സന്യാസ ശ്രേഷ്ഠനായ മാർ യൂഹാനോൻ ബെർ അഫ്ത്തുനിയ

ഉറഹായിലെ ദയറാകാരിൽ പ്രധാനിയായ യൂഹാനോൻ അഫ്‌ത്തുനിയ 483-ൽ  ഉറഹാ അഥവാ എഡേസ്സയിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട ഇദ്ദേഹം മാതാവായ അഫ്‌ത്തുനിയയുടെ ശിക്ഷണത്തിൽ ഒരു ദൈവ ഭക്തനായി വളർന്നു.എല്ലായിപ്പോഴും ദേവാലയത്തിൽ പോകുന്നതിലും പ്രാർഥിക്കുന്നതിലും താല്പര്യമുള്ള യുഹാനോനെ ദൈവ സന്നിധിയിൽ സഭക്ക് സമർപ്പിക്കുവാൻ മാതാവായ അഫ്‌ത്തുനിയ തീരുമാനിച്ചു.

ഉറഹാ – പരിശുദ്ധ പിതാവിന്റെ ജന്മസ്ഥലം

15 വയസുള്ളപ്പോൾ യൂഹാനോനെ അന്നത്തെ അന്തിയോക്യ പാത്രിയാർക്കീസ് ആയിരുന്ന പലാദിയോസ് (bladius) ബാവായുടെ ശുപാർശയോടെ അഫ്‌ത്തുനിയ മാർ തോമ ശ്ലീഹയുടെ ദയറായിലേക്ക് കൊണ്ട് പോയി. ദയറാധിപൻ രേഖകൾ പരിശോധിച്ച ശേഷം അഫ്‌ത്തുനിയയോട് പറഞ്ഞു “നിന്റെ മകന് പ്രായകുറവായത് കൊണ്ട് ദയറായിൽ സ്വീകരിപ്പാൻ നിവൃത്തിയില്ല” അതിന് മറുപടിയായി അഫ്‌ത്തുനിയ “പിതാവേ കുഞ്ഞിന് പ്രായമാകുന്നവരെ ഞാൻ കാത്തിരുന്നില്ല എന്തെന്നാൽ എന്റെ വഴിപാടിനെ ലോകം അശുദ്ധമാക്കുമെന്ന് ഞാൻ ഭയപ്പെട്ടു ഞാൻ അർപ്പിക്കുന്ന ഈ വഴിപാട് കുറവുള്ളതാണെങ്കിൽ ഒരു മാതാവിന് കുട്ടിയുടെ നന്മയെ പ്രതിയുള്ള ആഗ്രഹം അതിനെ പരിഹരിക്കട്ടെ അത് കൊണ്ട് പിതാവേ എന്റെ ഈ പൈതലിനെ പുരോഹിതനായ ഏലി ശമുവേലിനെ സ്വീകരിച്ചത് പോലെ സ്വീകരിക്കണമേ” എന്നു പറഞ്ഞു. ദയറാധിപൻ ഉത്തരമായി പിതാകന്മാരുടെ നിയമം തനിക്ക് തെറ്റിക്കാനാകില്ല എന്ന് പറഞ്ഞു.

സമയം ഏറെ വൈകിയത് കൊണ്ട് അഫ്‌ത്തുനിയയും യുഹാനോനും അന്ന് ദയറായിൽ തങ്ങി.  ആ രാത്രിയിൽ ദയറാധിപന്റെ സ്വപ്നത്തിൽ മാർത്തോമാ ശ്ലീഹ വരുകയും യുഹാനോനെ സ്വീകരിക്കുക അത് കൊണ്ട് നന്മയെ ഉണ്ടാവു എന്ന് കല്പിക്കുകയും ചെയ്തു. പിറ്റേന്ന് ദയറാധിപൻ യുഹാനോനെ ദയറായിലേക്ക് സ്വീകരിച്ചു. 7 കൊല്ലകാലം യൂഹാനോൻ വാതിൽ കാവൽകാരനായി സേവനം അനുഷ്ടിച്ചു 22 മത്തെ വയസിൽ യൂഹാനോൻ സന്യാസിയായി. അദ്ദേഹം മരപ്പണി പഠിച്ചു പ്രാർഥന നോമ്പ് ഉപവാസം ജാഗരണം വിശുദ്ധ ഗ്രന്ഥ പാരായണം മറ്റുള്ളവരെ സേവിക്കുക എന്നിങ്ങനെ ഒരു ഉത്തമ ദയറാകാരനും താപസിയുമായി മാറി. മാർ യൂഹാനോൻ മാതാവിന്റെ  കാല ശേഷം അദ്ദേഹത്തിന്  ലഭിച്ച സ്വത്തുകൾ ദരിദ്രർക്ക് ദാനം ചെയ്തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു “വിശപ്പുള്ളവരും മുട്ടുള്ളവരുമുള്ളപ്പോൾ ഞാൻ എന്റെ കൈയിൽ പണം സൂക്ഷിപ്പാൻ ഇടയാകരുതേ”.   യൂഹാനോൻ പിന്നീട് ദയറാധിപനായി ജസ്റ്റിൻ1-മന്റെ (521) കാലത്ത് അദ്ദേഹം ദയറാ ഭരിച്ചു. അദേഹത്തിന്റെ പ്രാർഥന മൂലം അനേകർക്ക് അനുഗ്രഹങ്ങൾ ലഭിച്ചു. കൽക്കിദുന്യ പീഡയുടെ കാലത്ത് അദ്ദേഹം കെന്നശ്രീനിൽ ഒരു ദയറാ സ്ഥാപിച്ചു ഈ ദയറാ ബെർ അഫ്‌തുനിയയുടെ ദയറാ അഥവാ കെന്നശ്രീൻ ദയറാ എന്നറിയപ്പെടുന്നു. ഈ ദയറാ അനേക വിശുദ്ധ പിതാക്കന്മാർക്ക് ജന്മം നൽകിട്ടുണ്ട്.

മാർ യൂഹാനോൻ ഒരു സന്ന്യാസി മാത്രമല്ല നല്ലൊരു ഗ്രന്ഥകാരൻ കൂടിയായിരുന്നു. ഉത്തമ ഗീതത്തിന്റ വ്യാഖ്യാനം, കർത്താവിന്റ അത്ഭുതങ്ങളെ കുറിച്ച് 5 മദറോശോകൾ, കാൽകഴുകൽ ശ്രശ്രുഷക്കുപയോഗിക്കുന്ന ഒരു സുഗിസോ, രക്ഷാകരമായ ജനനം ഉയിർപ്പ് എന്നിവയെ സംബന്ധിച്ച് 9 മദറോശോകൾ, കബറടക്ക സമയത്തുപയോഗിക്കുന്ന 1 മദറോശോ, മാർ സേവേറിയോസ് ബാവയെ പറ്റി 3 മദ്റോശോകൾ, എന്നിവ അദ്ദേഹം രചിച്ചതാണ്. തന്റെ പിൻഗാമിയായി മാർ അലക്സാന്ത്രയോസിനെ മാർ യൂഹാനോൻ നിയമിച്ചു. താപസ ശ്രേഷ്ഠനായ പിതാവ്  538 നവംബർ 8 ന് കാലം ചെയ്ത് കബറടക്കപ്പെട്ടു. പരിശുദ്ധ സഭ മാർ യൂഹാനോൻ ബെർ അഫ്‌ത്തുനിയയുടെ ഓർമ നവംബർ 8 ന് ആചരിക്കുന്നു

അവലംബം- സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും by  Dr Mani Rajan Corepiscopo  (http://rajanachen.com/)

&

Wikipedia