ക്രൈസ്തവ പൌരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ

കഴിഞ്ഞ നൂറ്റാണ്ടിൽ 1907-നു ശേഷം ഉടലെടുത്ത പല നൂതന സഭകളുടെയും ആവീര്‍ഭാവത്തിനു ശേഷം പൌരോഹിത്യത്തെ പറ്റി പരിശുദ്ധ സഭയില്‍ അനേകം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു ഈ സംശയങ്ങളെ വേദ പുസ്തക അടിസ്ഥാനത്തില്‍ നമുക്ക് പരിശോധിക്കാം.

എല്ലാരും പുരോഹിതന്മാരോ?

ഇന്നത്തെ സമൂഹത്തിൽ പ്രൊട്ടെസ്റ്റണ്ട്  വിഭാഗങ്ങൾ വേർതിരിച്ചൊരു പൌരോഹിത്യം ഇല്ല എന്നു വാദിക്കുന്നവരാണ് അതിനായി അവർ പ്രധാനമായും എടുത്തു കാണിക്കുന്ന വേദഭാഗം 1 പത്രോസ് 2:9 ആണ് “തെരഞ്ഞെടുക്കപെട്ട ഒരു ജാതിയും രാജകീയപുരോഹിത വര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്ത ജനവും ആകുന്നു”. ഈ വേദഭാഗപ്രകാരം അവർ പറയുന്നത് എല്ലാ ക്രിസ്ത്യാനികളും പുരോഹിതരാണ് അതിനാൽ ക്രിസ്ത്യാനികളിൽ നിന്നു ചിലരെ പുരോഹിതർ ആയി എടുത്തു കാണിക്കുന്നത് തെറ്റായ വിശ്വാസമാണെന്നും അവർ പറയുന്നു. പക്ഷേ ബൈബിൾ ശരിക്കും ഒന്നു പരിശോധിച്ചാൽ ഈ പറയുന്ന വാക്കുകളിലെ പതിര് ആർക്കും വേർതിരിച്ചെടുക്കാവുന്നതെ ഉള്ളൂ. സമാനമായ ഒരു വേദഭാഗം നമ്മുക്ക് പഴയ നിയമത്തിലും കാണാം.

പഴയനിയമ പ്രകാരം ഇസ്രായേല്‍ മുഴുവന്‍ പുരോഹിത വര്‍ഗ്ഗം ആണ്. “നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.”(പുറ19:6). ഈ വേദഭാഗ പ്രകാരം യിസ്രായേൽ ജനത മുഴുവൻ പുരോഹിതരാണ്, പക്ഷേ എല്ലാ ഇസ്രായെല്‍ക്കാരും പുരോഹിതരല്ല, ലേവ്യ ഗോത്രം ആണ് പുരോഹിത ഗോത്രം. എന്നാല്‍ എല്ലാ ലേവ്യരും പുരോഹിതന്മാരായിരുന്നില്ല. പ്രത്യേകം കര്‍തൃസന്നിധിയില്‍ അഭിഷേകം കഴിഞ്ഞ ലേവ്യന്‍ ആയിരുന്നു പുരോഹിതന്‍.

