വാക്യത്തില്‍ അപ്പോസ്തോലന്‍ പറയുന്നു നിരപ്പിന്‍റെ ശുശ്രൂഷ (പാപമോചനം ) അവര്‍ക്ക് കൊടുക്കപെട്ടിരിക്കുന്നു എന്ന് . അതേ പോലെ 19-ആം വാക്യം ഇപ്രകാരം പറയുന്നു “ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊള്‍വിന്‍ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു” . ഈ അവസരത്തില്‍ 1കൊരിന്ത്യര്‍ 5:1-5 വരെ ഉള്ള വാക്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം അവിടെ അപ്പോസ്തോലന്‍ സ്വന്തം മാതാവിന് ഒപ്പം ശയിച്ച ഒരുവനെ വിധിക്കുന്നു . എന്നാല്‍ ഈ ഭാഗത്ത് പാപമോചനം നല്‍കുന്നത് വെളിപ്പെടുത്തുന്നു . ഇവിടെ രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയം ആണ് . ഒരിടത്ത് പാപിയെ വിധിക്കുന്നു മറ്റൊരിടത്ത് പാപമോചന അധികാരം തങ്ങള്‍ക്കുണ്ട് എന്ന് പ്രസ്താവിക്കുന്നു .
അത് പോലെ അപ്പോസ്തോലന്‍ ഈ ഭാഗങ്ങളില്‍ പറയുകയാണ്
1. ഞങ്ങള്‍ ക്രിസ്തുവിന്‍റെ സ്ഥാനപതികള്‍ ആണ്
2. ഞങ്ങള്‍ ക്രിസ്തുവിനു പകരം ആണ് പറയുന്നത് (അതായത് ക്രിസ്തുവിനാല്‍ തന്നെ)
ക്രിസ്തുവിന്‍റെ സ്ഥാനാധിപതികള്‍ ആയി ആയി ക്രിസ്തു മുഖാന്തരം തന്നെ ആണ് അവര്‍ നിരപ്പിന്‍റെ ശുശ്രൂഷ കഴിക്കുന്നത് എന്ന് ഈ വാക്യങ്ങളാല്‍ വ്യക്തം ആണ്. ഇനി 2 കൊരിന്ത്യര്‍ 2:10 നമ്മുക്ക് ഒന്ന് പരിശോധിക്കാം “നിങ്ങള്‍ ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു. ഞാന്‍ തന്നെയും ആരോട് ക്ഷമിച്ചുവോ അത് നിങ്ങള്‍ നിമിത്തം മശിഹായുടെ പ്രതിപുരുഷ സ്ഥാനത്തിലാകുന്നു “. അതെ അപ്പോസ്തോലന്‍ പാപങ്ങള്‍ ക്ഷമിക്കുന്നത് മശിഹായുടെ പ്രതിപുരുഷ സ്ഥാനത്ത് നിന്നുകൊണ്ടാണ്. ഇത് തന്നെയാണ് പരിശുദ്ധ റൂഹായാല്‍ നമ്മുടെ സഭയിലും നടക്കുന്നത്. അപ്പോസ്തോലന്‍ പറഞ്ഞ സഭയിലെ ക്രിസ്തുവിന്‍റെ സ്ഥാനാതിപതികള്‍/പ്രതിപുരുഷന്മാര്‍ ആണ് വൈദീകര്‍. സഭയിലെ ശുശ്രൂഷകള്‍ അവരാല്‍ നടത്തപെടുന്നു. നിരപ്പിന്‍റെ ശുശ്രൂഷ വചന അടിസ്ഥാനത്തില്‍ അവരാല്‍ നടത്തപെടുന്നു. സഭയില്‍ കുമ്പസാരവും പാപമോചനവും ക്രിസ്തുവിലൂടെ, അവന്‍റെ സ്ഥാനതിപതികളായ വൈദീകരിലൂടെ നടത്തപെടുന്നു. കുമ്പസാരം ബൈബിള്‍ അടിസ്ഥാനപ്പെടുത്തിയാണ് എന്നതില്‍ ഇനി അവിശ്വസിക്കണ്ട കാര്യമുണ്ടോ? പ്രിയ മുള്ളവരെ നമ്മുടെ വിശ്വാസം ശരിയാണ് അതില്‍ അടി ഉറച്ചു വിശ്വസിക്കുക. ഈ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്. നമ്മുടെ കര്‍ത്താവ് പാപമോചന അധികാരം തന്‍റെ ശിഷ്യന്മാര്‍ക്ക് നല്‍കി, അവരാല്‍ അത് ലോകമെന്പാടും ലഭിച്ചു . മറിച്ചുള്ള വേദ വിപരീതങ്ങളെ നിശ്ശേഷം തള്ളിക്കളയുക.
യോശുവാ 7:19 ഒന്ന് കൂടെ ശ്രദ്ധയില്‍ പെടുത്തുന്നു എന്തിനു ദൈവ സന്നിധിയില്‍ ഒന്നും മറച്ചു വയ്ക്കാതെ എല്ലാം തന്നോട് പറയാന്‍ യോശുവാ ആഖാനോട് ആവശ്യപെട്ടത് ? എന്ത് കൊണ്ടാണ് ദൈവ സന്നിധിയില്‍ നേരിട്ട് ആഖാന്‍ പറയാതിരുന്നത് ?. അതെ പോലെ 2 കൊരിന്ത്യര്‍ പറയുന്നത് പോലെ എന്തിനാണ് ദൈവത്തിനു സ്ഥാനാപതികള്‍? . അതെ പ്രിയ മുള്ളവരെ വചനം അനുസരിച്ച് മാത്രമാണ് നമ്മുടെ സഭയില്‍ വിശുദ്ധ കുമ്പസാരം നടക്കുന്നത്.
