‘Sola Scriptura’ അഥവാ ‘ബൈബിള്‍ മാത്രം’ വാദം: നിശ്ശേഷ ഖണ്ഡനം

Protestant ആവിര്‍ഭാവത്തോടെ ലോകത്ത് ഉടലെടുത്ത ഒരു ചിന്തയാണ് ‘Sola Scriptura‘ അഥവാ ‘ബൈബിള്‍ മാത്രം’ എന്ന വിശ്വാസത്തിനു ആധാരം. ലൂഥര്‍ പഴയ നിയമത്തിലെ ചില ഗ്രന്ഥങ്ങളെ “വായിക്കുന്നത് നല്ലതിന്” എന്ന് പറഞ്ഞു നീക്കി വച്ചപ്പോള്‍, അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ഇതിനെ ശത്രുതുല്യം കണ്ടു നീക്കി കളഞ്ഞു. അതിന്‍റെ പിന്‍ഫലം ആണ് Sola Scriptura (by scripture alone) എന്ന അന്ധ വിശ്വാസം. എന്തിനും ഏതിനും തെളിവും വചനാടിസ്ഥാനവും തേടുന്ന നവീന ചിന്തകര്‍ക്ക് അവരുടെ അടിസ്ഥാന വിശ്വാസം ആയ Sola Scriptura ക്ക് അടിസ്ഥാനം ഇല്ല എന്നുള്ളത് ഏറ്റവും വൈരുദ്ധ്യാത്മകമാണ്!

അപ്പോസ്തോലിക സഭകള്‍ തങ്ങളുടെ വിശ്വാസത്തിന്‍റെ പൂര്‍ത്തീകരണം പരിശുദ്ധ സഭയില്‍ എന്ന് ഉറച്ചുവിശ്വസിക്കുമ്പോള്‍ Protestant വിശ്വാസികള്‍ അത് ‘ബൈബിളില്‍’ എന്നും ‘ബൈബിളില്‍ മാത്രം’ (sola scriptura) എന്നും വിശ്വസിക്കുന്നു. ഒരു പിടി തെറ്റിധാരണകളും വിശ്വാസം സംബദ്ധിച്ച അറിവില്ലായ്മയും പലരെയും ഈ വാദം അല്പസമയത്തേക്ക് എങ്കിലും ആശയക്കുഴപ്പത്തില്‍ ആക്കുന്നു. പക്ഷെ ഈ വാദം എത്ര അടിസ്ഥാനരഹിതം ആണെന്നും എത്ര കാമ്പില്ലാത്തതും ആണെന്ന് ഒന്ന് ചിന്തിച്ചാല്‍ നമുക്ക് തന്നെ മനസ്സിലാക്കാവുന്ന കാര്യമേ ഉള്ളൂ .

Sola Scriptura (ബൈബിള്‍ മാത്രം) എന്നത് ബൈബിളിനു തന്നെ എതിര്!!

“The Holy Scriptures as the revealed will of God, the all sufficient rule for faith and practice. The Holy Bible consisting of sixty-six (66) books including the Old and New Testament, is the inspired Word of God, a revelation from God to Man, concerning the will of God in all things necessary to our faithconduct and salvation, so that whatever is not contained therein is not to be enjoined as an article of faith ” (അവലംബം: IPC Statement of Faith). ഇതാണ് sola scriptura എന്ന വിശ്വാസത്തിന്റെ സംഷിപ്ത രൂപം.

ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആണ്

1. ബൈബിള്‍ മാത്രം വിശ്വാസത്തിനും ആചാരങ്ങള്‍ക്കും,

2. ബൈബിളില്‍ 66 പുസ്തകങ്ങള്‍ ഉണ്ട്

3. ബൈബിളില്‍ ഇല്ലാത്തതെല്ലാം തള്ളിക്കളയണം.

