വി. മാമോദീസ – വിശുദ്ധഗ്രന്ഥത്തിലൂടെ

വി. മാമോദീസ എന്നത് സഭയിലേക്ക് ആളുകള്‍ക്ക് അംഗത്വം നല്‍കുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന കൂദാശയാണ്. യഹൂദപാരമ്പര്യത്തില്‍ നിന്നും ക്രൈസ്തവസഭ ഏറ്റെടുത്ത ഒരു പാരമ്പര്യമാണ് മാമോദീസ. യഹൂദന്മാരുടെ ഇടയില്‍ സാധാരണ ശുദ്ധീകരണത്തിന് പലതരത്തിലുള്ള സ്നാനം നിലവിലിരുന്നു (ലേവ്യ 8:6; 14:9). ഈ വാക്യങ്ങളിലോക്കെ പുറജാതികള്‍ യഹൂദസഭയില്‍ ചേരുമ്പോള്‍ ശുദ്ധീകരണം പ്രാപിപ്പനായി സ്നാനം ഏല്‍ക്കുന്നതിനെ സംബന്ധിച്ചു വ്യക്തമായ ധാരണ നമുക്ക് ലഭിക്കുന്നു. യഹൂദമതത്തിന്‍റെ അവാന്തരവിഭാഗമായ എസീനിയരുടെ (Essene) ഇടയിലും സ്നാനം ഒരു പ്രധാനകര്‍മ്മമായി പരിഗണിക്കപെട്ടു. ആ സമൂഹത്തിലെ ഒരു നേതാവായിരുന്നിരിക്കണം യോഹന്നാന്‍ സ്നാപകന്‍. അദ്ദേഹം സ്നാനം കഴിപ്പിചിരുന്നതായി പുതിയനിയമത്തില്‍ നമുക്ക് മനസ്സിലാക്കാം.

യോഹന്നാന്‍റെ സ്നാനം മാനസന്തര സ്നാനം ആയിരുന്നെങ്കില്‍ യേശു സ്ഥാപിച്ച സ്നാനം വെള്ളത്തില്‍ നിന്നും ആത്മാവില്‍ നിന്നും ഉള്ളതാണ്. മശിഹയുടെ രാജ്യത്തിലേക്കുള്ള പ്രവേശനം അതിലൂടെ സാധിക്കുന്നു. അത് ആവര്‍ത്തിക്കപ്പെടുന്നതല്ല. ക്രിസ്തീയസ്നാനം യേശുവിനാല്‍ സ്ഥാപിതമാണ്. “ആകയാല്‍ നിങ്ങള്‍ പുറപെട്ടു പിതാവിന്‍റെയും പുത്രന്‍റെയും പരിശുധത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചു സകല ജാതികളെയും ശിഷ്യരാക്കികൊള്ളുവിന്‍” (മത്തായി 28:19-20) എന്ന് ഉത്ഥാനം ചെയ്തകര്‍ത്താവ്‌ തന്‍റെ ശിഷ്യന്മാരോട് കല്‍പ്പിച്ചു. പെന്തികോസ്തിക്ക് ശേഷം പരിശുദ്ധസഭയില്‍ മാമോദീസ സാര്‍വത്രികമായി അനുഷ്ടിക്കപെട്ടു (അപ്പോ 2:38-41; 8:12-13; 16:36-38).

മാമോദീസ്സയില്‍ എന്ത് സംഭവിക്കുന്നു?

