അഗ്നിമയനായ മാർ ഇഗ്നാത്തിയോസ് (AD 35 – 107) – ആകമാന ക്രൈസ്തവ സഭയുടെ വിശുദ്ധന്മാരിൽ പ്രധാനിയാണ് മാർ ഇഗ്നാത്തിയോസ് നൂറോനോ. ആദിമ ക്രിസ്തിയ സഭകളിൽ കാനോനുകളോ കാര്യമായ നിയമ സംഹിതകളോ ഇല്ലാത്ത കാലത്ത് അതിന് തുടക്കം കുറിക്കുകയും ആരാധന സത്യ വിശ്വാസം എന്നിവക്ക് പുതിയ ഊടും പാവും നൽകിയ ഒരു വിശുദ്ധനാണ് മാർ ഇഗ്നാത്തിയോസ് നൂറോനോ. ഇദ്ദേഹം സുറിയാനി ഓർത്തഡോക്സ് സഭയുടെ 3 മത്തെ പാത്രിയാർക്കീസ് ആയിരുന്നു.
മാർ ഇഗ്നാത്തിയോസ് വിഗ്രഹരാധനകാരുടെ മകനായി ജനിച്ചുവെന്ന് അദേഹത്തിന്റെ കത്തുകളിൽ രേഖപ്പെടുത്തിട്ടുണ്ട് പ്രായമായ ശേഷം അദേഹം ക്രിസ്ത്യാനിയായെന്ന് പറയപ്പെടുന്നു. ബൈബിളിൽ മത്തായി 18: 2- 4 മർക്കോസ് 9: 36- 37 എന്നീ സുവിശേഷങ്ങളിൽ യേശു തന്റെ മടിയിൽ ഇരുത്തിയ ശിശു മാർ ഇഗ്നാത്തിയോസ് എന്നാണെന്ന് പിതാക്കന്മാർ പറയുന്നു. ഇഗ്നാത്തിയോസ് എന്ന വാക്കിന്റെ അർത്ഥം ദൈവത്തെ വഹിക്കുന്നവനെന്നും ദൈവത്താൽ വഹിക്കുന്നവനെന്ന് അർത്ഥം ഉണ്ട് അതിനാൽ അദ്ദേഹത്തിന് ക്രിസ്റ്റഫോറോസ് എന്നൊരു പേരുണ്ട്.നൂറോനോ എന്ന വാക്കിന്റെ അർത്ഥം അഗ്നിമയൻ എന്നാണ് അദേഹത്തിന്റെ വിശ്വാസ തീഷ്ണതയാണ് ഈ പേര് അദ്ദേഹത്തിന് ലഭിക്കാൻ കാരണമായത്.
മാർ ഇഗ്നാത്തിയോസ് പരിശുദ്ധ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെയും മാർ യൂഹാനോൻ ശ്ലീഹയുടെ ശിഷ്യനായിരുന്നു. മാർ യൂഹാനോൻ ശ്ലീഹയുടെ ശിഷ്യനായിരുന്നപ്പോൾ മാർ ഇഗ്നാത്തിയോസിന് ലഭിച്ച സ്നേഹിതനായിരുന്നു സ്മിർണയിലെ മാർ പോളിക്കാർപ്പോസ്. മാർ പത്രോസ് ശ്ലീഹ മാർ ഇഗ്നാത്തിയോസ് നൂറോനോക്ക് വൈദിക സ്ഥാനങ്ങൾ നൽകുകയും തുടർന്ന് എവൊദൊസിയോസിനൊപ്പം (രണ്ടാമത്തെ അന്തിയോക്യ പാത്രിയാർക്കീസ്) മാർ ഇഗ്നാത്തിയോസിനെ എപ്പിസ്കോപ്പയായി വാഴിക്കുകയും ചെയ്തു.എവൊദൊസിയോസ് വിജാതിയരുടെ ഇടയിലും ഇഗ്നാത്തിയോസ് യഹൂദരുടെ ഇടയിലും സുവിശേഷ വേല ചെയ്തു.
