രോഗികളുടെ വി. തൈലാഭിഷേകം (Anointing of the Sick) – ചരിത്രവും വേദപുസ്തകവും

പരിശുദ്ധ സഭയില്‍ അംഗീകരിക്കപെട്ട സുപ്രധാന കൂദാശകളില്‍ ഒന്നാണ് രോഗികളുടെ വി. തൈലാഭിഷേകം. ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ലഭ്യമാക്കേണ്ട പ്രധാന കൂദാശകളില്‍ ഒന്നാണ് തൈലാഭിഷേകം.

വേദപുസ്തക പാരമ്പര്യം

അപ്പോസ്തോലന്മാര്‍ ക്രിസ്തുവിന്റെ കല്‍പ്പന പ്രകാരം പോയി രോഗികളെ എണ്ണ തേച്ചു സുഖപ്പെടുത്തി എന്ന് സുവിശേഷത്തില്‍ നമ്മുക്ക് കാണാൻ സാധിക്കും (മര്‍ക്കോ 6:13). നല്ല ശമര്യാക്കാരന്‍ ഉപമ നോക്കുമ്പോൾ  എണ്ണ തേച്ചാണ് മുറിവേറ്റവനെ വച്ചുകെട്ടുന്നത് എന്നും കാണാം (ലൂക്കോ 10:34). വി. യാകോബ് 5 :14-16 –ല്‍ പറയുന്നു “നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ (കാശീശന്‍മാരെ) വരുത്തട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ എണ്ണ പൂശി അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. എന്നാല്‍ വിശ്വാസത്തോട് കൂടിയ പ്രാര്‍ത്ഥന ദീനക്കാരനെ രക്ഷിക്കും. കര്‍ത്താവ് അവനെ രക്ഷിക്കും. കര്‍ത്താവ് അവനെ എഴുന്നെല്പ്പിക്കും. അവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കും”. അതായത് തൈലാഭിഷേകം രോഗശമനത്തോടൊപ്പം പാപമോചനവും ലഭിക്കാന്‍ കാരണമായിതീരുന്ന ശുശ്രൂഷ ആണ്. നമ്മുടെ പല രോഗങ്ങളുടെയും മൂല കാരണം പാപമാണെന്ന് വചനം പ്രഖ്യാപിക്കുന്നു. പാപത്താല്‍ ഉള്ള രോഗങ്ങള്‍ക്ക് ഉള്ള സിദ്ധൌഷധമാണ്‌ വി. തൈലാഭിഷേക കൂദാശ.

സഭാപിതാക്കന്മാരുടെ വാക്കുകള്‍

സഭാപിതാവായ ഒറിഗന്‍ പറയുന്നു: “തന്റെ പാപങ്ങള്‍ പുരോഹിതനോട് ഏറ്റു പറയാനും തന്റെ രോഗത്തിനു ഔഷധം വാങ്ങാനും (ഒരു ക്രിസ്ത്യാനി) വിമുഖത കാട്ടുന്നില്ല…. എന്തെന്നാല്‍ യാക്കോബ് ശ്ലീഹ പറഞ്ഞിരിക്കുന്നു : നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ എണ്ണ പൂശി അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. എന്നാല്‍ വിശ്വാസത്തോട് കൂടിയ പ്രാര്‍ത്ഥന ദീനക്കാരനെ രക്ഷിക്കും. കര്‍ത്താവ് അവനെ രക്ഷിക്കും. കര്‍ത്താവ് അവനെ എഴുന്നെല്പ്പിക്കും. അവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കും.” (Origen, Homilies on Leviticus 2:4, A.D. 250)

അന്ത്യോക്യയിലെ പാത്രിയര്‍ക്കിസ് ആയിരുന്ന വി. സെറാപ്പിയോന്‍ തൈലശുദ്ധീകരണ പ്രാര്‍ഥനയില്‍ ഇപ്രകാരം ചൊല്ലുന്നു: “സകലരുടേയും രക്ഷിതാവേ! ഞങ്ങളുടെ കര്‍ത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ പിതാവേ! എല്ലാ മഹത്വവും ശക്തിയും നിനക്ക്. ഞങ്ങള്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു: നിന്റെ ഏകാജാതന്റെ ശക്തി സ്വര്‍ഗത്തില്‍ നിന്ന് ഈ എണ്ണമേല്‍ ആവസിക്കണമേ. ഇതിനാല്‍ പൂശപ്പെടുന്നവര്‍ക്ക് …. എല്ലാ രോഗങ്ങള്‍ മാറ്റപ്പെടുവാനും ശാരീരിക ക്ഷീണം നീങ്ങിപ്പോകാനും ഉത്തകുന്നതായി തീരണമെ …. നല്ല കൃപക്കും പാപപരിഹാരത്തിനായും തന്നേ…” (Bishop Serapion, The Sacramentary of Serapion 29:1, A. D. 350)