1. വീണ്ടും ജനനം

കര്‍ത്താവ്‌ നിക്കൊദീമോസ്സുമായുള്ള സംഭാഷണത്തില്‍ ഒരുവന്‍ വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിക്കുന്നില്ല എങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധ്യമല്ല എന്ന് കല്‍പ്പിക്കുന്നു (യോഹ 3:5). ‘വെള്ളത്തില്‍നിന്നും ആത്മാവില്‍നിന്നും’ എന്നുള്ള ശൈലിക്ക് മൂലഭാഷയില്‍ ‘ഉയരത്തില്‍നിന്നും’ എന്നും തര്‍ജ്ജമ ചെയ്യുവാന്‍ സാധിക്കും. വീണ്ടും ജനനം സ്നാനം മുഖന്തരമല്ല പിന്നെയോ വചനം കേട്ട് ഹൃദയത്തില്‍ വിശ്വസിക്കയും യേശുക്രിസ്തുവിനെ കര്‍ത്താവും രക്ഷിതാവുമായി ഏറ്റുപറയുമ്പോഴാണ് നടക്കുന്നത് എന്ന് ചില വേദവിപരീതികള്‍ പഠിപ്പിക്കുന്നു. എന്നാല്‍ മൂലഭാഷയില്‍ “ex hudatos kai pneumatos” എന്നാണ് ഇതിന്‍റെ അര്‍ഥം ഇത് ഒരു കര്‍മ്മം ആണ്. രണ്ടു വെവ്വേറെ കര്‍മ്മം ആയിരുന്നെങ്കില്‍ “ex hudatos kai ex pneumatos kai” എന്ന് മൂലഭാഷ എഴുതണം. അതിനാല്‍ വെള്ളത്തിലും ആത്മാവിലും ജനിക്കുക എന്നത് ഒരു കര്‍മ്മമായി മാമോദീസ്സായിലൂടെ വീണ്ടും ജനനം നടക്കുന്നു എന്ന് വചനം പഠിപ്പിക്കുന്നു. ദൈവാത്മാവ് വെള്ളത്തിന്‍ മീതെ പരിവര്‍ത്തിച്ചു എന്ന് ഉല്പത്തി പുസ്തകം പഠിപ്പിക്കുന്നപോലെ സ്നാനജലത്തില്‍ ദൈവാത്മാവ് വ്യാപരിക്കുന്നതിനാല്‍ പുതിയസൃഷ്ടി സാധുതമാകുന്നു. അല്ലാതെ ഹൃദയത്തില്‍ ഏറ്റു പറഞ്ഞാല്‍ മാത്രം പുതിയ സൃഷ്ടി ആകുന്നില്ല.

2. പാപമോചനം

“നിങ്ങള്‍ ഓരോരുത്തരും അനുതപിച്ചു മനം തിരിഞ്ഞു പാപമോചനത്തിനായി യേശുവിന്‍റെ നാമത്തില്‍ സ്നാനമെല്‍ക്കുക അപ്പോള്‍ പരിശുധത്മാവ് എന്ന ദാനം നിങ്ങള്‍ക്ക് ലഭിക്കും” (അപ്പൊ 2:38). പാപമോചനം പ്രാപിക്കുവാന്‍ മാമോദീസ ഒരിക്കല്‍ മാത്രമേ ഉള്ളു എന്ന് നിഖ്യ വിശ്വാസപ്രമാണം പറയുന്നു. മാമോദീസയില്‍ പാപിയായ മനുഷ്യന്‍ ക്രിസ്തുവിനോട് കൂടെ മരിക്കയും പുതിയസൃഷ്ടിയായി ഉയിര്‍ക്കയും ചെയ്യുന്നു(റോമര്‍:6:4).