ഈ പശ്ചാതലത്തില്‍ തന്നെ പുതിയ നിയമത്തിലെ വാക്യത്തെ നാം കാണണം 1 പത്രോസ് 2:9 “തെരഞ്ഞെടുക്കപെട്ട ഒരു ജാതിയും രാജകീയപുരോഹിത വര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്ത ജനവും ആകുന്നു.” ഇവിടെ ക്രൈസ്തവരെ രാജകീയ പുരോഹിതവര്‍ഗ്ഗം എന്നാണ് സൂചിപ്പിക്കുന്നത്. ഇതിനു പിതാക്കന്മാര്‍ 2 അര്‍ഥം തരുന്നുണ്ട്. ഒന്ന് യേശു ക്രിസ്തു രാജാവും പ്രത്യേകം നിയോഗിക്കപെട്ട പുരോഹിതന്മാരും ഉള്ള വര്‍ഗ്ഗം എന്നും, രണ്ടാമതായി നാമെല്ലാവരും പൌരോഹിത്യ ധര്‍മ്മം നിര്‍വഹിക്കുന്നവരയതുകൊണ്ട് എല്ലാവരും രാജകീയ പുരോഹിതവര്‍ഗ്ഗത്തില്‍ ഉള്‍പെടുന്നു എന്നും പിതാക്കന്മാര്‍ പഠിപ്പിക്കുന്നു. എന്താണ് പൌരോഹിത്യധര്‍മം എന്നല്ലേ? ദൈവസന്നിധിയില്‍ എല്ലാവരെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക എന്നുള്ളതാണ് പൌരോഹിത്യ ധര്‍മം. പ്രപഞ്ചത്തെയും സര്‍വ്വസൃഷ്ടികളേയും ഉള്‍പെടുത്തി അവര്‍ക്കായി പ്രാര്‍ത്ഥിക്കുക എന്നതാണ് പൌരോഹിത്യ ധര്‍മം. അതുകൂടാതെ ദൈവരാജ്യത്തില്‍ മറ്റു ജാതികള്‍ക്കു വേണ്ടി ദൈവത്തിന്റെ വേലക്കാരായി വര്‍ത്തിക്കുക. അതിനാല്‍ രാജകീയപുരോഹിത വര്‍ഗ്ഗം എന്നാല്‍ മധ്യസ്ഥതയുടെ പൌരോഹിത്യധര്‍മം ഇപ്പോഴും നിര്‍വഹിക്കുന്ന വര്‍ഗ്ഗം എന്നാണ്.

പുരോഹിതസ്ഥാനികള്‍- വിശുദ്ധഗ്രന്ഥത്തിലൂടെ

ക്രൈസ്തവസഭയില്‍ ആദിമ കാലം മുതല്‍ മൂന്നു പ്രധാന സ്ഥാനികളായിരുന്നവർ ഉണ്ടായിരുന്നു എന്നു പുതിയ നിയമത്തിൽ നിന്നു മനസ്സിലാക്കാം. പുതിയനിയമം എഴുതിയത് ഗ്രീക്ക് ഭാഷയില്‍ ആണ്.

ബിഷപ്പ്/എപ്പിസ്കോപ്പ

ഫിലി1:1“സകലവിശുദ്ധന്മാര്‍ക്കും അദ്ധ്യക്ഷന്മാര്‍ക്കും ശുശ്രുഷകന്മാര്‍ക്കും കൂടെ എഴുതുന്നത്‌” ഇവിടെ അധ്യക്ഷന്‍ എന്നാ വാക്കിന്‍റെ മൂലഭാഷ പദം (ഗ്രീക്ക്) “എപിസ്കൊപ്പോസ്” (episkopos) എന്നാണ് എന്ന് വച്ചാല്‍ ഇന്നത്തെ ബിഷപ്പ് (എപിസ്കൊപ്പ). ഇതൊരു സ്ഥാനനാമം ആയതുകൊണ്ട് മൂലഭാഷയില്‍ നിന്നും തര്‍ജ്ജിമ ചെയ്തപ്പോള്‍ അങ്ങനെ തന്നെ എഴുതേണ്ടതായിരുന്നു .

മൂപ്പൻ/കശീശ

യാകോബ് 5:14 “നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ, അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ എണ്ണപൂശി അവന്നായി പ്രാര്‍ത്ഥിക്കട്ടെ.” ഇവിടെ പറയപെടുന്ന ‘മൂപ്പന്‍’ എന്നതിന്‍റെ മൂലപദം “പ്രെസ്ബ്യുട്ടരോസ്” (presbyteros) എന്നാണ്. സുറിയാനി പദം “കശീശ” എന്നും. ഇതും സ്ഥാന നാമം തന്നെയാണ്. എണ്ണപൂശാന്‍ അധികാരം ലഭിച്ചിട്ടുള്ള (നിയോഗിക്കപെട്ടിട്ടുള്ള) പ്രേസ്ബ്യുട്ടരോസിനെ ആണ് വിളിക്കേണ്ടത്.