ആദിമ ക്രിസ്തിയ സഭ ക്രൂരന്മാരായ ഭരണാധികാരികളുടെ പീഡനങ്ങൾ നേരിടുന്ന കാലം ആയിരുന്നു. ക്രിസ്തിയ മത പ്രബോധനത്തെ പല ഭരണാധികാരികളും നിരോധിക്കുകയും അതിൽ വിശ്വസിക്കുന്ന ജന സമൂഹത്തെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു കാലത്ത് ആണ് മാർ ഇഗ്നാത്തിയോസ് സുവിശേഷം അറിയിച്ചിരുന്നത്. പത്രോസ് ശ്ലീഹക്ക് ശേഷം രണ്ടാമത്തെ അന്തിയോക്യ പാത്രിയാർക്കീസ് ആയി എവോദോസിയോസ് ചുമതല ഏറ്റപ്പോൾ യഹൂദരുടെ ഇടയിൽ മാത്രമല്ല വിജാതിയരുടെ ഇടയിലും അദ്ദേഹം സുവിശേഷം അറിയിച്ചു. അഗ്നിമയൻ എന്ന പേര് പോലെ വിശ്വാസ തീഷ്ണത അദേഹത്തിന്റെ സുവിശേഷ വേലയിൽ ഉണ്ടായിരുന്നു. രാവും പകലും വിശ്വാസികൾക്ക് സുവിശേഷ പ്രബോധനം നൽകി അവരെ വിശ്വാസത്തിൽ നിലനിർത്തി. യേശുവിനെ പ്രതി പീഡനങ്ങൾ ഏൽക്കേണ്ടി വന്നാൽ അത് സന്തോഷത്തോടെ ഏൽക്കുക എന്ന് അദ്ദേഹം പറയുമ്പോൾ വിശ്വാസികളുടെ ഉള്ളിൽ അദ്ദേഹത്തിന്റ വാക്കുകൾ ആഴത്തിൽ തറഞ്ഞു.
മാർ ഇഗ്നാത്തിയോസ് സുവിശേഷം അറിയിക്കുന്ന കാലത്ത് വേദവിപരീതമായിരുന്നു പ്രധാന പ്രശ്നം, ആദിമ സഭയിൽ സഭ അംഗികരിച്ച കാനോനുകളോ തത്വസംഹിതകളോ ഇല്ലാതിരുന്നതിനാൽ സഭയിലെ പ്രശ്നങ്ങളിൽ ഉദ്ധരിക്കാവുന്ന ലിഖിത നിയമങ്ങളില്ലായിരുന്നു. അതിനാലാണ് മാർ ഇഗ്നാത്തിയോസ് വൈദിക സ്ഥാനീകളോടുള്ള അനുസരണത്തെ സംബന്ധിച്ച് തന്റെ എഴുത്തുകളിൽ ഊന്നി പറയുന്നുത്. മാർ ഇഗ്നാത്തിയോസ് പറയുന്നു എപ്പിസ്കോപ്പ / പുരോഹിതനീല്ലാത്ത സഭ ആത്മാവില്ലാത്ത ശരീരം പോലെയാണ്. വേദവിപരീതികളായ രണ്ടു വിഭാഗങ്ങളെയാണ് മാർ ഇഗ്നാത്തിയോസിന് അഭിമുഖികരിക്കേണ്ടി വന്നത്. ഒരു വിഭാഗം പറയുന്നത് ക്രിസ്തിയ മതാനുഷ്ടാനങ്ങളെ യഹൂദ മതാചാരങ്ങൾക്ക് അനുയോജ്യമാക്കി തീർക്കണമെന്ന് വാദിക്കുന്നവരായിരുന്നു ഈ വിഭാഗം,പുതിയ നിയമത്തെ അംഗികരിക്കാതെ ശാബത്ത് ആചരിക്കുന്നവരായിരുന്നു അവർ. മറ്റൊരു വിഭാഗം എന്നത് ഡോസിറ്റിസ്റ്റുകൾ ആയിരുന്നു, അവർ ക്രിസ്തുവിന്റെ മരണവും കഷ്ടാനുഭവവും ബാഹ്യമായ ഒരു അവസ്ഥയാണെന്ന് ചിന്തിച്ചിരുന്നു. മാർ ഇഗ്നാത്തിയോസ് മേല്പറഞ്ഞ വേദവിപരീതങ്ങളെ ശക്തമായി എതിർത്തു അദ്ദേഹം സ്മിർണക്കാർക്ക് എഴുതിയ കത്തിൽ 1 യോഹന്നാൻ 4: 3 വചനത്തെ ആധാരമാക്കി ഇങ്ങനെ എഴുതി ” യേശു മിശിഹാ ശരീരം ധരിച്ചവന്നുവെന്ന് ഏറ്റു പറയാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല” എന്ന്. യേശു ക്രിസ്തുവിന്റെ മനുഷ്യത്വത്തിന്റെ പൂർണതയെ മാർ ഇഗ്നാത്തിയോസ് സ്ഥിതികരിക്കുകയും അതാണ് വിശുദ്ധ കുർബാനയിൽ സൌഖ്യദായകമായ ആഹാരമായി ആഘോഷിക്കപ്പെടുന്നതെന്നും പഠിപ്പിക്കുകയും ചെയ്തു.