3. സഭയോടുള്ള ഏകീകരണം

“ക്രിസ്തുവിനോടും അവന്‍റെ ശരീരാകുന്ന സഭയോടും യഹൂദനെന്നോ വിജാതീയനെന്നോ, അടിമയെന്നോ സ്വതന്ത്രന്‍ എന്നോ ഭേദം കൂടാതെ നാം എല്ലാവരും സ്നാനം മൂലം ഏകശരീരമാകുന്നു” (1കൊരി12:13). “അങ്ങനെ ക്രിസ്തുവീനൊടു നാം ഐക്യപെട്ടിരിക്കുന്നു. ആദമിനോടുള്ള ഐക്യത്തില്‍ എല്ലാവരും മരിക്കുന്നപോലെ ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ എല്ലാവരും ജീവിക്കപെടും” (1 കൊരി 15:22). “അങ്ങനെ പാപം നിമിത്തം നിങ്ങള്‍ ക്രിസ്തുവിനോട് കൂടി സംസ്കരിക്കപെടുക മാത്രമല്ല ക്രിസ്തുവിനെ മരിച്ചവരില്‍ നിന്നും ഉയര്‍പ്പിച്ച യേശുവിന്‍റെ ശക്തിയാല്‍ ക്രിസ്തുവിനോടുകൂടി ഉയിര്‍ക്കയും ചെയ്യുന്നു” (കൊലൊസ്യർ 2:12). “രക്ഷിക്കപെട്ടവരെ ദിനംപ്രതി സഭയോട് ചേര്‍ത്ത്പോന്നു” (അപ്പോ 2:47). അങ്ങനെ മമോദീസ്സ ഏല്‍ക്കുമ്പോള്‍ ആണ് ഒരുവന്‍ സഭയുടെ അംഗം ആയിതീരുന്നത് എന്ന് വചനം പഠിപ്പിക്കുന്നു.

4. പരിശുദ്ധാത്മാവെന്ന ദാനം

“നിങ്ങള്‍ ഓരോരുത്തരും അനുതപിച്ചു മനം തിരിഞ്ഞു പാപമോചനത്തിനായി യേശുവിന്‍റെ നാമത്തില്‍ സ്നാനമെല്‍ക്കുക അപ്പോള്‍ പരിശുധത്മാവ് എന്ന ദാനം നിങ്ങള്‍ക്ക് ലഭിക്കും” (അപ്പൊ 2:38). വചനത്തില്‍ പരിശുധാത്മദാനം മാമോദീസ്സയുടെ സന്ദര്‍ഭത്തിലും അപ്പോസ്തോലന്മാര്‍ കൈവെക്കുമ്പോഴും ലഭിക്കുന്നതായി നാം വായിക്കുന്നു. “പൗലോസ്‌ അവരുടെ മേല്‍ കൈവച്ചപ്പോള്‍ പരിശുദ്ധത്മാവ് അവരുടെമേല്‍ വന്നു” (അപ്പോ 19:6). അങ്ങനെ മാമോദീസ്സയിലൂടെ പാപമോചനവും വീണ്ടും ജനനവും സഭയോടുള്ള ഐക്യവും പരിശുദ്ധത്മാദാനവും നമുക്ക് ലഭിക്കുന്നു.

മമോദീസ്സ എന്തൊക്കെയാണ്?

1. പ്രകാശത്തിന്‍റെ കൂദാശ

എബ്രായര്‍: 6:4 “ഒരിക്കല്‍ പ്രകാശനം ലഭിച്ചിട്ട്…” ഇത് മാമോദീസ ഏറ്റിട്ടുള്ളവരെ കുറിച്ചാണ്. അന്ധകാരാധിപത്യത്തില്‍ നിന്നും മോചിതരായി പ്രകാശരാജ്യത്തില്‍ പ്രവേശിക്കുന്നത് മാമോദീസ മൂലമാണ്. അറിവില്ലയ്മയുടെയും പാപത്തിന്‍റെയും അന്ധകാരം ദൂരീകരിച്ച്‌ ത്രിയേകദൈവത്തിന്‍റെ സ്നേഹപ്രകാശം പ്രാപിക്കുന്നത് ഈ കൂദാശയിലൂടെയാണ്. “ഈ ലോകത്തിന്‍റെ വ്യര്‍ത്ഥതയെ തിരിച്ചറിയുവാന്‍ നിന്‍റെ ആന്തരികനയനങ്ങളെ പ്രേകാഷിപ്പിക്കണമേ” എന്ന് മാമോദീസ കൂദാശയില്‍ നാം പ്രാര്‍ത്ഥിക്കുന്നു.

2. പുതുജനനത്തിന്‍റെ കൂദാശ

“ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയസൃഷ്ടി ആയി” (2 കൊരി 5:17). ഇത് സധുതമാകുന്നത് മാമോദീസയിലൂടെ ആണ്.

