:
സുറിയാനി സഭ കണ്ട മികച്ച പണ്ഡിതനും വാഗ്മിയുമായിരുന്നു മാർ ഇവാനിയോസ്. നിരവധി വിഷയങ്ങളിൽ വേദ ജ്ഞാനം നിറഞ്ഞ നിരവധി പ്രസംഗങ്ങൾ ഇദ്ദേഹം പ്രസംഗിച്ചതിനാൽ ഇദ്ദേഹത്തിന് ക്രിസോസ്റ്റമോസ് അഥവാ സ്വർണ നാവുകാരൻ എന്നൊരു പേര് വിശ്വാസ സമൂഹം നൽകി. AD 347 ൽ മാർ ഇവാനിയോസ് അന്തിയോക്യ ദേശത്തിൽ സൈന്യധിപനായ സെക്കണ്ടസിന്റെയും അന്തുസ്സയുടയും പുത്രനായി ജനിച്ചു. യോഹന്നാൻ എന്നായിരുന്നു ഈ പിതാവിന്റെ ആദ്യ നാമം. ഇദ്ദേഹം തത്വ ശാസ്ത്രം, നിയമം പ്രസംഗകല എന്നിവ ലിബിയാനോസ് എന്ന വാഗ്മിയിൽ നിന്ന് പഠിച്ചു. ഇവാനിയോസ് പിതാവിന് 20 വയസുള്ളപ്പോൾ അദ്ദേഹത്തിന്റ പിതാവും പിന്നീട് മാതാവും നിര്യാതരായി.
മാതാപിതാക്കളുടെ മരണ ശേഷം തന്റെ സമ്പത്ത് ദരിദ്രർക്ക് ദാനം ചെയ്ത ശേഷം അദ്ദേഹം സന്യാസിയാവുകയും സുറിയാനി സഭയുടെ, അന്തിയോക്യയുടെ മെത്രാപോലിത്തയായിരുന്ന മിലിത്തിയോസ് (പിന്നീട് അന്തിയോക്യ പാത്രിയാർക്കീസ് ആയി) പിതാവിന്റെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചേയ്തു. അദ്ദേഹം മാർ ഇവാനിയോസിനു കോറൂയോ പട്ടം കൊടുത്തു. പ്രാർഥന, നോമ്പ്, ഉപവാസം എന്നിവയിലുടെ ആത്മീയ തീഷ്ണതയുള്ള ഒരു താപസ്വിയായി പരിശുദ്ധ പിതാവ് മാറി. AD 386 ൽ മാർ ഇവാനിയോസ് പുരോഹിതനായി, 397 ൽ പരിശുദ്ധ ഫ്ളേവിയൻ പാത്രിയാർക്കീസ് ബാവായുടെ ശിക്ഷ്യനാവുകയും അദ്ദേഹം പ്രസംഗകനാവുകയും ചെയ്തു. കുസ്തന്തിനോസ് സഭയുടെ പാത്രിയാർക്കീസ് നെക്താറിയോസ് കാലം ചെയ്‍തപ്പോൾ ആ സഭക്ക് ഒരു പിൻഗാമി ഇല്ലാതെ വന്നപ്പോൾ ആ സഭക്കാരുടെ ആവശ്യ പ്രകാരം മാർ ഇവാനിയോസ് പിതാവിനെ അവിടെ വാഴിക്കുവാൻ പരിശുദ്ധ പാത്രിയാർക്കീസ് ബാവ അനുമതി നൽകി. മാർ ഇവാനിയോസ് പിതാവിന് സ്ഥാനങ്ങളോട് താല്പര്യം ഇല്ലായിരുന്നുവെങ്കിലും അവസാനം അദ്ദേഹം സമ്മതിച്ചു. അങ്ങനെ 398ൽ അന്തിയോക്യ പാത്രിയാർക്കീസ് ബാവയുടെയും അലക്സാണ്ഡ്രിയ പാത്രിയാർക്കീസ് മാർ തെയോഫിലോസിന്റെയും കാർമികത്വത്തിൽ മാർ ഇവാനിയോസ് പിതാവിനെ കുസ്തന്തിനോസ് പാത്രിയാർക്കീസ് ആയി വാഴിച്ചു.