ദീർഘമായ ഒരു കുർബാന തക്സ മാർ ഇഗ്നാത്തിയോസ് എഴുതിട്ടുണ്ട് മാർ ഇഗ്നാത്തിയോസ് ആണ് സഭ കാതോലികം അഥവാ സഭ സാർവത്രികമാണെന്ന് (അഥവാ സഭ രാജ്യ അതിർത്തിയിൽ പെടുന്നതല്ല) പറഞ്ഞത് അദേഹത്തിന്റെ ഈ വാക്ക് സഭയുടെ ലക്ഷണമായും വിശ്വാസ പ്രമാണമായും അംഗികരിച്ചിട്ടുണ്ട്. മാർ ഇഗ്നാത്തിയോസ് ആണ് വിശുദ്ധ തൈല കൂദാശയെ മൂറോൻ എന്ന് പേരിട്ടത്. മാർ ഇഗ്നാത്തിയോസ് സഭകൾക്ക് എഴുതിയ കത്തുകളിലെ വേദശാസ്ത്ര ചിന്തകൾ മുന്ന് പ്രധാന ആശയങ്ങളിൽ കേന്ദ്രികരിച്ചിരിക്കുന്നു
1: തെറ്റായ പഠിപ്പിക്കലുകൾ പ്രബോധനങ്ങൾ എന്നിവ സംബന്ധിച്ചുള്ള മുന്നറിയിപ്പ്
2: സമാധാനവും ഐക്യവും നിലനിർത്തുന്നതിനും ആത്മീയ കാര്യങ്ങളിൽ വൈദിക സ്ഥാനീകൾക്കും വിശേഷാൽ മെത്രാപോലിത്തക്ക് കീഴടങ്ങിയിരിപ്പാനുള്ള ശാസനം
3: രക്ത സാക്ഷിത്വത്തിന്റെ മഹത്വം: മാർ ഇഗ്നാത്തിയോസിന്റെ കാലഘട്ടത്തിലെ വേദവിപരീതങ്ങളും വൈദിക സ്ഥാനീകളോടുള്ള അനുസരണത്തിന്റെ സവിശേഷ പ്രാധാന്യവും നേരത്തെ തന്നെ പരാമർശിച്ചിട്ടുണ്ട് രക്തസാക്ഷി മരണമാണ് ക്രിസ്തുവിനെ അനുകരിക്കുന്നവർ ആഗ്രഹിക്കേണ്ടതെന്നും വിജയ കിരീടമെന്ന രക്തസാക്ഷി മരണമാണ് ഓരോ വിശ്വാസിയും ലക്ഷ്യമാക്കേണ്ട വലിയ സമ്മാനമെന്ന് മാർ ഇഗ്നാത്തിയോസ് പഠിപ്പിച്ചു.
മാർ ഇഗ്നാത്തിയോസിന്റെ ഈ തീഷ്ണത അദേഹത്തിന്റെ സുഹൃത്ത് ആയ മാർ പോളിക്കാർപ്പോസിനെ ഏറെ സ്വാധിനീച്ചു. പിന്നീട് മാർ ഇഗ്നാത്തിയോസ് അന്തിയോക്യയുടെ മൂന്നാമത്തെ പാത്രിയാർക്കീസ് ആയി,അദ്ദേഹവും മാർ പോളിക്കാർപ്പോസ് പിതാവും ഒന്നിച്ചു വേല ചെയ്തു. മാർ ഇഗ്നാത്തിയോസിന്റെ കാലത്ത് ട്രാജൻ എന്ന ചക്രവർത്തിയുടെ ക്രൂരത നിറഞ്ഞ ഭരണം ആയിരുന്നു, അദ്ദേഹവും മുൻപുള്ള ഭരണാധികാരികളെ പോലെ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു. അദ്ദേഹം മാർ ഇഗ്നാത്തിയോസിന്റെ പ്രവർത്തനങ്ങളെ പറ്റി അറിയുകയും അദ്ദേഹത്തെ ബന്ധനസ്ഥനാക്കി റോമിലേക്ക് കൊണ്ട് വരാൻ ഉത്തരവിടുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ സൈനികർ പിടികുടി റോമിലേക്ക് സ്മിർണ വഴി യാത്രതിരിച്ചു. അവിടെ വച്ച് മാർ പോളിക്കാർപ്പോസ് പിതാവിന്റെ നേതൃത്വത്തിൽ വിശ്വാസികൾ അദ്ദേഹത്തെ കണ്ടു. കുറച്ചു ദിവസം യാത്ര സംഘം സ്മിർണയിൽ തങ്ങി. അവിടെ വച്ച് മാർ ഇഗ്നാത്തിയോസ് എപ്പേസുസ്, മഗ്നിസിയാ, ത്രോൺതൊസ്, റൂമി, ഫിലദൽഫിയാ സ്മിർ തുടങ്ങി 7 സഭകൾക്ക് ലേഖനം എഴുതി. 