ഇന്നത്തെ സമൂഹത്തിൽ നമ്മുക്ക് ധാരാളമായി കാണാൻ സാധിക്കുന്ന മൂന്നു ഉപമകളാണ് ഈ ചിന്തയുടെ അടിസ്ഥാനം. പല വിധമായ ലൌകീക ചിന്തകളിലും, വിശ്വാസ വിപരീതങ്ങളിലും ആകൃഷ്ടര്‍ ആവുന്ന പലരെയും, പോയി തിരിച്ചു വരുന്നവരെയും നമുക്ക് ഈ ലോകത്തിൽ കാണാന്‍ സാധിക്കും.ഇങ്ങനെയുള്ള ഈ സമയത്ത് ശ്രദ്ധയിലേക്ക് വരുന്ന വേദഭാഗം ലൂക്കോസിന്‍റെ സുവിശേഷം 15- ആം അധ്യായം ആണ്. ഇന്നത്തെ കാലത്ത് പ്രസക്തി ഉള്ള ആ വേദ ഭാഗങ്ങള്‍ നമുക്ക് ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം
1. 4 മുതല്‍ 7 വരെ ഉള്ള വാക്യങ്ങള്‍
നൂറു ആടുള്ള ഒരുവനു അതില്‍ ഒരു ആടിനെ നഷ്ടപ്പെട്ടു ബാക്കിയുള്ളവയെ വിട്ടു അവന്‍ കാണാതെ പോയതിനെ തിരഞ്ഞു പോയി കണ്ടു പിടിക്കുന്നു
2. 8, 9 വാക്യങ്ങള്‍
പത്തു ദ്രഹ്മ ഉള്ള ഒരു സ്ത്രീ അതില്‍ ഒന്ന് നഷ്ടപെട്ടാല്‍ അത് തേടി കണ്ടു പിടിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നു
3. 11 മുതല്‍ 32 വരെ ഉള്ള വാക്യങ്ങള്‍
മുടിയനായ പുത്രാന്‍റെ ഉപമ, സ്വകഴിവില്‍ വിശ്വസിച്ചു ലോകത്തിലെ ലൌകീക ചിന്തകളില്‍ മുഴുകി എല്ലാം നഷ്ടപ്പെട്ടു പശ്ചാത്തപിച്ചു തിരിച്ചു അപ്പന്‍റെ അടുക്കലേക്ക് വരുന്ന മകന്‍.
ഈ മൂന്നു ഉപമകളും മൂന്നു വ്യത്യസ്തമായ നഷ്ടപ്പെടലുകളെയാണ് കാണിച്ചു തരുന്നത്. നമ്മുടെ ചുറ്റും നാം ഒന്നുനോക്കിയാൽ ഇന്ന് നമ്മുടെ സമൂഹത്തില്‍ ഇങ്ങനെയുള്ള നഷ്ടപ്പെടലുകൾ നമ്മുക്ക് കാണാം.
ഒന്നാമതായി നഷ്ടപ്പെട്ട ആടിന്‍റെ ഉപമ. ആട് എങ്ങനെ കൂട്ടം തെറ്റി? അതിനു സ്വന്തമായി അല്ലെങ്കിൽ വിവേകപരമായി ചിന്തിക്കാനുള്ള ശേഷി ഇല്ല, തിരിച്ചറിവില്ല. അത് കൊണ്ട് കൂട്ടം തെറ്റി അല്ലെങ്കിൽ സ്വയം നഷ്ടപ്പെടുത്തി. അവയെ തിരിച്ചു കൊണ്ട് വരണം എങ്കില്‍ ഇടയന്‍ തന്നെ പോയി കണ്ടെത്തണം. തന്‍റെ ഇടയന്‍ തന്നെ തേടി വരുന്നത് അറിഞ്ഞാല്‍ അത് ഇടയന്റെ അടുക്കലേക്ക് ഓടി വരും അല്ലാത്ത പക്ഷം അത് ചെന്നായ്‌കള്‍ക്കോ, കുറുനരികള്‍ക്കോ ഭക്ഷണം ആയിത്തീരും.