സ്വര്‍ണ്ണനാവുകാരനായ മോര്‍ ഈവാനിയോസിന്റെ വാക്കുകള്‍: “യഹൂദ പുരോഹിതന്മാര്‍ക്ക് കുഷ്ഠം ബാധിച്ച ശരീരത്തെ ശുദ്ധീകരിക്കാന്‍ ശക്തിയുണ്ടായിരുന്നു – അല്ലെങ്കില്‍ ശുദ്ധീകരിക്കാന്‍ എന്നല്ല, ഒരു വ്യക്തി ശുദ്ധീകരിക്കപ്പെട്ടു എന്ന് പ്രഖ്യാപിക്കുവാന്‍ കഴിയുമായിരുന്നു…. നമ്മുടെ പുരോഹിതന്മാര്‍ക്കാകട്ടെ ശരീരത്തിന്റെ കുഷ്ഠം മാത്രമല്ല, ആത്മീയ അശുദ്ധിയെ തന്നെ ശുദ്ധീകരിക്കുവാന്‍ ശക്തിയുണ്ട്. ശുദ്ധീകരിക്കപ്പെട്ടു എന്ന് പ്രഖ്യാപിക്കുവാനല്ല, യഥാര്‍തത്തില്‍ ശുദ്ധീകരിക്കുവാന്‍ തന്നെ അധികാരം ലഭിച്ചിരിക്കുന്നു”…. ഇത് പുരോഹിതന്‍ നിവര്‍ത്തിക്കുന്നത് പഠിപ്പിക്കലിലൂടെയും ഉപദേശത്തിലൂടെയും മാത്രമല്ല, പ്രാര്‍ഥനയുടെ സഹായത്താലാണ്. നമ്മുടെ വീണ്ടും ജനനത്തിന്റെ (മാമോദീസയുടെ) സമയത്ത് മാത്രമല്ല, അതുകഴിഞ്ഞും അവര്‍ക്ക് പാപമോചന അധികാരമുണ്ട്‌. എന്തെന്നാല്‍: നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ എണ്ണ പൂശി അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. എന്നാല്‍ വിശ്വാസത്തോട് കൂടിയ പ്രാര്‍ത്ഥന ദീനക്കാരനെ രക്ഷിക്കും. കര്‍ത്താവ് അവനെ രക്ഷിക്കും. കര്‍ത്താവ് അവനെ എഴുന്നെല്പ്പിക്കും. അവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കും.” (John Chrysostom, On the Priesthood 3:6:190, A.D. 387)

ആര്‍ലെസിലെ വി. സീസര്‍ തന്റെ പ്രഭാഷണത്തില്‍ പറയുന്നു: “കൂടെ കൂടെ ശാരീരിക ക്ഷീണം അനുഭവപ്പെടുന്ന ഒരു വ്യക്തി, തന്റെ അനാരോഗ്യം കണക്കിലെടുത്ത് കര്‍ത്താവിന്റെ തിരുശരീര രക്തങ്ങള്‍ സ്വീകരിക്കട്ടെ, അയാള്‍ വിനയത്തോടും വിശ്വാസത്തോടും പട്ടക്കാരോട് വാഴ്ത്തപ്പെട്ട തൈലത്തിനാള്‍ പൂശപ്പെടുവാന്‍ അപേക്ഷിക്കട്ടെ.” (Caesar of Arles, Sermons 13[325]:3, A.D. 540)