3. മുദ്രകുത്തലിന്‍റെ കൂദാശ

മുദ്ര ഉടമസ്ഥതയെ സൂചിപ്പിക്കുന്നു. നാം ആരുടെ വകയാണെന്ന് വ്യക്തമാക്കുന്നു. “മാമോദീസയുടെ രൂശ്മയാല്‍ മുദ്രകുത്തപെട്ടവര്‍” എന്നാണ് നമ്മെ വിശേഷിപ്പിക്കുന്നത്. മുദ്ര സംരക്ഷണത്തിന്‍റെ അടയാളമാണ്. “അങ്ങനെ കാവലിനു ജീവമുദ്ര പ്രാപിപ്പാനും അടുത്തുവന്നിരിക്കുന്ന ഈ ദാസന് വേണ്ടി…” എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് മാമോദീസ ശുശ്രൂഷ ആരംഭിക്കുന്നത്. പഴയ നിയമത്തിലെ മുദ്ര പരിച്ഛേദന ആയിരുന്നതുപോലെ (റോമ 4:11) പുതിയ നിയമത്തിലെ മുദ്ര മാമോദീസ ആകുന്നു.

4. വിശ്വാസത്തിന്‍റെ കൂദാശ

സത്യവിശ്വസം ഏറ്റു പറഞ്ഞുറപ്പിക്കുന്നത് ഈ കൂദാശയിലൂടെയാണ്.

5. പൂര്‍ത്തികരണത്തിന്‍റെ കൂദാശ

പഴയനിയമ പുറപാടിന്‍റെ പൂര്‍ത്തികാരണം. സാത്താന്‍റെ ആധിപത്യം ഉപേക്ഷിച്ചു മാമോദീസായിലൂടെ സ്വര്‍ഗീയകനാനിലേക്ക് പ്രയാണം ചെയ്യുകയാണ്. ചെങ്കടല്‍ കടന്നതിനെ സ്നാനത്തിന്‍റെ മുന്നോടിയായി പൌലോസ് ശ്ലീഹ വ്യാഖ്യാനിക്കുന്നു.

സ്നാനം ആര്‍ക്കു വേണ്ടി?

മര്‍ക്കോസിന്‍റെ സുവിശേഷം പതിനാറാം അധ്യായത്തില്‍പറയുമ്പോലെ “വിശ്വസ്സിക്കയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവന്‍രക്ഷപ്രപിക്കും”. ഇതിന്‍റെ അടിസ്ഥാനത്തില്‍പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രമേ മാമോദീസ്സ നല്‍കാവൂ എന്ന് പറയുന്ന അനേക നൂതനസഭകളെ നമുക്ക് ഇന്ന് കാണാന്‍സാധിക്കും. എന്നാല്‍ മര്‍ക്കോ 16:8-20 ഭാഗം മര്‍ക്കോസിന്‍റെ സുവിശേഷത്തിന്‍റെ പുരാതന കയ്യെഴുത്ത് പ്രതികളില്‍കാണുന്നില്ല. ഇന്ന് നമുക്ക് ലഭിക്കുന്ന പല വേദപുസ്ഥകങ്ങളിലും ഈ ഭാഗം ബ്രാക്കെറ്റില്‍ ആണ് ഇട്ടിരിക്കുന്നത്. ഇതിനര്‍ത്ഥം ആ ഭാഗം പുരാതന രേഖകളില്‍ഉള്ളതല്ല പില്‍കാലത്ത് എഴുതി ചേര്‍ത്തതാണ് എന്നാണ്. ഇനി വാദഗതിക്കുവേണ്ടി അത് അംഗീകരിച്ചാല്‍തന്നെയും അവിടെ പറയുന്ന മറ്റു പലകാര്യങ്ങളും പ്രാവർത്തീകമാക്കാൻ വിശ്വസിച്ച ശേഷം മാത്രം സ്നാനം എന്നു പറയുന്നവർക്ക് സാധിക്കുകയില്ല “കഠിനതരമായ വിഷമുള്ള പാമ്പിനെ പിടിക്കാന്‍സാധിക്കും. മരണകരമായ യാതൊന്നു കഴിച്ചാലും അവര്‍ക്ക് ഏല്ക്കുകയില്ല”. അത് മാത്രവുമല്ല ഈ രണ്ടു പ്രത്യേക പ്രക്രിയകളും അനുഷ്ഠിക്കുന്നവന്‍ ജീവിക്കുന്നു എന്നല്ലാതെ മറ്റൊരു അര്‍ഥവും അതിനില്ല. അപ്പോള്‍ ഈ ഒരു വാക്യത്തെ അടിസ്ഥാനമാക്കി ആദിമ സഭയില്‍നിലവിലിരുന്ന ശിശുസ്നാനത്തെ തള്ളിക്കളയുന്നത് മൂഡതയാണ്.