രണ്ടാമതായി നഷ്ടപെട്ട ദ്രഹ്മയുടെ ഉപമ. എന്ത് കൊണ്ട് ദ്രഹ്മ നഷ്ടപ്പെട്ടു? തീര്‍ച്ചയായും ഉപയോഗിച്ചിരുന്ന ആളുടെ അശ്രദ്ധ മൂലം മാത്രം. അതിനെ തരിച്ചു ലഭിക്കണം എങ്കില്‍ തേടി കണ്ടു പിടിക്കണം.ആടിനെ പോലെ തന്‍റെ ഇടയനെ തിരിച്ചറിയുവാനോ, ഓടിചെല്ലുവാനോ അതിനു കഴിവില്ല.
മൂന്നാമതായി മുടിയനായ പുത്രന്‍റെ ഉപമ.‘ഞാന്‍ ശരി എനിക്ക് തെറ്റില്ല’ എന്ന ചിന്താഗതിക്കാര്‍ക്ക് ഏറ്റവും നല്ല ഉദാഹരണം ആണ് മുടിയനായ പുത്രന്‍. താന്‍ ശരി എന്നുള്ള അവന്‍റെ അഹങ്കാരം അവനെകൊണ്ട് അപ്പനോട് പങ്കു ചോദിപ്പിച്ചു. അതുമായി ദൂര ദേശത്തേക്ക് പോയ അവന്‍ സകലതും നശിപ്പിച്ചു ദുരിതത്തില്‍ ആയി. അപ്പന്‍റെ അടുത്തേക്ക് മടങ്ങിയ അവനെ ദൂരത്തു നിന്ന് കണ്ട അപ്പന്‍ ഓടി ചെന്ന് സ്വീകരിച്ചു. എന്തുകൊണ്ട് അപ്പന്‍ അവനെ ആദ്യമേ തടഞ്ഞില്ല? അവനു ചിന്തിക്കാന്‍ ഉള്ള കഴിവുണ്ട്, തന്‍റെ അറിവില്‍ അഹങ്കാരവും അവനു ഉണ്ട് അങ്ങനെ ഒരാളെ തടയാന്‍ ആവില്ല എന്ന് ബുദ്ധിമാനായ ആ പിതാവിന് അറിയാമായിരുന്നു. അവന്‍ ചോദിച്ചത് നല്‍കി അവനെ വിടുമ്പോള്‍ തന്നെ ആ പിതാവിന് അറിയാമായിരുന്നു സത്യം മനസ്സിലാകുന്ന ഒരു കാലത്ത് അവന്‍ തന്‍റെ അടുക്കലേക്ക് തന്നെ തിരിച്ചെത്തും എന്ന്. ദൂരമേ നിന്ന് അവനെ കണ്ട പിതാവ് ഓടിപ്പോയി അവനെ സ്വീകരിച്ചത് അതുകൊണ്ടാണ്. പക്ഷെ അവന്‍റെ സഹോദരനോ ഇതൊന്നും ഇഷ്ടപെട്ടില്ല, പിതാവിനോട് കോപിച്ചു . എന്‍റെ സഹോദരന്‍ എന്ന് പോലുമല്ല അവന്‍ പറഞ്ഞത് “നിന്‍റെ മകന്‍” എന്നാണ് .
ഇന്നത്തെ കാലത്ത് നമ്മുടെ ഇടയില്‍ സംഭവിക്കുന്നതും ഇതാണ്, പലരും സത്യസഭ വിട്ടു നവീന ചിന്തകരുടെയും ലൌകീകതയുടെയും പുറകെ പോയി, അതിനുള്ള കാരണങ്ങള്‍ ഈ ഉപമ നമുക്ക് പറഞ്ഞു തരുന്നു