പക്ഷേ ഈ മൂന്നു കാര്യങ്ങള്‍ ഒന്നും തന്നെ ബൈബിള്‍ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ സാധിക്കുകയില്ല എന്നു മാത്രമല്ല ഇത് ബൈബിളിനു തന്നെ വിരുദ്ധവുമാണ് . ചുരുക്കത്തില്‍ “ബൈബിള്‍ മാത്രം” (sola scriptura) എന്ന വിശ്വാസം ‘ബൈബിള്‍ മാത്രം’ കൊണ്ട് തെളിയിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ പ്രസ്തുത അബദ്ധ സിദ്ധാന്തം ബൈബിളിനു തന്നെ എതിരാണ്, ഒരു പ്രഹേളിക ആണ്.

ചില സത്യങ്ങള്‍

ക്രിസ്തീയ വിശ്വാസങ്ങള്‍ പൂര്‍ണമായും പ്രതിപാദിക്കുന്ന ഒന്നല്ല വിശുദ്ധ ബൈബിള്‍. അങ്ങനെ ബൈബിള്‍ അവകാശപ്പെടുന്നുമില്ല. ‘ബൈബിള്‍ മാത്രം’ എന്ന വാദ അടിസ്ഥാനത്തില്‍ ക്രിസ്തീയ വിശ്വാസം പൂര്‍ണം ആകുകയില്ല.  ഇവിടെ വി. വേദപുസ്തകം തെറ്റാണു എന്ന് പ്രഖ്യാപിക്കുകയല്ല, മറിച്ചു വിശ്വസപരം ആയ പല കാര്യങ്ങളും ബൈബിള്‍ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പ്രഥമദൃഷ്ട്യാ കണ്ടെന്നു വരില്ല. കാരണം ക്രിസ്തീയ വിശ്വാസം എന്നത് ബൈബിളില്‍ മാത്രം അടിസ്ഥാനപ്പെടുത്തി ഉള്ള ഒന്നല്ല. നിക്ഷ്പക്ഷമായി ചിന്തിച്ചാല്‍ മാത്രമേ ഇതിലെ സത്യം ഗ്രഹിക്കാന്‍ ആവുകയുള്ളൂ. കൂടുതല്‍ വ്യക്തം ആക്കുന്നതിനായി  ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

  1. നമ്മുടെ കര്‍ത്താവ് ഒരു പുസ്തകം എഴുതുകയോ ഒരു പുസ്തകം എഴുതാന്‍ പറഞ്ഞു തന്‍റെ ശിഷ്യന്മാരെ ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല.
  2. അപ്പോസ്തോലന്മാര്‍ പ്രധാനകാര്യങ്ങളില്‍ എല്ലാം ഒരുമിച്ചു കൂടി തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇത് പോലെ ഒരു പുസ്തകം രൂപപ്പെടുത്തുകയോ, അതിന്റെ ആവശ്യം വിലയിരുത്തുകയോ ചെയ്തിട്ടില്ല.
  3. കര്‍ത്താവിന്‍റെ ഉപദേശങ്ങളും പ്രമാണങ്ങളും ലോകത്തില്‍ പുസ്തകത്തില്‍ കൂടെ നിലനില്‍ക്കണം എന്ന് അപ്പോസ്തോലന്മാരോ അറിയിപ്പുകാരോ ആഗ്രഹിച്ചു എഴുതിയതായി വി. വേദപുസ്തകം പോലും പറയുന്നില്ല.
  4. ഇന്നുള്ള വേദപുസ്തകത്തില്‍ നിന്ന് തന്നെ  അപ്പോസ്തോലന്മാര്‍ വേറെയും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട് എന്ന് നമ്മുക്ക് മനസിലാക്കാം.  എന്നാല്‍ അവയൊന്നും ഇതുവരെ നമ്മുക്ക് ലഭിച്ചിട്ടില്ല. ആദ്യ സഭകളില്‍  നാലു സുവിശേഷങ്ങള്‍ക്കും പുറമേ ഏകദേശം ഇരുപതു സുവിശേഷങ്ങള്‍ വിവിധ കാലങ്ങളില്‍ വിവിധ സഭകളില്‍ അംഗീകരിക്കപ്പെട്ടു പോന്നിരുന്നു.
  5. വേദപുസ്തകം നോക്കിയാല്‍ പുസ്തകത്തിലൂടെ അഥവാ രേഖയിലൂടെ പറയുന്നതിലും അധികം ആയി മുഖാമുഖം വിശ്വാസ മര്‍മം വെളിപ്പെടുത്താന്‍ അപ്പോസ്തോലര്‍ ഇഷ്ട്ടപ്പെട്ടിരുന്നതായി മനസിലാക്കാം.
  6. ഇപ്രകാരം ഉള്ള അപൂര്‍ണ്ണതക്ക് പുറമേ കാലങ്ങള്‍ അനുസരിച്ച് പൂര്‍വ കയ്യെഴുത്ത് പകര്‍പ്പും ആയി ഉണ്ടായി വരുന്ന പുതിയ പകര്‍പ്പുകള്‍ക്ക് വ്യത്യാസം ഉണ്ടായി വരുന്നതായും കാണാം.
  7.  ബൈബിളില്‍ എത്ര പുസ്തകങ്ങള്‍ ഉണ്ടെന്ന് ബൈബിളില്‍ പറയുന്നില്ല. മറ്റൊരു നഗ്ന സത്യം എന്തെന്നാല്‍, ബൈബിള്‍ സ്വയം ദൈവവചനം ആണെന്ന് പോലും പഠിപ്പിക്കുന്നില്ല എന്നതാണ്.