107 ൽ ഒരു ശീത കാലത്ത് അവർ റോമിൽ എത്തി. മാർ ഇഗ്നാത്തിയോസിനെ ട്രാജന്റെ മുൻപിൽ കൊണ്ട് വന്നു അദ്ദേഹം പറഞ്ഞു ക്രിസ്തുവിനെ തള്ളി പറഞ്ഞാൽ ജീവനോടെ വിടാം എന്ന് പറഞ്ഞു. അപ്പോൾ ഇഗ്നാത്തിയോസ് ഇങ്ങനെ മറുപടി പറഞ്ഞു “അതിലും നല്ലത് താൻ മരിക്കുന്നതാണ്”. ഇതിൽ കോപിഷ്ടനായ ട്രാജൻ അദ്ദേഹത്തിന് മരണ ശിക്ഷ വിധിച്ചു സിംഹ കൂട്ടിലേക്ക് പരിശുദ്ധ പിതാവിനെ ഇടാൻ കല്പിച്ചു അങ്ങനെ 107 ഒക്ടോബർ 17 ന് മാർ ഇഗ്നാത്തിയോസ് പിതാവിനെ സിംഹകൂട്ടിൽ ഇട്ടു സിംഹകുഴിയിൽ ദാനീയെലിനെ കരുതിയ ദൈവം പരിശുദ്ധ പിതാവിനെ കരുതി അദ്ദേഹം പ്രാർത്ഥന പൂർത്തികരിക്കുന്നവരെ സിംഹങ്ങൾ അടങ്ങി നിന്നു. അദേഹം അവസാനം ഇങ്ങനെ പ്രാർഥിച്ചു ” കർത്താവെ നിന്നിലുള്ള വിശ്വാസത്തെ പ്രതി എന്റെ ജീവനെ ബലി കഴിച്ച് നിന്നോടുള്ള സ്നേഹം പ്രകാശിപ്പിക്കുവാൻ സാധിക്കുന്നതിന് ഞാൻ നന്ദി പറയുന്നു എന്റെ നാഥന് ഞാൻ സ്വീകാര്യമായ അപ്പമായി ഭവിക്കട്ടെ”. അദേഹത്തിന്റെ പ്രാർഥനക്ക് ശേഷം സിംഹങ്ങൾ ആക്രമിക്കുകയും അതെ തുടർന്ന് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. വിശ്വാസികൾ ഭക്തിയോടെ അദേഹത്തിന്റെ അസ്ഥികൾ എടുത്തു സംസ്‍കരിച്ചു. ആ സ്ഥലത്ത് ആണ് ഇന്ന് സെന്റ് പീറ്റേഴ്സ് ബസലിക്ക സ്ഥിതി ചെയ്യുന്നത്. നാലാം നൂറ്റാണ്ടിൽ അദേഹത്തിന്റെ തിരുശേഷിപ്പ് അന്തിയോക്യയിൽ സ്ഥാപിച്ചു. പരിശുദ്ധ സുറിയാനി സഭ ഈ മാർ ഇഗ്നാത്തിയോസിന്റെ ഓർമ ഒക്ടോബർ 17 രക്തസാക്ഷിത്വത്തിന്റെ ദിനമായും ഡിസംബർ 20 ന് വിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപന പെരുന്നാൾ ആയും ആചരിക്കുന്നു
മാർ ഇഗ്നാത്തിയോസിന്റെ നാമത്തിൽ മലങ്കരയിലെ അനേക ദേവാലയങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് അതിൽ പ്രഥമ ദേവാലയം തുമ്പമൺ ഭദ്രാസനത്തിലെ കൈപട്ടുർ മാർ ഇഗ്നാത്തിയോസ് പള്ളിയാണ്.