A. ആട്ടിന്‍കുട്ടിയെ പോലെ അറിവില്ലായ്മ മൂലം.
അങ്ങനെ ഉള്ളവരെ നമ്മള്‍ തേടി ചെല്ലണം . അവര്‍ സത്യം തിരിച്ചറിയുന്ന നിമിഷം നമ്മോടൊപ്പം ഓടി വരും
B. ദ്രഹ്മ നഷ്ടപെട്ടത് പോലെ നമ്മുടെ അശ്രദ്ധ മൂലം.
നമ്മുടെ അശ്രദ്ധ മൂലം സഭ വിട്ടു പോവുന്നവര്‍ അനവധി ആണ് അങ്ങനെ ഉള്ളവരെ നമ്മള്‍ തന്നെ തേടിപ്പോയി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൂട്ടി കൊണ്ട് വരണം
C. മുടിയനായ പുത്രനെപ്പോലെ.
രണ്ടു വചനം പഠിച്ചാല്‍ താന്‍ അപോസ്തോലന്മാരെക്കാള്‍ കേമന്‍ ആണെന്ന് ധരിക്കുന്ന ഒരു തലമുറ ആണ് ഇന്നുള്ളത് .അങ്ങനെ ഉള്ളവരെ നമുക്ക് തിരുത്താന്‍ സാധിക്കില്ല. ഇങ്ങനെയുള്ളവരെ നാം അവരുടെതായ വഴിക്ക് വിട്ടേക്കുക. അവന്‍ സ്വയമേവ തിരിച്ചറിയുന്ന സമയത്ത്, സത്യം ബോധ്യം ആകുന്ന സമയത്ത്, അവന്‍ തന്നെ തിരിച്ചു വരും. ആ സമയത്ത് ദൂരമേ നിന്ന് അവനെ കാണുന്ന പക്ഷം ആ പിതാവിനെപ്പോലെ ഓടി പോയി അവനെ സ്വീകരിക്കുക ആഘോഷിക്കുക. ദുഖകരം എന്ന് പറയട്ടെ, അങ്ങനെ തിരിച്ചു വരുന്നവരെ നിന്ദിക്കുന്ന ഒരു പ്രകൃതം ആണ് നമ്മുടെ സമൂഹത്തില്‍ കണ്ടു വരുന്നത്. അത് പാടില്ല. നാം അവരെ സ്വീകരിക്കണം. രക്ഷയുടെതായ നമ്മുടെ വിശ്വാസത്തില്‍ നാം അവനെ കൂടെ കൂട്ടണം. ആ പിതാവിന്‍റെ മൂത്തപുത്രനെപ്പോലെ ഒരിക്കലും “നിന്‍റെ മകന്‍” എന്ന് പറയരുത്, പകരം “അപ്പാ, ഇതാ എന്‍റെ സഹോദരന്‍ അവന്‍ നമ്മെത്തേടി വന്നിരിക്കുന്നു, അവനെ നമ്മോട് ചേര്‍ക്കുക. ഈ സുദിനം ആഘോഷിക്കുക” എന്ന് പറയാന്‍ ഉള്ള മനസ്സ് ഉണ്ടാവണം. സഭ നിത്യരക്ഷക്ക് വേണ്ടി ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്ക് വേണ്ടി ഉള്ളതാണ്, അല്ലാതെ നമ്മുടെ അഭിമാന/ദൂരഭിമാന പോരാട്ടങ്ങള്‍ക്ക് ഉള്ളതല്ല. നമ്മോട് ചേരാന്‍ ആഗ്രഹിക്കുന്ന ആരെയും തടയാന്‍ പാടില്ല, നല്ല മനസ്സോടെ അവരെ സ്വീകരിക്കുക. അവൻ നമ്മുടെ താഴെയോ നമ്മളിലും കുറഞ്ഞവനോ അല്ല. അവനെ നമ്മോടൊപ്പം തന്നെ ചേർത്ത് നിർത്തണം. തന്നത്താൻ ചെറുതാവുന്നവനെ ദൈവം എല്ലായ്പ്പോഴും ഉയർത്തിയിട്ടേ ഉള്ളൂ.