ആദിമാസഭയിലെ വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്ടാനങ്ങളും വേദപുസ്തകത്തില്‍ അതേപടി കാണണമെന്ന് ശഠിക്കുന്നത് ശരിയല്ല. “ഞങ്ങള്‍വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചു തന്ന പ്രമാണത്തെ മുറുകെ പിടിച്ചുകൊള്‍വിന്‍” (2 തെസ്സലൊനീക്യര്‍:2:15) “എന്നോട് പഠിച്ചും ഗ്രെഹിച്ചും കേട്ടും കണ്ടുമുള്ളത് പ്രവര്‍ത്തിപ്പിന്‍” (ഫിലി 4:9). ഇപ്രകാരം ശ്ലീഹന്മാരില്‍നിന്നും കണ്ടും കെട്ടും ഗ്രഹിച്ചും ആദിമസഭയില്‍ പ്രാവര്‍ത്തികമാക്കിയ ഒരു കര്‍മ്മമാണ്‌ വിശുദ്ധ മാമോദീസ്സ.

ആദ്യ നൂറ്റാണ്ടില്‍പ്രധാനമായും പ്രായപൂര്‍ത്തി ആയവരെ ആണ് മാമോദീസ്സ മുക്കിയതെങ്കിലും അവരുടെ രണ്ടാം തലമുറയെ ശിശുക്കളായിരിക്കുമ്പോള്‍തന്നെ ദൈവവിശ്വാസത്തില്‍ വീണ്ടും ജനിപ്പിച്ചു വളര്‍ത്തികൊണ്ടുവരുന്ന ഒരു പാരമ്പര്യം പരിശുദ്ധ സഭയില്‍ നിലവിലിരുന്നു. പുരാതന ശവകല്ലറകളിലുള്ള ലിഖിതങ്ങളിലോക്കെ വളരെ പ്രധാനമായ ഈ ഒരു സത്യം നമുക്ക് വായിക്കാന്‍സാധിക്കും. മൂന്നാം ശതാബ്ദത്തില്‍ മമോദീസ്സ ഏറ്റുമരിച്ച ഒരു ശിശുവിന്‍റെ കല്ലറയില്‍ഇപ്രകാരം എഴുതിയിരിക്കുന്നു “വിശ്വാസികളില്‍നിന്നുള്ള വിശ്വാസിയായ സൂസിമോസ് എന്നാ ഞാന്‍ രണ്ടു വയസ്സും ഒരു മാസ്സവും ഇരുപത്തഞ്ചു ദിവസ്സവും ആയപ്പോള്‍ ഇവിടെ വിശ്രമിക്കുന്നു”. വിശുദ്ധനായ പോളികാര്‍പ്പോസ് തന്‍റെ പീഡകരോട് പറയുന്നു “എണ്‍പത്തിആറു വര്‍ഷമായി ഞാന്‍കര്‍ത്താവിനെ സേവിക്കുന്നു ഇതുവരെ എനിക്ക് ഒരു ദോഷവുമില്ല” ഇത് നടക്കുന്നത് തന്‍റെ 86-വയസ്സില്‍ആയതുകൊണ്ട് അദ്ദേഹവും കുഞ്ഞായിരിക്കുമ്പോള്‍ മമോദീസ്സ ഏറ്റ ആളാണെന്നു അനുമാനിക്കാം.

