ഒക്ടോബർ 14 അലക്സാണ്ട്രിയായിലെ മഹാനായ അത്തനാസിയോസ് പാത്രിയാർക്കീസ് ബാവയുടെ (295 – 373) ഓർമ ദിനമാണ്. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്ക് ഒരു കാലത്തും മറക്കാൻ കഴിയാത്ത നാമമാണ് ഈ പിതാവിന്റേത്. അറിയോസിന്റെ വേദവിപരീതത്തെ ഇല്ലാതാക്കുവാൻ പ്രയത്നിക്കുകയും അതെ പ്രതി ഒരു പാട് കഷ്ടപാടുകൾ അനുഭവിക്കുകയും ചെയ്ത പിതാവായിരുന്നു മാർ അത്തനാസിയോസ്.
ഈ വിശുദ്ധ പിതാവ് 295 ൽ ഈജിപ്തിലെ അലക്സാണ്ട്രിയായിൽ ജനിച്ചു. ഒരു ധനിക കുടുംബത്തിൽ അംഗം ആയിരുന്ന ഇദ്ദേഹം ഒരു സന്യാസി ആകുവാൻ ആഗ്രഹിച്ചു. AD 315ൽ ഇദ്ദേഹം താപാസ്സശ്രേഷ്ഠനായ മാർ അന്തോണിയോസിന്റ ശിഷ്യനായി, പിൽകാലത്ത് മാർ അന്തോണിയോസ് പിതാവിന്റെ ജീവചരിത്രം മാർ അത്തനാസിയോസ് രചിച്ചു.
AD319 ൽ മാർ അത്തനാസിയോസ് കോപ്റ്റിക് പാത്രിയർക്കീസ് ആയിരുന്ന അലക്സാണ്ടർ പിതാവിൽ നിന്ന് വൈദിക സ്ഥാനങ്ങൾ പ്രാപിച്ചു. തന്റെ ഇരുപതാമത്തെ വയസിൽ ON THE INCARNATION OF THE WORLD OF GOD എന്ന കൃതി രചിച്ചു. ഈ കൃതി വിശുദ്ധ പിതാവിന്റെ പാണ്ഡിത്യം വിളിച്ചോതുന്ന ഒന്നാണ്. ഈ കൃതി അറിയോസിന്റെ വേദവിപരീതത്തിന് എതിരെയുള്ള ഒരു ശക്തമായ മറുപടി ആയിരുന്നു. മിശിഹായുടെ അവതാരത്തെ കുറിച്ച് അദ്ദേഹം ഇതിൽ വ്യക്തമായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കാലശേഷം നാസിയാൻസിയിലെ മാർ ഗ്രീഗോറിയോസ് ഇദ്ദേഹത്തെ സഭയുടെ തൂണ് എന്ന് വിശേഷിപ്പിച്ചു, കൂടാതെ ഇദ്ദേഹം ഓർത്തഡോക്സ് വിശ്വാസത്തിന്റെ പിതാവ് എന്നും അറിയപ്പെടുന്നു.
അലക്സാണ്ട്രിയയിലെ ഒരു പുരോഹിതനായിരുന്നു വേദവിപരീതി ആയ അറിയോസ്. “യേശു ദൈവമല്ല എന്നും പുത്രൻ ദൈവത്തിന്റെ സാദൃശ്യം മാത്രം ആണെന്നും പുത്രൻ സൃഷ്ടിയുടെ ആരംഭത്തിൽ സൃഷ്ടിക്കപ്പെട്ടവനാണ്” എന്നും അറിയോസ് പഠിപ്പിച്ചു. അറിയോസിന് കൂടുതൽ അനുയായികൾ ഉള്ളതിനാൽ ഈ ആശയത്തിന് ഏറെ സ്വീകാര്യത വന്നു. AD 325ഇൽ ഈ ആശയങ്ങളെ പ്രതി നിഖ്യ സുന്നഹദോസ് കൂടിയപ്പോൾ അത്തനാസിയോസ് അലക്സാണ്ടർ പാത്രിയാർക്കീസിനൊപ്പം സംബന്ധിച്ചു, അദ്ദേഹം ഈ സുന്നഹദോസിൽ പ്രസംഗിക്കുകയും അറിയോസ് പറഞ്ഞത് വേദവിപരീതമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.
