ചെറിയ യാക്കോബ് അഥവാ അൽഫായിയുടെ പുത്രനായ യാക്കോബ് ശ്ലീഹാ

യാക്കോബ് ശ്ലീഹ
(ചെറിയ യാക്കോബ്)

അൽഫായിയുടെ പുത്രനായ യാക്കോബ് ശ്ലീഹ അഥവാ ചെറിയ യാക്കോബ് ശ്ലീഹ(AD 62)  – യേശു തമ്പുരാന്റെ ശിഷ്യഗണത്തിൽ ഒരുവനായ യാക്കോബ്, ഗലീല കടൽ തീരത്തിന്റെ വടക്ക്-പടിഞ്ഞാറുള്ള കഫർന്നഫുമിലാണ് ജനിച്ചത്. അൽഫായിയുടെയും മറിയയുടെയും മകനായിരുന്നു യാക്കോബ്. ഈ മറിയം യേശുവിന്റെ മാതാവായ മറിയത്തിന്റ സഹോദരിയാണ് എന്ന് അഭിപ്രായവും വേദപുസ്തക ചരിത്രകാരന്മാർക്കിടയിൽ ഉണ്ട്. കർത്താവിന്റെ ക്രുശിനരികെ മഗ്ദലനകാരത്തി മറിയവും യാക്കോബിന്റെയും – യോസേയുടെയും അമ്മ മറിയവും ശോലും (ശലോമി ) ഉണ്ടായിരുന്നുവെന്ന് (മർക്കോസ് 15: 40 ) വേദപുസ്തകം പറയുന്നു. യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ ഇത് ക്ലേയോപ്പാവിന്റെ ഭാര്യ മറിയം എന്നാണ് പറയുന്നത്, ഹൽഫായി (halpphai ) എന്ന എബ്രായ പദത്തിന്റ തത്തുല്യാമായ ഗ്രീക്ക് പദമാണ് ക്ലേയോപ്പ (cleopas ).

യാക്കോബ് ശ്ലീഹായെ പറ്റി സുവിശേഷങ്ങളിൽ നാലു വട്ടം പരാമർശങ്ങൾ കാണാം, അദ്ദേഹത്തിന്റെ മാതാവുമായി ബന്ധപ്പെടുത്തിയാണ് നാലുവട്ടവും പറയുന്നത്. സാമാകാലികനായ സെബദി പുത്രനായ യാക്കോബുള്ളത് പല ചരിത്രകാരൻമാർക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട് .

ബൈബിളിൽ പുതിയ നിയമത്തിലെ സുവിശേഷങ്ങളിൽ പ്രധാനമായും 3 യാക്കോബ് പിതാക്കന്മാരെ പരാമർശിക്കുന്നുണ്ട്

1:നീതിമാനായ യാക്കോബ്: യേശുവിന്റെ വളർത്തു പിതാവായ യൗസേപ്പിന്റെ പുത്രനും യേശുവിന്റെ സഹോദരനുമായ യാക്കോബ് ആണ് അദ്ദേഹത്തെ നീതിമാനായ യാക്കോബ് എന്ന് വിളിക്കുന്നു

2: സെബദി പുത്രനായ യാക്കോബ്: സെബദി പുത്രനും യൂഹാനോൻ ശ്ലീഹയുടെ സഹോദരനുമായ യാക്കോബ്, ഇദ്ദേഹത്തിന് യേശുവിനെക്കാൾ പ്രായം ഉണ്ടായിരുന്നു, ഇദ്ദേഹത്തെ വലിയ യാക്കോബ് എന്ന് വിളിക്കുന്നു.

3. ചെറിയ യാക്കോബ് – മുകളിൽ പറഞ്ഞ യാക്കോബ് പിതാക്കന്മാരെക്കാൾ പ്രായം കുറവ് ആയതിനാൽ അൽഫായി പുത്രനായ യാക്കോബിനെ ചെറിയ യാക്കോബ് എന്ന് വിളിക്കുന്നു

യേശു തമ്പുരാന്റെ ശിഷ്യനായി തീർന്ന മാർ യാക്കോബ് പെന്തികോസ്തിക്കു ശേഷം ഗാസ (പാലസ്തിൻ), സുർ (tyr ലെബനൻ), അറേബ്യൻ നാടുകൾ, ഈജിപത് എന്നീ ദേശങ്ങളിൽ സുവിശേഷം അറിയിച്ചു. പരിശുദ്ധനായ മാർ യാക്കോബ് ശ്ലീഹ ഈജിപ്തിൽ വെച്ച് ക്രൂശു മരണത്തിലൂടെ രക്തസാക്ഷിയായി എന്നും, തിരിച്ചു യെരൂശലേമിൽ എത്തിയ ശേഷം അദ്ദേഹത്തെ കല്ലെറിഞ്ഞു കൊലപ്പെടുത്തി എന്നും, രണ്ടഭിപ്രായങ്ങൾ ഉണ്ട്. സഭാ പാരമ്പര്യം അനുസരിച്ച് അദ്ദേഹം ഈജിപ്തിൽ വച്ച് ക്രൂശുമരണം വരിച്ചതായി കരുതപ്പെടുന്നു. അദേഹത്തിന്റെ ഓർമ സഭ ഒക്ടോബർ 23 ന് ആചരിക്കുന്നു ആ വിശുദ്ധന്റെ ഓർമ വാഴ്വിനാകട്ടെ ആമീൻ

അവലംബം- സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും by  Dr Mani Rajan Corepiscopo  (http://rajanachen.com/)

&

Wikipedia