ശിശുക്കൾക്കു സ്നാനം നല്കുന്നതിനെ എതിർക്കുന്ന സഭകൾ പറയുന്ന പ്രധാനകാരണം സ്നാനം എന്നത് വിശ്വാസം ഏറ്റുപറയുന്നവർക്ക് മാത്രം ആണെന്നുള്ള മുറിവാക്യമാണ്. ശരിയായി വിശുദ്ധഗ്രന്ഥം ഗ്രഹിക്കാത്തതുകൊണ്ടു മാത്രമാണ് അവർ അങ്ങനെ പറയുന്നത്. ഈ വാദമുയർത്തുന്നവർ വായിക്കേണ്ട ഒരു വേദഭാഗമാണ് 1കൊരിന്ത്യർ15:29 ഈ വേദഭാഗം ഇപ്രകാരം പറയുന്നു “മരിച്ചവർക്കും വേണ്ടി സ്നാനം ഏലക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുംന്നില്ലെങ്കിൽ അവർക്കുംവേണ്ടി സ്നാനം ഏലക്കുന്നതു എന്തിന്നു?”. ഈ വാക്യത്തിൽ  നിന്നു മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ മരണപ്പെട്ടവർക്ക് വേണ്ടി സ്നാനം ഏറ്റിരുന്ന ഒരു പതിവ് അക്കാലത്ത് ഉണ്ടായിരുന്നതായി മനസ്സിലാക്കാം. സ്നാനം എന്നത് വിശ്വാസം ഏറ്റുപറയുന്നവർക്ക് മാത്രം എന്നു വാദിക്കുന്നവർ ഇവിടെ എന്തു പറയും? ഒരു ശിശു വിശ്വാസം ഏറ്റുപറയുന്നതിലും പ്രായോഗിക ബുദ്ധിമുട്ടല്ലേ മരിച്ചവരുടെ കാര്യത്തിൽ?      

ശിശുക്കള്‍ക്ക് ചിന്തിക്കാനോ മനസ്സിലാക്കാനോ ഉള്ള കഴിവില്ല എന്നുള്ള ഒറ്റകാരണം കൊണ്ട് സ്നാനം അവര്‍ക്ക് നിഷേധിക്കാന്‍സാധിക്കില്ല. “എന്‍റെ ജനനം മുതല്‍എന്നെ വേര്‍തിരിച്ചു തന്‍റെ കൃപയാല്‍വിളിച്ചിരിക്കുന്ന ദൈവം” (ഗലാത്യാ 1:15). “നീ ഗര്‍ഭാപാത്രത്തില്‍നിന്ന് പുറത്തുവരും മുന്‍പ് ഞാന്‍നിന്നെ വിശുദ്ധീകരിച്ചു” (യെരമ്യ:1:5) “അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ച് തന്നെ അവന്‍ പരിശുധത്മാവ് കൊണ്ട് നിറയും” (ലൂക്കോസ്:1:15). ഇതില്‍നിന്നൊക്കെ മനസ്സിലാക്കേണ്ടത് ശിശുക്കള്‍ക്കും ആത്മാവിനെ പ്രാപിക്കുവാനുള്ള കഴിവുണ്ട് എന്നാണ്. സ്വന്തമായി വിശ്വസിക്കാതെ മറ്റുള്ളവരുടെ വിശ്വാസം കൊണ്ട് പലരും രക്ഷപെട്ട അനേക ഉദാഹരണങ്ങള്‍ ബൈബിളില്‍നമുക്ക് കാണാം. തളര്‍വാതരോഗിയെ ചുമന്നു കൊണ്ടുവന്നവരുടെ വിശ്വാസം കൊണ്ട് അയാള്‍ സുഖം പ്രാപിച്ചു (മര്‍കോസ് 2:5). ശതാധിപന്‍റെ വിശ്വാസം കൊണ്ട് തന്‍റെ ദാസന്‍സൗഖ്യം പ്രാപിക്കുന്നു (മത്തായി 8:5-13). അപസ്മാരരോഗിയായ മകന്‍റെ രോഗം പിതാവിന്‍റെ വിശ്വാസത്താല്‍മാറി (മത്തായി 17:14-18). അപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ വിശ്വാസം ഏറ്റുറയാന്‍ കഴിവില്ലെങ്കിലും ദൈവകൃപ അവര്‍ക്ക് ലഭിക്കും എന്നും മുതിര്‍ന്നവര്‍ അവര്‍ക്കായി വിശ്വാസം ഏറ്റുപറഞ്ഞാലും മതി എന്നും നമുക്ക് മനസ്സിലാക്കാം. ആദിമസഭകള്‍ക്ക് ശ്ലീഹന്മാര്‍എഴുതിയ ലേഖനങ്ങളില്‍ “ബാലന്മാരെ നിങ്ങള്‍കര്‍ത്താവിനെ ഓര്‍ത്തു മാതാപിതാക്കളെ അനുസരിപ്പിന്‍” എന്നാ സംബോധന ശിശുക്കളും സഭയിലെ അംഗങ്ങള്‍ആയിരുന്നു എന്ന് സൂചിപ്പിക്കുന്നു.