ശുശ്രൂഷകൻ/മ്ശംശോനോ/ഡീക്കൻ   

ഫിലിപ്പൈന്‍സ്:1:1 കാണുന്ന ശുശ്രുഷകന്‍ എന്നതിന്‍റെ മൂലപദം “ദിയക്കാനോസ്” (diakonos) എന്നാണ്. സുറിയാനിയിൽ  മ്ശംശോനോ എന്നും ഇംഗ്ലിഷ് deacon എന്നും. ഇത് മൂന്നാമത്തെ സ്ഥാന നാമം ആണ്. അപ്പൊ 6:2 -ല്‍ പറയും പോലെ ആ രാജകീയ പുരോഹിത വര്‍ഗ്ഗത്തില്‍നിന്നും മേശമേല്‍ (ത്രോണോസ്സിന്മേല്‍) ശുശ്രുഷിക്കാന്‍  പ്രത്യേകമായി നല്ല സാക്ഷ്യം ഉള്‍കൊണ്ട ഏഴു പേര് തെരഞ്ഞെടുത്തു എന്ന് നമുക്ക് കാണാന്‍ സാധിക്കും. വീണ്ടും ആറാം വാക്യത്തില്‍ നാം കാണുന്നു, അപ്പോസ്തോലന്മാര്‍ പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവച്ചാണ് ആ ശുശ്രുഷക്കായി അവരെ അവിടെ ക്രെമീകരിക്കുന്നത് എന്ന്.

പൌരോഹിത്യ  അധികാരങ്ങള്‍

2തിമോത്തി1:6ല്‍ പറയുന്നു പൌലോസിന്‍റെ കൈവെപ്പിനാല്‍ തിമോത്തിയോസ്സിനു കിട്ടിയ ദൈവത്തിന്റെ കൃപാവരം ജ്വലിപ്പികണം എന്ന്. അപ്രകാരം കൈവെപ്പിനാല്‍ ശ്ലീഹന്മാരാൽ നിയമിക്കപെട്ടവർക്ക് ശ്ലീഹന്മാര്‍ക്കുണ്ടായിരുന്ന അധികാരങ്ങളും ലഭിക്കുന്നു. ഈ അധികാരങ്ങളിൽ ഒന്നാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക എന്നത്. ലുക്കോസ് 22:19 “പിന്നെ അപ്പം എടുത്തു വാഴ്ത്തി അവര്‍ക്ക് കൊടുത്തു:ഇത് നിങ്ങള്ക്ക് വേണ്ടി നല്‍കുന്ന എന്‍റെ ശരീരം; എന്‍റെ ഓര്‍മ്മക്കായി ഇത് ചെയ്-വീൻ  എന്ന് പറഞ്ഞു”. ഈ കര്‍മ്മം വളരെ പ്രാധാന്യത്തോടെ രഹസ്യമായി ശിഷ്യന്മാരെ ഏല്‍പ്പിക്കുന്നതായി നാം കാണുന്നു അല്ലാതെ തന്നില്‍ വിശ്വസിച്ച എല്ലാവരും കേള്‍ക്കെ പരസ്യമായിട്ടല്ല ക്രിസ്തു ഈ കര്‍മം ചെയ്തത്. അതിനാല്‍ അത് അപ്പോസ്തോലന്മാരെ പ്രത്യേകമായി നിയോഗിച്ചു ക്രിസ്തു ഭരമെല്‍പ്പിച്ചു എന്ന് നാം മനസ്സിലാക്കണം.

യോഹന്നാന്‍20:23 “ആരുടെ പാപങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്ക് മോചിക്കപെട്ടിരിക്കുന്നു ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്ക് നിര്‍ത്തപെട്ടിരിക്കുന്നു” ഇതും ക്രിസ്തു ശ്ലീഹന്മാരെ മാത്രമായി ഭരമെല്പ്പിക്കുന്ന ഒരു അധികാരമാണ് അല്ലാതെ തന്നില്‍ വിശ്വസിച്ച എല്ലാവരോടും ആയി പരസ്യമായി വിളിച്ചു പറഞ്ഞില്ല. അതായത് എല്ലാവര്‍ക്കും ക്രിസ്തു പ്രത്യക ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നു. അതിനായി ചിലരെ തെരഞ്ഞെടുത്തു നിയോഗിക്കുന്നു. പ്രത്യേക ശുശ്രുഷകള്‍ക്കും പ്രത്യക നല്‍വരങ്ങള്‍ ഉണ്ട് 1 കൊരിന്തി:12:29-31 “എല്ലാവരും അപ്പോസ്തോലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നവരോ? എല്ലാവര്ക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നുവോ? എല്ലാവരും വ്യാഖ്യനിക്കുന്നുവോ?”. ഈ വചനത്തിന്‍റെ അര്‍ഥം ഓരോരുത്തരെയും ഓരോ കര്‍മ്മങ്ങള്‍ക്കായി നിയോഗിക്കുന്നു എന്നുള്ളതാണ്.