AD 328 ൽ അലക്സാണ്ടർ പാത്രിയാർക്കീസ് കാലം ചെയ്യതപ്പോൾ മാർ അത്തനാസിയോസ് അടുത്ത പാത്രിയർക്കീസ് ആയി. എന്നാൽ പല വട്ടം അറിയോസ് പക്ഷക്കാർ അദ്ദേഹത്തിന് എതിരെ അപവാദ പ്രചരണം നടത്തുകയും രാജസന്നിധിയിൽ വ്യാജ പരാതികൾ ബോധിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയമായ കാരണങ്ങളാലും അരിയനിസത്തിന്റെ ജനങ്ങളിലുള്ള സ്വാധീനം മൂലവും പലവട്ടം അത്താനാസിയോസ് അധികാരത്തിൽ നിന്നു മാറ്റി നിർത്തപ്പെട്ടു.AD 335-ലെ ടൈറയിൽ വച്ചുണ്ടായ സുന്നഹദോസിൽ മാർ അത്തസിയോസിനെ സ്ഥാനഭ്രഷ്ടാനാക്കി അറിയസിന്റെ പിന്തുടർച്ചക്കാർ അധികാരം പിടിച്ചടക്കി എങ്കിലും പിന്നീട് അദ്ദേഹത്തിന് സ്ഥാനം തിരികെ ലഭിച്ചു.AD 339 ൽ നിക്കോദിമയിൽ കൂടിയ സുന്നഹദോസിൽ അറിയോസിന്റെ പിന്തുടർച്ചക്കാരനായ മാർ യൗസേബിയോസ് ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ അദ്ദേഹം റോമിലെ മാർ യൂലിയോസ് പിതാവിന്റെ അടുക്കൽ അഭയം തേടി. 343ൽ അത്തനാസിയോസിന് വീണ്ടും സ്ഥാനം ലഭിച്ചു 350 ൽ കോൺസ്റ്റന്റയിൻ ചക്രവർത്തി മരിച്ചപ്പോൾ വീണ്ടും അദ്ദേഹം നാട് കടത്തപ്പെട്ടു. തുടർന്ന് കുറച്ചു കാലം അദ്ദേഹം സന്ന്യാസിമാരോടോപ്പം കഴിഞ്ഞു. അക്കാലത്ത് അദ്ദേഹം രചിച്ച കൃതികൾ ആണ് Apology to Constantia’s, Apology for his fight, The letter to the monks the history of Arians .AD 362-ൽ തിരികെയെത്തിയ മാർ അത്തനാസിയോസ് പിതാവ് വീണ്ടും പാത്രിയാർക്കീസ് ആയി. 45 വർഷത്തെ അദേഹത്തിന്റെ ഭരണകാലത്ത് 17 വട്ടം അദ്ദേഹം നാട് കടത്തപ്പെട്ടിട്ടുണ്ട്.
AD 367-ൽ ഇറക്കിയ ഈസ്റെർ കല്പനയിൽ പള്ളിയിൽ വായിക്കേണ്ട 27 പുതിയ നിയമ പുസ്തകങ്ങളെ സംബന്ധിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു “ഇവയോട് ആരും ഒന്നും കൂട്ടി ചേർക്കരുത് ആരും ഒന്നും എടുത്തു മാറ്റരുത്”. ക്രിസ്തീയ ചരിത്രത്തിൽ ഇന്നുപയോഗിക്കുന്ന പുതിയനിയമത്തെ പറ്റിയുള്ള ആദ്യ കല്പന അത്താനാസിയോസിന്റെതാണെന്ന് കരുതപ്പെടുന്നു. ഒരു പാട് പീഡകൾ സഹിചെങ്കിലും സത്യ വിശ്വാസത്തെ അടുത്ത തലമുറയ്ക്ക് കൈ മാറാൻ ഈ പിതാവിന് കഴിഞ്ഞു. വേദവിപരീതികളോട് യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ പെരുമാറിയ കാരക്കശ്യക്കാരനായ പിതാവായിരുന്നു മാർ അത്താനാസിയോസ്.
AD 373-ഇൽ മെയ് 2 ന് ഈ പിതാവ് കാലം ചെയ്യതു ഈ പിതാവിന്റെ ഓർമ സഭകൾ മെയ് 2,14, ഒക്ടോബർ 14 എന്നീ ദിവസങ്ങളിൽ ആചരിക്കുന്നു ഈ പിതാവിന്റെ പ്രാർഥന നമുക്ക് എല്ലാവർക്കും കാവലും കോട്ടയുമാകട്ടെ ആമിൻ
അവലംബം- “സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും” by Dr Mani Rajan Corepiscopo (http://rajanachen.com/)
&
Wikipedia