യൂദാ പുരോഹിതന്മാരുടെ അടുക്കല്‍ പാപം ഏറ്റു പറഞ്ഞു; എന്നാല്‍ അവര്‍ പാപം മോചിച്ചില്ലല്ലോ!
“അവനെ ശിക്ഷക്കു വിധിച്ചുവെന്ന് അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു. അനുതപിച്ചു ആ 30 വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കിക്കൊണ്ടുവന്നു. ഞാന്‍ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അത് ഞങ്ങള്‍ക്ക് എന്ത്? നീ തന്നെ നോക്കിക്കൊള്‍ക എന്ന് അവര്‍ പറഞ്ഞു. അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു. ചെന്ന് കെട്ടിഞാന്നു ചത്തു കളഞ്ഞു.” (മത്താ. 27:3-5). ഇവിടെ യൂദാ പുരോഹിതന്മാരോടു പാപം ഏറ്റു പറഞ്ഞിട്ടും അവര്‍ പാപം മോചിച്ചില്ല എന്നതാണ് കുമ്പസാര വിരോധികള്‍ കണ്ടെത്തുന്ന ന്യായം! ശ്രദ്ധിക്കുക, ഇവിടെ പുരോഹിതന്മാര്‍ എല്ലാം യഹൂദന്മാര്‍ ആണ്. യഹൂദ പുരോഹിതര്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍ അല്ല, അവര്‍ക്ക് പാപമോചന അധികാരവും നല്കപ്പെട്ടിട്ടില്ല. ആയതുകൊണ്ട് അവര്‍ പാപം മോചിക്കുകയുമില്ല. പാപമോചന അധികാരം പൂര്‍ണതയോടെ നല്‍കപ്പെടുന്നത് ക്രിസ്തുവിന്റെ പുനരുധാനതിനു ശേഷമാണ്.
കുമ്പസാരം ഒരു കൌണ്‍സലിംഗ്
കുമ്പസാരം ഒരു കൌണ്‍സലിംഗ് വേദി കൂടിയാണ്. ചെയ്തുപോയ പാപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗങ്ങളെക്കുരിച്ചും ചെയ്ത തെറ്റിനെക്കുറിച്ചുള്ള കുറ്റബോധത്തില്‍ നിന്ന് വിമുക്തരാകാനും നല്ല ഉപദേശങ്ങള്‍ വൈദീകന്‍ നല്‍കുന്നു. കുമ്പസാരിക്കുന്ന വിശ്വാസികള്‍ക്ക് മാനസീക സംഘര്‍ഷം കുറയുന്നു എന്ന് നിരവധി ആധികാരിക മന:ശാസ്ത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. കുമ്പസാരം ഇല്ലാത്തതുകൊണ്ടാണ് യാതൊരു പാപബോധവുമില്ലാതെ പലരും ലൈംഗിക ആരാജകത്വത്തിലും മദ്യപാനത്തിലും അധികാര മോഹത്തിലും ആഡംബരത്തിലും ആജീവനാന്തം കഴിച്ചു കൂട്ടുന്നത്. നവീന വിഭാഗങ്ങൾ കുമ്പസാരത്തെ അംഗീകരിക്കാതിരുക്കുമ്പോൾ നിരവധി വിഭാഗങ്ങൾ സഭയില്‍ “ബൈബിളില്‍ ഇല്ലാത്ത” കൌണ്‍സലിംഗ് നടത്തി വരുന്നതായും കാണാം.
ഉപസംഹാരം
വി. കുമ്പസാരം എന്നത് പഴയ നിയമ കാലം മുതൽ പിന്തുടർന്നു പോരുന്ന ഒന്നാണ് അതുപോലെ തന്നെ വചന അടിസ്ഥാനത്തില്‍ നടക്കുന്ന ഒരു ശ്രേഷ്ഠമായ കൂദാശ ആണ് എന്ന് മേല്‍പറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ നമ്മുക്ക് നിസ്സംശയം പറയാം. അവിടെ നമ്മള്‍ പാപങ്ങള്‍ ഏറ്റുപറയുന്നത് തന്‍റെ സ്ഥാനപതികള്‍ ആയ വൈദീകരുടെ മുന്‍പില്‍ ആണ്. പാപമോചന അധികാരം നമ്മുടെ കര്‍ത്താവില്‍ നിന്ന് ശ്ലീഹന്മാരും അവരില്‍ നിന്ന് പ്രധാനാചാര്യന്മാരും ഏറ്റു. ദൈവത്തിന്‍റെ സ്ഥാനപതികള്‍ആയ വൈദീകരാല്‍ അത് നമ്മുടെ സഭയില്‍ നടക്കുന്നു. വേദ വിപരീതികളുടെ വിശ്വാസ വിപരീതത്തെ നമുക്ക് നിസ്സംശയം തള്ളികളയാം. ദൈവ സന്നിധിയില്‍ നിരപ്പിനായി യാചിക്കാം….