പൌരസ്ത്യപാരമ്പര്യത്തിലെ അഭിഷേക ക്രമീകരണം

പുണ്യപ്പെട്ട പിതാക്കന്മാര്‍ നമുക്കായി ദൈവികകൂദാശകളില്‍ തൈലാഭിഷേകവും ഉള്‍പെടുത്തിയിരിക്കുന്നു. പൌരസ്ത്യ വേദശാസ്ത്ര പാരമ്പര്യത്തില്‍ നിലനില്‍ക്കുന്ന സഭകളില്‍ തൈലാഭിഷേക ശുശ്രൂഷയ്ക്ക് ഒരു ക്രമം ഉണ്ട്. വ്യക്തവും ദൃഡവുമായ ഒരു ക്രമീകരണം നിലവിലുണ്ട്. രോഗിയായ ഏതു പ്രായത്തിലുമുള്ള ഒരു വിശ്വാസിക്കും തങ്ങളുടെ രോഗശമനത്തിനായി, പാപമോചനത്തിനായി ഈ കൂദാശ സ്വീകരിക്കാം. അതുകൊണ്ട് ശുശ്രൂഷയുടെ പേര് സൂചിപ്പിക്കും പോലെ രോഗികള്‍ക്ക് നല്‍കുന്ന ഒരു കൂദാശ ആണ് വി. തൈലാഭിഷേകം.

ആരാണ് ഈ കൂദാശയുടെ കാര്‍മ്മികന്‍ എന്നതിന് ദൈവവചനം പറയുന്നു: സഭയിലെ ‘മൂപ്പന്‍ ’ ആണ് തൈലം പൂശേണ്ടത് എന്ന്. ആയതിനാല്‍ പുരോഹിതന്‍ ആണ് ഈ കൂദാശയുടെ കാര്‍മ്മികന്‍ എന്ന് നമുക്ക് മനസ്സിലാക്കാം. മൂപ്പന്‍ എന്ന മലയാളം പരിഭാഷയുള്ള വാക്കിന്റെ ഗ്രീക്ക് മൂലം എന്നത് ‘പ്രസ്ബ്യൂട്ടറോസ്’ (presbyteros) എന്നാണ്. സുറിയാനി മൂലം ‘കാശീശ’ എന്നും ആണ്. അതായാത് പുരോഹിതന്‍ . അപ്പോള്‍ ദൈവവചനം നമ്മോടു പറയുന്നു തൈലാഭിഷേക ശുശ്രൂഷ സഭയിലെ പുരോഹിതന്മാരാണ് കര്‍മ്മികരായി നിന്ന് നടത്തേണ്ടത് എന്ന്.

എങ്ങനെ ആണ് ഈ കൂദാശ അനുഷ്ഠിക്കേണ്ടത് എന്നത്തിനും ഉത്തരം വചനം നമ്മോടു പറയുന്നു. പുരോഹിതന്‍ കര്‍ത്താവിന്‍റെ നാമത്തില്‍ രോഗിയുടെമേല്‍ എണ്ണ പൂശി അവനുവേണ്ടി പ്രാര്‍ത്ഥിക്കണം. ഇപ്രകാരം പൌരസ്ത്യ സുറിയാനി സഭകളില്‍ തൈലാഭിഷേക ശുശ്രൂഷയ്ക്ക് ഒരു പ്രത്യേക പ്രാര്‍ത്ഥന ക്രമവും അനുഷ്ഠാനരീതികളും ഉണ്ട്. ഇതില്‍ രോഗിയുടെ ആശ്വാസത്തിനും പാപമോചനത്തിനും വേണ്ടി അപേക്ഷിക്കുന്ന രഹസ്യവും പരസ്യവും ആയ അനേക പ്രാര്‍ത്ഥനകളും ഉള്‍പെടുന്നു.