പൌരോഹിത്യം ഇല്ലെന്നോ?

വെളിപ്പാട് 20:6 “അവര്‍ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതരായി ക്രിസ്തുവിനോട് കൂടെ ആയിരമാണ്ട് വാഴും” പുരോഹിതരായി ക്രിസ്തുവിനോട് കൂടെ വാഴും എന്നാണ് വാഗ്ദത്തം. അപ്പോള്‍ പൌരോഹിത്യം നിലച്ചു എന്ന് പറയുന്നത് വിശുദ്ധ വേദപുസ്തകത്തിന് തന്നെ വിപരീതമല്ലേ? പത്രോസിനോട് ആടുകളെ മേയിക്കുവിന്‍ എന്ന് കര്‍ത്താവു ആഹ്വാനം ചെയ്യുന്നതിന്‍റെ അര്‍ഥം രാജകീയപുരോഹിത വര്‍ഗ്ഗത്തില്‍ ആടുകളും ഇടയന്മാരും ഉണ്ട് എന്നല്ലേ? അല്ലാതെ എല്ലാവരും ആടുകളോ? എല്ലാവരും ഇടയന്മാരോ? അല്ല.

വെളിപ്പാടു 1:6 -”നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പൊക്കി നമ്മെ തന്‍റെ രക്തതാല്‍ വിടുവിച്ചു തന്‍റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിതീര്‍ത്തവന് എന്നന്നേക്കും മഹത്വവും ബലവും”

വെളിപാട്‌:5:10 -”ഞങ്ങളുടെ ദൈവത്തിനു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു .അവര്‍ ഭൂമിയില്‍ വാഴുന്നു എന്ന് ഒരു പുതിയ പാട്ട് അവര്‍ പാടുന്നു.”

അപ്പോള്‍ ഇവിടെയും പുരോഹിതന്മാരെ പറ്റി നമുക്ക് കാണാം. ഇനി അല്ലാതെ ചിന്തിച്ചാലും ഇന്ന് നിലവിലുള്ള എപ്പിസ്കോപ്പല്‍ സഭകളില്‍ പുരാതനമായ എല്ലാ അപ്പോസ്തോലിക സഭകളുടെയും ആദ്യ സഭാതലവന്‍ ശ്ലീഹന്മാരില്‍ ഒരാളാണ്. പ്രോട്ടസ്റ്റന്‍ട് സഭ ഉണ്ടായപ്പോള്‍ പോലും പൌരോഹിത്യതെപറ്റി യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന നൂതന വിഭാഗങ്ങളാണ് സ്വാര്‍ത്ഥ ലാഭത്തിനായി പൌരോഹിത്യത്തെ ചോദ്യം ചെയ്യുന്നത്. ഇത് വസ്തുതാവിരുദ്ധവും വേദവിപരീതവും ആണെന്നു നിസ്സംശയം പറയാം

ഉപസംഹാരം

രാജകീയ പുരോഹിത വര്‍ഗ്ഗമായ നമ്മില്‍ നിന്നും കൈവേപ്പിന്‍റെയും അഭിഷേകത്തിന്‍റെയും അടിസ്ഥാനത്തില്‍ പ്രത്യേകമായി നിയോഗിക്കപെടുന്ന പുരോഹിതന്‍ ക്രൈസ്തവസഭയില്‍ വേണം എന്നത് കര്‍ത്താവിന്‍റെ നിശ്ചയവും വചനാധിഷ്ഠിതവുമാണ്.