മാർ ഇവാനിയോസ് വേദ തത്വങ്ങളിൽ മാത്രമല്ല സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന വേദവിപരീതങ്ങൾക്കും അനീതിക്കും അധർമ്മത്തിനും അന്യായത്തിനുമെതീരെ മുഖം നോക്കാതെ ശക്തമായ ഭാഷയിൽ സംസാരിക്കുമായിരുന്നു. അതിനാൽ സഭക്കുള്ളിൽ ചില വ്യക്തികളുടെയും സഭക്ക് പുറത്തുള്ളവരുടെയും കണ്ണിലെ കരടായി അദ്ദേഹം മാറി. എന്നാൽ അദ്ദേഹത്തിന്റ വചനങ്ങൾ സമൂഹത്തിലും ജനങ്ങൾക്കിടയിലും വലിയ സ്വാധീനം ഉണ്ടാക്കി. ഇദ്ദേഹം സമ്പത്തിന്റ ദുർവിനയോഗത്തിനെതീരായി പ്രസംഗിച്ചു, വ്യക്തിപരമായ സ്വത്ത് തീർത്തും സ്വകാര്യമല്ലെന്നും വേറൊരാൾക്ക് വേണ്ടി ഭരണം നടത്താൻ വിശ്വാസത്തിന്മേൽ ഏൽപ്പിക്കപ്പെട്ട വകകളാണെന്നും, ഒരു വ്യക്തിയുടെ ആവശ്യത്തിലധികം ഉള്ളവ മറ്റുള്ളവർക്ക് കൊടുക്കണമെന്നും ഇദ്ദേഹം പ്രസംഗിച്ചു. മടിയന്മാരായ വൈദികരെ ശാസിച്ചും കുറ്റക്കാരായ മെത്രാന്മാരെ ശിക്ഷിച്ചും, ദയറാകാരെ ഗുണദോക്ഷിച്ചും, ആക്രമികളായ ഭരണാധികാരികൾ ധനികർ എന്നിവരെ എതിർത്തും അദ്ദേഹം മുന്നോട്ട് പോയി. ആഡംബര ജീവിതത്തിനെ എതിർത്തു കൊണ്ടുള്ള പ്രസംഗങ്ങൾ രാജാവിനും റാണിക്കും എതിരാണ് എന്ന് ശത്രുക്കൾ ഭരണകുടത്തെ തെറ്റി ധരിപ്പിച്ചതിനാൽ അന്നത്തെ റാണി യൂടൊക്സിയയുടെ കണ്ണിലെ കരടായി മാർ ഇവാനിയോസ് മാറി. അലക്സാണ്ഡ്രിയ പാത്രിയാർക്കീസ് മാർ തെയോഫിലോസ് പുറത്താക്കിയ വേദവിപരീതികളായ ദയറാകാർക്ക് മാർ ഇവാനിയോസ് അഭയം കൊടുത്തതിനാൽ അദ്ദേഹവും തെയോഫിലോസ് പാത്രിയാർക്കീസും തമ്മിൽ ശത്രുതയിലായി.
കിഴക്കൻ റോമാ സാമ്രാജ്യത്തിലെ രാജാവ് ആർക്കേദിയോസിന്റെ (arcadius )ഭാര്യ യുടോക്സിയ (eudoxia ) യുടെ പ്രതിമ പള്ളിക്കു സമീപം സ്ഥാപിക്കുന്നതിനെ ഇവാനിയോസ് എതിർക്കുക മാത്രമല്ല റാണിയെ ഇസ്‌ബെൽ (jezebel ) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അതിനാൽ യുടോക്സിയ മാർ ഇവാനിയോസ് പിതാവിനെതിരെ പ്രതികാരം ചെയ്യാൻ ആഗ്രഹിച്ചു. 