നവീന സഭകള്‍ ഇന്നുന്നയിക്കുന്ന അടുത്ത ചോദ്യം ആണ് എന്തിനു തൈലാഭിഷേകത്തിനു ‘സൈത്ത്’ (സന്തോഷതൈലം) അല്ലെങ്കില്‍ ഒലിവെണ്ണ ഉപയോഗിക്കുന്നു? വേദപുസ്തകത്തില്‍ എണ്ണ എന്ന് മാത്രമേ പറയപെടുന്നുല്ലല്ലോ? എന്നാല്‍ പൌരസ്ത്യ നാട്ടില്‍ കര്‍ത്താവിന്‍റെ കാലത്ത് ലഭിച്ചിരുന്ന ഏറ്റവും നല്ലതും സാധാരണവുമായ എണ്ണ ഈ ഒലിവെണ്ണ ആയിരുന്നു. അന്നുമുതല്‍ ഈ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്നതും ഒലിവെണ്ണ തന്നെ ആയിരുന്നു. പൌരസ്ത്യ സഭകളില്‍ തൈലാഭിഷേകത്തിനു ഉപയോഗിക്കുന്ന ഒലിവെണ്ണ ‘സൈത്ത്’ എന്ന് പറയുന്നു. ഈ സൈത്ത് മേല്പട്ടക്കാരന്‍ പ്രത്യേക ഒരുക്കത്തിലൂടെ പ്രാര്‍ത്ഥനകളോടെ പരിശുധാതമാവിനാല്‍ ശുദ്ധീകരിച്ചു വേര്‍തിരിക്കുന്ന ഒലിവെണ്ണ ആണ്. മുന്നമേ തയ്യാറാക്കുന്ന ഈ സൈത്ത് ദീര്‍ഘനാള്‍ സൂക്ഷിക്കേണ്ടത് ആവശ്യമായതിനാല്‍ ഒലിവെണ്ണ ആണ് ഏറ്റവും സൗകര്യം. മറ്റു എണ്ണകള്‍ പെട്ടന്ന് കേടുവരാനിടയാകും. പിന്നെ ഒലിവെണ്ണയുടെ ഔഷധഗുണം, പരിമളം, ലഭ്യത ഇതൊക്കെ മറ്റു കാരണങ്ങള്‍ ആണ്.

തൈലാഭിഷേക ശുശ്രൂഷ നടത്തുന്നതിന് സഭയില്‍ ഒരു ചിട്ട ഉണ്ട്. പുരോഹിതന്‍ കത്തിച്ച തിരിയുടെ സാന്നിധ്യത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളോടെ മുന്നമേ മേല്പ്പട്ടക്കാരനാല്‍ ശുദ്ധീകരിച്ചു തയ്യാറാക്കിയിരിക്കുന്ന സൈത്ത് കര്‍ത്താവിന്‍റെ നാമത്തില്‍ രോഗിയുടെ മേല്‍ പൂശുന്നു. ഇപ്രകാരം പൂശുന്നതിനും ഒരു ക്രമീകരണം ഉണ്ട്. തൈലാഭിഷേകം പാപമോചനം പ്രധാനം ചെയ്യുന്നതിനാല്‍ അതിനെ സൂചിപ്പിച്ചുകൊണ്ട് മനുഷ്യനെ പാപത്തിലേക്ക് വലിച്ചിടുന്ന അവന്‍റെ ഓരോ അവയവങ്ങളിലും തൈലം പുരട്ടുന്നു. കണ്ണുകള്‍, ചെവികള്‍, മൂക്ക്, ചുണ്ടുകള്‍, നാക്ക്‌, കൈകള്‍, കാലുകള്‍, നാഭി തുടങ്ങി ഓരോ അവയവങ്ങളിലും തൈലം പൂശുന്നു. രോഗിക്ക് അനുതപിച്ചു കുമ്പസരിക്കുവാനും വേണ്ട ക്രമീകരണങ്ങള്‍ ഈ ശുശ്രൂഷയില്‍ ഉണ്ട്. ഇപ്രകാരം വിശുദ്ധ കുമ്പസാരവും വിശുദ്ധ തൈലാഭിഷേകവും നടത്തിയ വിശ്വാസി ദൈവത്തിന്‍റെ കൃപയിലൂടെ തന്‍റെ പാപങ്ങള്‍ക്കും രോഗത്തിനും മോചനം തേടുന്നു.

രോഗികളുടെ തൈലാഭിഷേകത്തിന്‍റെ ദീര്‍ഘവും വിപുലവുമായ ശുശ്രൂഷയാണ് “കന്തീല”. ലഭിക്കുന്ന കൃപാവരം ഈ രണ്ടു ശുശ്രൂഷകളിലും ഒന്ന് തന്നെ ആണ്. സാധാരണ പട്ടക്കാര്‍ക്ക് ആണ് ഇത് നടത്തുന്നത്. വിശ്വാസികള്‍ക്കു വേണ്ടിയും കന്തീല നടത്താം. രോഗിയുടെ (സ്വീകര്‍ത്താവ്) സമര്‍പ്പണവും വിശ്വാസവും അനുതാപവും ആണ് പ്രധാനം. കന്തീല ശുശ്രൂഷയില്‍ ശുദ്ധീകരിക്കപ്പെടുന്ന തൈലമാണ് പിന്നീട് തൈലാഭിഷേകത്തിനായി ഉപയോഗിക്കുവാന്‍ സൂക്ഷിച്ചുവക്കുന്നത്.