ചിലര്‍ വി. വേദപുസ്തകത്തില്‍ സര്‍വ്വവും ഉണ്ടെന്നും അതില്‍ മാത്രം നോക്കിയെ തങ്ങള്‍ നിലനില്ക്കൂ എന്നും വാദിക്കുന്നു. ആ വാദം ശരിയല്ല എന്നും ക്രിസ്തീയ ജീവിതത്തിന്‍റെ പൂര്‍ണതയ്ക്ക് വേദപുസ്തകം മാത്രം പോരാ എന്നും പൂര്‍ണത സഭയിലൂടെ മാത്രം എന്നും വേദപുസ്തകം സഭയില്‍ ആണെന്നും അപ്പോസ്തോലിക സഭകള്‍ പഠിപ്പിക്കുന്നു.

യേശു താനും ‘sola scriptura’ എന്ന വേദവിപരീതം അംഗീകരിച്ചിരുന്നില്ല !

യേശുവിന്റെ കാലത്ത് തിരുവെഴുത്തുകള്‍ എന്ന് കരുതപ്പെട്ടിരുന്നത് പഴയനിയമം ആയിരുന്നു. എന്നാല്‍ ക്രിസ്തു പോലും ഇതില്‍ ഇല്ലാത്ത പാരമ്പര്യങ്ങളെ (അഥവാ മോശയും പ്രവാചകന്മാരും പഠിപ്പിച്ചതും എന്നാല്‍ പഴയ നിയമത്തില്‍ രേഖപ്പെടുത്തപ്പെടാത്തതും ആയ പഠിപ്പിക്കലുകളെ) അംഗീകരിച്ചിരുന്നു എന്ന് സുവിശേഷങ്ങള്‍ തന്നെ സാക്ഷ്യം നല്‍കുന്നു.

ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു. ആകയാല്‍ അവര്‍ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിന്‍; അവരുടെ പ്രവൃത്തികള്‍പോലെ ചെയ്യരുതു താനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.” (മത്തായി 23:2, 3). ഇവിടെ ക്രിസ്തു ശാസ്ത്രിമാരും പരീശന്മാരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നതായുള്ള യഹൂദ പാരമ്പര്യം അംഗീകരിക്കുന്നു. ഇപ്രകാരം ഒരു പഠിപ്പിക്കല്‍ പഴയ നിയമത്തില്‍ ഒരിടത്തും നോക്കിയാല്‍ കാണുകയില്ല. ഇത് തീര്‍ച്ചയായും യേശുവിന്റെ ഒരു പുതിയ പഠിപ്പിക്കലും അല്ല. അതിനര്‍ത്ഥം തിരുവെഴുത്തുകളില്‍ എല്ലാം കാണണം, അത് മാത്രമേ വിശ്വസിക്കൂ അത് മാത്രമേ പഠിപ്പിക്കൂ എന്ന് യേശുവും വിശ്വസിച്ചിരുന്നില്ല എന്നാണു.