പള്ളികളുടെ ലിസ്റ്റ്
1: കൈപട്ടുർ മാർ ഇഗ്നാത്തിയോസ് പള്ളി (1825 തുമ്പമൺ ഭദ്രാസനം)
2: കാഞ്ഞിരമറ്റംst ഇഗ്നാത്തിയോസ് യാക്കോബായ പള്ളി (കൊച്ചി ഭദ്രാസനം 1870 ഓഗസ്റ്റ് 2 പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് തിരുമേനി)
3: ചെങ്ങന്നൂർ മാർ ഇഗ്നാത്തിയോസ് പള്ളി (തുമ്പമൺ: 1908: വട്ടശേരി മാർ ദിവന്നാസിയോസ്)
4: തൃശൂർ മാർ ഇഗ്നാത്തിയോസ് പള്ളി (കൊച്ചി ഭദ്രാസനം – 1910 ൽ അബ്‌ദുള്ള രണ്ടാമൻ പാത്രിയാർക്കീസ് ബാവ)
5: കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളി (1913 ജനുവരി 14 ഇടവഴിക്കൽ മാർ സേവേറിയോസ് തിരുമേനി)
6: ഓണക്കൂർ മാർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി (1920 കണ്ടനാട് ഭദ്രാസനം പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനി)
7: എരുമേലി മാർ ഇഗ്നാത്തിയോസ് പള്ളി (കോട്ടയം ഭദ്രാസനം സ്ലീബ മാർ ഒസ്താത്തിയോസ് ബാവ)
8: കോട്ടയം സിംഹാസന പള്ളി (മാർ യൂലിയോസ് ഏലിയാസ് ബാവ 1925 കോട്ടയം ഭദ്രാസനം)
9: വാകത്താനം മാർ ഇഗ്നാത്തിയോസ് പള്ളി (കോട്ടയം ഭദ്രാസനം 1928 മിഖായേൽ മാർ ദിവന്നാസിയോസ് തിരുമേനി)
10: (പള്ളം മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി 1929 മിഖായേൽ മാർ ദിവന്നാസിയോസ് തിരുമേനി: കോട്ടയം ഭദ്രാസനം)
11: മഞ്ഞനിക്കര മാർ ഇഗ്നാത്തിയോസ് ദയറാ (ഏലിയാസ് മാർ യൂലിയോസ് ബാവ തുമ്പമൺ ഭദ്രാസനം1933)
1930 മുതൽ 1940 വരെയുള്ള കാലങ്ങളിൽ തുമ്പമൺ ഭദ്രാസനങ്ങളിൽ മിഖായേൽ മാർ ദിവന്നാസിയോസ് തിരുമേനി അയിരുർ അടൂർ പ്രകാനം വാഴമുട്ടം എന്നിവിടങ്ങളിൽ അദ്ദേഹം വിശുദ്ധന്റെ നാമത്തിൽ ദേവാലയങ്ങൾ സ്ഥാപിച്ചു
15: തോട്ടയ്ക്കാട് മാർ ഇഗ്നാത്തിയോസ് പള്ളി (1938 കോട്ടയം ഭദ്രാസനം മിഖായേൽ മാർ ദിവന്നാസിയോസ് തിരുമേനി)
16: പാറ്റുർ മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളി
17: മീനടം മാർ ഇഗ്നാത്തിയോസ് പള്ളി (കോട്ടയം ഭദ്രാസനം) 18:മേക്കടമ്പ് മാർ ഇഗ്നാത്തിയോസ് പള്ളി (അങ്കമാലി ഭദ്രാസനം)
19 കാഞ്ഞിരപ്പാറ മാർ ഇഗ്നാത്തിയോസ് പള്ളി (കോട്ടയം ഭദ്രാസനം)
20: പൊന്നുരുന്നി മാർ ഇഗ്നാത്തിയോസ് പള്ളി(കൊച്ചി ഭദ്രാസനം) 21:മാർ ഇഗ്നാത്തിയോസ് പള്ളി ചക്കുവരക്കൽ(കൊല്ലം)
22: കോട്ടപുറം പള്ളി (കൊല്ലം)
(ലിസ്റ്റ് അപൂർണം)
മാർ ഇഗ്നാത്തിയോസ് നൂറോനോയുടെ മധ്യസ്‌ഥത നമുക്ക് കാവലും കോട്ടയുമാവട്ടെ ആമീൻ
അവലംബം- “സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും” by Dr Mani Rajan Corepiscopo (http://rajanachen.com/)
&
Wikipedia