ഇനി ബൈബിളില്‍നമുക്ക് അനേക കുടുംബങ്ങള്‍മമോദീസ്സ ഏറ്റതായി കാണാന്‍സാധിക്കുന്നു. കാരഗ്രെഹപ്രമാണിയും കുടുംബവും (അപ്പൊ:16:33-34), ലുഥിയയും കുടുംബവും (അപ്പൊ:16:14-15), സ്തെഫനോസ്സും കുടുംബവും (1 കൊരിന്തി 1:16), പള്ളിപ്രമാണിയായ ക്രിസ്പോസ്സും അവനുള്ള സകല കുടുംബവും (അപ്പൊ:18:8). അപ്പോള്‍ ഈ കുടുംബങ്ങളില്‍ഒന്നും ശിശുക്കള്‍ ഇല്ലായിരുന്നു എന്ന് വിശ്വസിക്കാന്‍വളരെ പ്രയാസമാണ്. എന്നാല്‍ അവരെ മാറ്റിനിര്‍ത്തി (ശിശുക്കള്‍ ഒഴികെയുള്ളവരെ എന്നും) എന്നും വചനത്തില്‍കാണുന്നില്ല.

രണ്ടാം നൂറ്റാണ്ടില്‍എഴുതപെട്ട “അപ്പോസ്തോലന്മാരുടെ പഠിപ്പിക്കല്‍” എന്ന പുസ്തകത്തില്‍ മമോദീസ്സയെ പറ്റി പറയുന്ന ഭാഗത്ത്‌ വെള്ളത്തില്‍നിന്നും കോരിയെടുത്ത ശിശുക്കളെ പറ്റി പറയുന്നുണ്ട്. ഒപ്പം മമോദീസ്സ മുങ്ങുന്നവരെ പറ്റി പറയുന്നു “കോഴി കൂകുന്ന സമയത്ത് വെള്ളത്തിന്മേലുള്ള പ്രാര്‍ത്ഥനകള്‍നടക്കപെടട്ടെ. ആദ്യം ശിശുക്കളെ മമോദീസ്സ മുക്കണം തങ്ങള്‍ക്കുവേണ്ടി വിശ്വാസം ഏറ്റുപറയുവാന്‍അവര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ മുതിര്‍ന്നവര്‍ അവര്‍ക്കുവേണ്ടി പറയട്ടെ. അതിനു ശേഷം മുതിര്‍ന്നവരെ മമോദീസ്സ മുക്കണം”. ആയതുകൊണ്ട് പ്രായമുള്ളവര്‍ സഭയിലേക്ക് പ്രവേശിക്കുമ്പോള്‍മുതിര്‍ന്ന സ്നാനവും വിശ്വാസികളുടെ മക്കള്‍ക്ക്‌ ശിശുസ്നാനവും നല്‍കുന്നു. സ്നാനം ഏറ്റ ശിശുക്കളെ മാതാപിതാക്കളുടെ മധ്യസ്ഥതയാല്‍ ദൈവകൃപയില്‍ വളര്‍ത്തണം. അതിനു വേണ്ടിയാണ് സഭ മാതാപിതാക്കളെ കൂടാതെ ഒരു രക്ഷകര്‍ത്താവിനെ കൂടി കുഞ്ഞിനെ ഏല്‍പ്പിക്കുന്നത് (തലതോടുന്ന ആള്‍). ഇവരുടെ കടമ കുട്ടിയെ നന്മയിലും ദൈവ ശ്രുശ്രൂഷയിലും വളര്‍ത്തുക എന്നുള്ളതാണ്. അപ്പോസതോല സഭകള്‍മുതിര്‍ന്ന സ്നാനത്തെ എതിര്‍ക്കുന്നില്ല. പക്ഷെ വിശ്വാസികളുടെ മക്കള്‍ക്ക്‌മുതിര്‍ന്ന സ്നാനമല്ല ശിശുസ്നാനത്തിന്‍റെ ആവശ്യമാനുള്ളത് അതാണ്‌ വചനനുസൃതം എന്ന് പഠിപ്പിക്കുന്നു.