അപ്പോസ്തോലന്മാരും ‘sola scriptura’ അംഗീകരിച്ചിരുന്നില്ല

അപ്പോസ്തോലന്മാരും അറിയിപ്പുകാരും  ‘തിരുവെഴുത്തുകള്‍ മാത്രം’ എന്നാ വിഡ്ഢിത്തം അംഗീകരിച്ചിരുന്നില്ല. ഏതാനും ചില തെളിവുകള്‍ നോക്കാം.

“യിസ്രായേല്‍മക്കള്‍ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവര്‍ എടുത്തു, കര്‍ത്താവു എന്നോടു അരുളിച്ചെയ്തതുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു. (മത്താ 27:9). എന്നാല്‍ യിരെമ്യാ പ്രവാചകന്റെ പുസ്തകത്തില്‍ തപ്പിയാല്‍ ഈ ഒരു വാക്യം കാണുകയില്ല. ഇതിനു സമാനമായ വാക്യം കാണണമെങ്കില്‍ സഖര്യാ പ്രവാചകന്റെ പുസ്തകം 11:12, 13 വാക്യങ്ങള്‍ നോക്കേണ്ടതുണ്ട്. ഇവിടെ അപ്പോസ്തോലനായ മത്തായി യിരെമ്യാ നിബിയാ ഇപ്രകാരം പറഞ്ഞിട്ടുണ്ട് എന്നാ പാരമ്പര്യം അന്ഗീകരിക്കുകയായിരുന്നു. ഇനി ഇത് പാരമ്പര്യം അല്ല എന്ന് വാദിക്കുകയാണെങ്കില്‍ സഖര്യാ പ്രവാചകന്റെ പ്രവചനം മത്തായി ശ്ലീഹാ തെറ്റായി എഴുതി എന്ന് പറയേണ്ടി വരും !

“എന്നാല്‍ പ്രധാനദൂതനായ മിഖായേല്‍ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തര്‍ക്കിച്ചു വാദിക്കുമ്പോള്‍ ഒരു ദൂഷണവിധി ഉച്ചരിപ്പാന്‍ തുനിയാതെ: കര്‍ത്താവു നിന്നെ ഭര്‍ത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.” (യൂദാ 9). ഈ ഒരു കാര്യം പഴയനിയമത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതൊരു യഹൂദ പാരമ്പര്യം ആണ്. യൂദാ അത് ഉദ്ധരിക്കുന്നു.

കര്‍ത്താവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അരുളിചെയ്ത കാര്യങ്ങളും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല

യോഹന്നാന്‍ 20: 30, 31 “ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു. എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു”. യോഹന്നാന്‍ 21: 25 “യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു.”

ഇവിടെ അപ്പോസ്തോലന്‍ വ്യക്തമാക്കിയിരിക്കുന്ന മൂന്നു കാര്യങ്ങള്‍ ഉണ്ട് 1) യേശു ചെയ്ത ബൈബിളില്‍ രേഖപ്പെടുത്താത്ത  പലകാര്യങ്ങളും ഉണ്ട് 2) ജീവന്‍ ഉണ്ടാകേണ്ടതിന് ഇത് എഴുതുന്നു; എന്നാല്‍ ജീവനിലുള്ള  വളര്‍ച്ചയ്ക്ക് ഇത് മതിയായതാണെന്ന് വ്യക്തം ആക്കുന്നില്ല.

3) ഈ പുസ്തകം എന്നുദ്ദേശിക്കുന്നത് തന്‍റെ (യോഹന്നാന്റെ) സുവിശേഷം മാത്രം.