403 ൽ ബോസ്പോറോസിലെ (bosporus ) ഓക്കിൽ (oak ) മാർ തേയോഫിലോസിന്റെ അധ്യക്ഷതയിൽ കൂടിയ സുന്നഹദോസിൽ മാർ ഇവാനിയോസ് പിതാവിനെ സ്ഥാനഭ്രഷ്ടനാക്കി. എന്നാൽ ഈ സുന്നഹദോസിൽ മാർ ഇവാനിയോസ് പങ്കെടുത്തിരുന്നില്ല, മാർ ഇവാനിയോസ് പിതാവിനെ നാട് കടത്താൻ യുടോക്സിയ ശ്രമിക്കുന്നതിനെ കുറിച്ച് പിതാവിന്റെ സുഹൃത്ത് ഒരു കത്തെഴുതി. എന്നാൽ ധീരനായ പിതാവ് ആ കത്തിന് ഇങ്ങനെ മറുപടി എഴുതി “എന്നെ നാട് കടത്തുന്നുവെങ്കിൽ കടത്തട്ടെ ഭൂമിയും അതിന്റെ നിറവും കർത്താവിന്റ അല്ലേ, എന്നെ നടുവേ അടുത്ത് കീറുന്നുവെങ്കിൽ കീറട്ടെ എനിക്ക് മാതൃകയായി ഏശായ ഉണ്ടല്ലോ, എന്നെ കടലിൽ എറിയുന്നുവെങ്കിൽ എറിയട്ടെ ഞാൻ യോനായെ സ്മരിക്കുന്നു, എന്നെ തീചുളയിൽ ഇടുന്നുവെങ്കിൽ ഇടട്ടെ ഹാനനിയ മുതലായ കുഞ്ഞുങ്ങൾ അനുഭവിച്ചത് ഞാൻ കാണുന്നു, എന്നെ മൃഗങ്ങൾക്ക് ഇട്ടു കൊടുക്കുന്നുവെങ്കിൽ കൊടുക്കട്ടെ ദാനിയേലിന്റെ സിംഹക്കുഴി ഞാൻ കാണുന്നു, എന്നെ കല്ലെറിഞ്ഞു കൊല്ലുന്നുവെങ്കിൽ കൊല്ലട്ടെ പ്രഥമ രക്ത സാക്ഷിയായ സ്തെഫാനോസിനെ എന്റെ കൺണ്മുൻപിൽ ഞാൻ കാണുന്നു, എന്റെ ശിരസ്സ് ച്ഛേധിക്കുന്നുവെങ്കിൽ ച്ഛേധിക്കട്ടെ യോഹന്നാൻ സ്നാപകനെ ഞാൻ മാതൃകയായി കാണുന്നു. എന്റെ ലൌകിക വസ്തുക്കൾ അപഹരിക്കുന്നുവെങ്കിൽ അപഹരിക്കട്ടെ എന്റെ അമ്മയുടെ ഗർഭപാത്രത്തിൽ ഞാൻ നഗ്നനായി വന്നു നഗ്നനായി പിരിഞ്ഞു കൊള്ളാം”.
404 ൽ മാർ ഇവാനിയോസ് പിതാവിനെ നാട് കടത്തി ഇതിൽ ജനങ്ങൾ വൻ പ്രതിഷേധം നടത്തി ജനങ്ങളുടെ പ്രതിഷേധം ഭയന്ന് രാജാവ് തിരികെ കൊണ്ട് വന്നു. പിന്നീട് വീണ്ടും നാട് കടത്തി അദ്ദേഹത്തെ കുക്കൂസിൽ തടവിലാക്കി (cucusus ). മാർ ഇവാനിയോസ് റോമിലെ പോപ്പ് ആയിരുന്ന പോപ്പ് ഇന്നസെന്റിന്റ സഹായം തേടി, എന്നാൽ രാജാവ് അദേഹത്തിന്റെ വാക്ക് ചെവി കൊണ്ടില്ല. നാട് കടത്തപ്പെട്ടെങ്കിലും മാർ ഇവാനിയോസ് വിശ്വാസികൾക്കായി 200 അധികം കത്തുകൾ അയച്ചു അദേഹത്തിന്റെ സ്നേഹിതർ അദ്ദേഹത്തെ സന്ദർശിച്ചു അതിനാൽ അദ്ദേഹത്തെ കരിങ്കടലിനു (black sea ) സമീപം ഉള്ള പൊന്തൊസിലേക്ക് മാറ്റി. ദുരിത പൂർണമായ കാലാവസ്ഥയിൽ നടന്ന് ഹെലന പൊലീസിലെ കോമാനയിൽ എത്തി.