സ്നാനം എങ്ങനെ വേണം?

ക്രിസ്ത്യാനികള്‍ക്കിടയില്‍ കാലദേശ പരിതസ്ഥിതികള്‍ക്ക് വിധേയമായി കഴുകല്‍ (immersion), കോരിഒഴിക്കല്‍ (infusion), തളിക്കല്‍ (sprinkling), എന്നിങ്ങനെ സ്നാനതിനു വത്യസ്ഥ ബാഹ്യാചാരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. കേരളത്തിലെ ഓര്‍ത്തോഡോക്സ് സഭകള്‍ കോരിഒഴിക്കല്‍ എന്നാ രീതിയാണ് സാധാരണ ഉപയോഗിക്കുന്നത്. സ്നാനം മുഴുകി മാത്രമേ നടത്താവൂ എന്ന് ബൈബിള്‍ പറഞ്ഞിട്ടില്ല. അപ്രകാരം വാദിക്കുന്നത് വേദവിപരീതമാണ് .

ഉപസംഹാരം

മാമോദീസ എന്നത് ക്രിസ്തുവിനോടും അവന്റെ സഭയോടും ചേരുന്ന, രക്ഷയുടെ ആദ്യാനുഭവം തരുന്ന കൂദാശയാണ്. ഈ കൂദാശയിലൂടെ ഒരാള്‍ രക്ഷിക്കപ്പെടുകയും രക്ഷയുടെ പൂര്‍ണതയിലേക്ക് വളരാന്‍ ആരംഭിക്കുകയും ചെയ്യുന്നു. പരിശുധാത്മ അഭിഷേകം ഒരു വ്യക്തിക്ക് ലഭിക്കുന്നതും മാമൊദീസ്സായിലൂടെ ആണ്. ശിശുക്കള്‍ക്കും ദൈവത്തിന്റെ രക്ഷ അനുഭവിക്കാന്‍ കഴിയും എന്നതുകൊണ്ട്‌ ശിശുക്കളെ മാമോദീസയില്‍നിന്നു മാറ്റി നിര്‍ത്താന്‍ നമുക്ക് സാധ്യമല്ലെന്നും കണ്ടു. അതുകൊണ്ടുതന്നെ ‘വിശ്വാസസ്നാനം’ എന്ന് പറഞ്ഞു വരുന്ന നവീന സഹോദരങ്ങളെ ബോധവല്‍ക്കരിക്കണ്ട കടമയും നമുക്കുണ്ട്. ക്രിസ്തുവിന്റെ രക്ഷയുടെ പൂര്‍ണതയിലേക്ക്‌ വളരാന്‍ നമുക്ക് പരിശ്രമിക്കാം.