ഇങ്ങനെ നാല് സുവിശേഷങ്ങള്‍ നോക്കിയാല്‍ പോലും കര്‍ത്താവ്‌ പഠിപ്പിച്ചതും പ്രവൃത്തിച്ചു കാണിച്ചതും മുഴുവന്‍  രേഖപ്പെടുത്തിയിട്ടില്ല എന്ന് മനസ്സിലാക്കാം.

അപ്പോസ്തോലന്മാര്‍ എഴുതിയത് മുഴുവന്‍ ബൈബിളില്‍ ഇല്ല

അപ്പോസ്തോലന്മാര്‍ എഴുതിയത് മുഴുവന്‍ ബൈബിളില്‍ ഇല്ല. ചില തെളിവുകളിലേക്ക്‌ കണ്ണോടിക്കാം.

  • 1കൊരിന്ത്യര്‍ 5:9 “ദുര്‍ന്നടപ്പുകാരോടു സംസര്‍ഗ്ഗം അരുതു എന്നു ഞാന്‍ എന്റെ ലേഖനത്തില്‍ നിങ്ങള്‍ക്കു എഴുതീട്ടുണ്ടല്ലോ”. വിശുദ്ധ വേദ പുസ്തകത്തില്‍ കൊരിന്ത്യാ ദേശക്കാര്‍ക്ക് എഴുതിയ രണ്ടു ലേഖനങ്ങള്‍ ഉണ്ട്. ദുര്‍നടപ്പുകാരോട് സംസര്‍ഗം അരുത് എന്ന് ഈ രണ്ടു ലേഖനങ്ങളിലും പറയുന്നില്ല. പക്ഷെ ഈ വാക്യങ്ങളില്‍ നിന്ന് മനസിലാക്കാം നേരത്തെ പറഞ്ഞിട്ടുണ്ട് എന്ന്. അങ്ങനെ എങ്കില്‍ ആ പറഞ്ഞ ലേഖനം എവിടെ? നേരത്തെ എഴുതിയ ഒന്ന് നഷ്ടപ്പെട്ടു എന്നല്ലേ അതിന്‍റെ അര്‍ഥം? ഈ അവസരത്തില്‍ പൂര്‍വ സഭാ പിതാവായ മൂശെബര്‍കീപ്പ പറയുന്ന വിശദീകരണം കൂടി കേട്ടാല്‍ നന്നായിരിക്കും “ഭാഗ്യവാനായ പൗലോസ്‌ 5 ലേഖനങ്ങള്‍ കൊരിന്ത്യര്‍ക്കു എഴുതി അവയില്‍ രണ്ടെണ്ണമേ ലഭ്യമായിട്ടുള്ളൂ”. അപ്പോള്‍ ബാക്കി ലേഖനങ്ങള്‍ എവിടെ? അവയുടെ ഉള്ളടക്കം എന്ത് ? എത്ര അധ്യായങ്ങള്‍ അവയില്‍ ഉണ്ട്? അവ ഒന്നും ദൈവവചനം അല്ലെ?
  • കൊലൊസ്സ്യര്‍ 4:16 “നിങ്ങളുടെ ഇടയില്‍ ഈ ലേഖനം വായിച്ചു തീര്‍ന്നശേഷം ലവുദിക്യസഭയില്‍ കൂടെ വായിപ്പിക്കയും ലവുദിക്യയില്‍നിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‍വിന്‍”. ഇവിടെ നിന്ന് നമ്മുക്ക് രണ്ടു കാര്യങ്ങള്‍ മനസിലാക്കാം. ശ്ലീഹ ഒരേ സമയത്ത് രണ്ടു ലേഖനങ്ങള്‍ എഴുതി; കൊലോസ്യര്‍ക്കും ലവോദിക്യര്‍ക്കും. ഇവ രണ്ടും രണ്ടു സഭകളിലും വായിക്കണം എന്നും അപ്പോസ്തോലന്‍ താല്പര്യപ്പെട്ടു കല്പ്പിച്ചിരുന്നു. അതായതു രണ്ടും സഭകള്‍ക്ക് പ്രയോജനപ്പെടും വിധം പ്രാധാന്യം അര്‍ഹിക്കുന്നവ ആണെന്ന് അപ്പോസ്തോലന് ഉറപ്പുണ്ടായിരുന്നു. അവയില്‍ ഒരു ലേഖനം ഇന്നെവിടെ? അതിന്‍റെ ഉള്ളടക്കം എന്ത്? അതില്‍ എത്ര അധ്യായങ്ങള്‍? അത് ദൈവവചനം ആയിരുന്നില്ലേ?