തന്റെ അന്ത്യ നിമിഷങ്ങൾ അടുത്തപ്പോൾ എല്ലാറ്റിനും വേണ്ടി ദൈവത്തിനു സ്തുതി എന്നുച്ചരിച്ചു കൊണ്ട് 407 സെപ്റ്റംബർ 13 ന് കാലം ചെയ്തു. മാർ ഇവനിയോസിന്റെ തിരുശേഷിപ്പുകൾ 31 വർഷങ്ങൾക്ക് ശേഷം 438 ജനുവരി 27 ന് കോമാനയിൽ നിന്ന് കുസ്തസ്നത്തിനോസ് പോലീസിലേക്ക് ആഘോഷമായി കൊണ്ട് വരികയും അന്നത്തെ മെത്രാപോലിത്ത പ്രൊക്ലസ്സും യൂടോക്സിയ റാണിയുടെ മകൻ തിയോഡോഷ്യസ്സ് 2 ചേർന്ന് സ്വീകരിക്കുകയും 12 ശ്ലീഹന്മാരുടെ നാമത്തിൽ ഉള്ള പള്ളിയിൽ സ്ഥാപിക്കുകയും ചെയ്തു.
മാർ ഇവാനിയോസ് പ്രസംഗകൻ, വ്യാഖ്യാതാവ് എന്നീ നിലകളിൽ പ്രശ്സതനാണ്. 386 മുതൽ 12 വർഷങ്ങൾ അദ്ദേഹം പ്രസംഗകനായിരുന്നു, അദേഹത്തിന്റെ പ്രസംഗങ്ങളിൽ മത്തായി, യോഹന്നാൻ എന്നീ സുവിശേഷങ്ങൾ പൗലോസ് ശ്ലീഹയുടെ 8 ലേഖനങ്ങൾ എന്നിവ ഉൾപ്പെടും. ഈ പരിശുദ്ധ പിതാവ് സഭക്ക് വേണ്ടി ഒരു കുർബാന തക്സ രചിച്ചിട്ടുണ്ട്. അദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കുന്നവർ പ്രശംസിക്കുകയും ചിലർ അനുതാപത്തോടെ കരയുകയും ചെയ്യുമാരുന്നു. അനേക ദൃഷ്ടാന്തങ്ങൾ അദ്ദേഹം പ്രസംഗങ്ങളിൽ ഉപയോഗിച്ചിരുന്നു,മോശ – ക്രിസ്തു, ചെങ്കടൽ കടക്കുക – മാമോദിസ, പെസഹാ കുഞ്ഞാട് – ദൈവത്തിന്റെ കുഞ്ഞാട്, എന്നിവ അവയിൽ ചിലത് മാത്രമാണ്. അന്നത്തെ നാമമാത്ര ക്രിസ്ത്യാനികൾ മദ്യപാന്മാരും വെറിക്കുത്തുകളിൽ താല്പര്യമുള്ളവരും വിഗ്രഹരാധികളും ആയിരുന്നു. അവരെ സഭാ ജീവിതത്തിലേക്ക് കൊണ്ട് വരിക എന്നത് മാർ ഇവാനിയോസിന്റെ ലക്ഷ്യം ആയിരുന്നു. മാർ ഇവനിയോസിന്റെ രചനകൾ പ്രസിദ്ധമാണ്, അദ്ദേഹം അന്തിയോക്യയിൽ വെച്ച് മാമോദിസക്ക് ഒരുങ്ങുന്നവർക്ക് വേണ്ടി നടത്തിയ പ്രസംഗങ്ങൾ വളരെ പ്രശസ്‌തമാണ്. അദേഹത്തിന്റെ 8 മാമോദിസ പ്രസംഗങ്ങളുടെ കൈ എഴുത്തു പ്രതി ഗ്രീസിലെ മൗണ്ട് ആത്തോസ് ആശ്രമത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു(mount ethos monastery Greece ). മാർ ഇവാനിയോസ് പൗരോഹിത്യത്തെ കുറിച്ചും അതിന്റെ നൽവരങ്ങളെകുറിച്ചുള്ള പ്രസംഗങ്ങൾ വളരെ പ്രശസ്തമാണ്. പരിശുദ്ധ മാർ ഇവാനിയോസ് പിതാവിന്റെ ഓർമ പൗരസ്ത്യ സഭകൾ നവംബർ 13 നും പാശ്ചാത്യ സഭകൾ സെപ്റ്റംബർ 13 നും ആചരിക്കുന്നു അദേഹത്തിന്റെ പ്രാർഥന നമുക്കും സഭ്ക്കും കാവലും കോട്ടയുമാകട്ടെ
അവലംബം- “സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും” by Dr Mani Rajan Corepiscopo (http://rajanachen.com/)
&
Wikipedia