അന്ത്യകൂദാശ / ഒടുവിലത്തെ ഒപ്രുശ്മാ?

രോഗികളുടെ തൈലാഭിഷേകത്തെപ്പറ്റി അനേക തെറ്റിധാരണകള്‍ ഇന്ന് വിശ്വാസികളുടെ ഇടയില്‍ നിലവിലുണ്ട്. ചിലര്‍ തൈലാഭിഷേകത്തെ രോഗികള്‍ക്ക് മരണകിടക്കയില്‍ നല്‍കുന്ന ഒരു കൂദാശയായി കണക്കാക്കുന്നു. മറ്റു ചിലര്‍ ഈ ശ്രുശ്രൂഷയെ വിശ്വാസജീവിതത്തിലെ അവസാന കൂദാശയായി കണക്കാക്കുന്നു. അതിനാല്‍ ഇതിനു പലരും അന്ത്യകൂദാശ എന്ന് പറഞ്ഞു പോരുന്നു. ഇതെല്ലം തീര്‍ത്തും ചില തെറ്റായ ധാരണകള്‍ ആണ്. ഏതൊരു വിശ്വാസിക്കും ഏതൊരു രോഗാവസ്ഥയിലും എത്ര തവണ വേണമെങ്കിലും സ്വീകരിക്കാവുന്ന ഒരു കൂദാശയാണ് വി. തൈലാഭിഷേകം. തൈലാഭിഷേകം ഏറ്റാല്‍ ഉടനെ മരണപ്പെടും എന്നതും മരണ അമയത്ത് മാത്രം നല്‍കേണ്ട ഒന്നാണ് ഇത് എന്നതും തെറ്റിധാരണ മാത്രമാണ്. സഭയില്‍ ഇന്ന് ഏറ്റവും ആവശ്യമായ ഒരു കൂദാശയാണ് വി. തൈലാഭിഷേകം.

ഉപസംഹാരം

വി. തൈലാഭിഷേകം അന്ത്യകൂദാശ അല്ല മറിച്ച് വിശ്വാസികളുടെ അവകാശമായ ഒരു സാധാരണ കൂദാശയാണ്. വി. കുമ്പസാരം, വി. കുര്‍ബാന എന്നത് സ്വീകരിക്കുന്നത്പോലെ ഏതു പ്രായത്തിലും ഏതു അവസരത്തിലും എത്ര തവണ വേണമെങ്കിലും ഈ കൂദാശ സ്വീകരിക്കാം. ഈ ശുശ്രൂഷയും അനുഷ്ഠാനങ്ങളും വചന അധിഷ്ടിതവുമാണ്. എന്നാല്‍ തിരുവചനം പറയുമ്പോലെ പുരോഹിതന്‍ ആണ് ഈ കൂദാശയുടെ കാര്‍മ്മികന്‍ എന്നത് വിസ്മരിക്കരുത്. യഥാര്‍ത്ഥ അനുതാപത്തോടെ ഈ കൂദാശക്കായി ഒരുങ്ങുന്ന ഒരു വ്യക്തിയുടെ പാപങ്ങള്‍ ദൈവം ക്ഷമിക്കുകയും രോഗങ്ങള്‍ സൌഖ്യമാക്കുകയും ചെയ്യുന്നു. ആയതിനാല്‍ പരിശുദ്ധ സഭയില്‍ നിലനിന്നു വിശുദ്ധമായ കൂദാശകളിലൂടെ ദൈവം ചൊരിഞ്ഞു തരുന്ന കൃപകളും അനുഗ്രഹങ്ങളും സമ്പാദിപ്പാന്‍ ദൈവം തമ്പുരാന്‍ എല്ലാവരെയും സഹായിക്കുമാറകട്ടെ!