മുകളില്‍ പറഞ്ഞ വേദ ഭാഗങ്ങളില്‍ നിന്ന് അപ്പോസ്തോലന്മാരുടെ നഷ്ടമായ ലേഖനങ്ങള്‍ ഉണ്ട് എന്നത് വ്യക്തം ആണ്. മാത്രവുമല്ല, പന്ത്രണ്ടു അപ്പോസ്തോലന്മാരിലും എഴുപതോളം അറിയിപ്പുകാരിലും പെട്ടവര്‍ ലോകത്തിന്റെ നാനാ ഭാഗത്തിലേക്ക് സഞ്ചരിച്ചു. അവര്‍ ലേഖനം എഴുതിയോ എഴുതിയത് നഷ്ടപ്പെട്ടോ എന്ന് നമുക്ക് അറിയില്ല. എഴുതിയെങ്കില്‍ അവ നമ്മുടെ കയ്യില്‍ ഇല്ല. തന്നെയുമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ പഠിപ്പിച്ച പഠിപ്പിക്കലുകള്‍ പ്രകാരം സഭ നില നിന്നു.

അപ്പോസ്തോലന്മാര്‍ പറഞ്ഞതും പ്രവര്‍ത്തിച്ചു കാണിച്ചതും മുഴുവന്‍ ബൈബിളില്‍ ഇല്ല

അതുപോലെ എഴുത്തുകളെക്കാള്‍ നേരില്‍ മുഖദാവില്‍ സംസാരിക്കാന്‍ ആണ് അവര്‍ താത്പര്യപ്പെട്ടിരുന്നത്. അത് അവര്‍ തങ്ങളുടെ ലേഖനങ്ങിളില്‍ വ്യക്തം ആക്കിയിട്ടും ഉണ്ട് അങ്ങനെ ചില ഭാഗങ്ങള്‍ നമ്മുക്ക് ശ്രദ്ധിക്കാം

  1. 1 പത്രോസ് 5:12 “നിങ്ങള്‍ക്കു വിശ്വസ്തസഹോദരന്‍ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തില്‍ എഴുതിയിരിക്കുന്നു” – ഈ താന്‍ എഴുതിയിരിക്കുന്നത് ചുരുങ്ങിയ വാക്കുകളില്‍ ആണെന്ന് അപ്പോസ്തോലന്‍ തന്നെ സാക്ഷിക്കുന്നൂ.
  2. 2 യോഹന്നാന്‍ 1:12 “നിങ്ങള്‍ക്കു എഴുതുവാന്‍ പലതും ഉണ്ടു: എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാന്‍ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കല്‍ വന്നു മുഖാമുഖമായി സംസാരിപ്പാന്‍ ആശിക്കുന്നു”. – ഇവിടെ അപ്പോസ്തോലന്‍ പറയുകയാണ്‌ തനിക്ക് കടലാസ്സിലും മഷിയിലും എഴുതുന്നതിലും താത്പര്യം നേരിട്ട് മുഖാമുഖം സംസാരിക്കുന്നതില്‍ ആണെന്ന്. ഇതേ പോലെ തന്നെ അടുത്ത ലേഖനത്തിലും ഇത് കാണാം
  3. 3 യോഹന്നാന്‍ 1:13-14 “എഴുതി അയപ്പാന്‍ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ടു എഴുതുവാന്‍ എനിക്കു മനസ്സില്ല. വേഗത്തില്‍ നിന്നെ കാണ്മാന്‍ ആശിക്കുന്നു. അപ്പോള്‍ നമുക്കു മുഖാമുഖമായി സംസാരിക്കാം
  4. 1 കൊരിന്ത്യര്‍ 11:34 “ശേഷം കാര്യങ്ങളെ ഞാന്‍ വന്നിട്ടു ക്രമപ്പെടുത്തും” – ഇവിടെയും അപ്പോസ്തോലന്‍ അത്യാവശ്യമായി പറയണ്ട ചില കാര്യങ്ങള്‍ പറഞ്ഞ ശേഷം ബാക്കി താന്‍ നേരിട്ട് വന്നു ക്രമപ്പെടുത്താം എന്ന തീരുമാനം അറിയിക്കുക ആണ് ചെയ്തത്.
  5. 1 തിമോത്തിയോസ് 3:14-15 “ഞാന്‍ വേഗത്തില്‍ നിന്റെ അടുക്കല്‍ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തില്‍ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു”. ഇവിടെയും നേരിട്ട് എത്താന്‍ ഉള്ള തന്‍റെ താത്പര്യം ആണ് അപ്പോസ്തോലന്‍ പ്രകടിപ്പിക്കുന്നതു അല്ലാതെ എഴുത്ത് കുത്തിലൂടെ എല്ലാം പരിഹരിക്കാം എന്നല്ല.
  6. ഫിലിപ്പിയര്‍ 4:9 – “എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവര്‍ത്തിപ്പിന്‍; എന്നാല്‍ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.” ഇവിടെ അപ്പോസ്തോലന്‍ പറയുന്നു കേട്ടും കണ്ടും ഉള്ളത് എന്ന്. ഈ കേട്ടും കണ്ടും ഉള്ള ഭാഗം ഇപ്പോളുള്ള ബൈബിളില്‍ എവിടെ ആണ് ഉള്ളത്? അവ എന്തൊക്കെ ആണ് ? എന്തിനെപറ്റി ആണ് അത് പറയുന്നത് ? ഇനി അപ്പോസ്തോലന്മാരില്‍ നിന്ന് കെട്ടും കണ്ടതുമുള്ള കാര്യങ്ങള്‍ അനുസരിക്കെണ്ടതില്ല എന്നാണോ വാദിക്കുന്നത് ?
  7. 2 തെസ്സലോനിക്യര്‍ 2:15 – “ആകയാല്‍ സഹോദരന്മാരേ, നിങ്ങള്‍ ഉറെച്ചുനിന്നു ഞങ്ങള്‍ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ (paredoseis – പാരമ്പര്യങ്ങളെ, Traditions) മുറുകെ പിടിച്ചുകൊള്‍വിന്‍”. എല്ലാത്തിനും ഉപരി ആയി ഈ വാക്യം അപ്പോസ്തോലന്‍ തന്നെ പറയുന്നു താന്‍ വാക്കിനാലോ /ലേഖനത്താലോഉപദേശിച്ചു തന്ന പാരമ്പര്യങ്ങളെ – ഇതിലും വ്യക്തത വേറെ വാക്യത്തിന് ആവശ്യം ഉണ്ടോ ? ലേഖനം മാത്രം എന്ന് പറഞ്ഞു അതിനെ വിഗ്രഹ തുല്യം പ്രതിഷ്ഠിക്കുന്നത് വേദ വിപരീതം അല്ലെ ?
  8. അപ്പൊ. പ്രവൃ. 18:11-“അങ്ങനെ അവന്‍ ഒരാണ്ടും ആറുമാസവും അവരുടെ ഇടയില്‍ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു”. ഈ ഉപദേശങ്ങള്‍ എന്തൊക്കെയാണ് എന്ന് ബൈബിള്‍ അടിസ്ഥാനം ആക്കി കാണിക്കാമോ ?
  9. അപ്പൊ. പ്രവൃ. 19:8- “പിന്നെ അവന്‍ പള്ളിയില്‍ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു” ഈ സംവദിച്ചത് എന്തായിരുന്നു? ദൈവവചന വിരുദ്ധം ആയിരുന്നോ ?
  10. അപ്പൊ. പ്രവൃ. 20-31 “അതു കൊണ്ടു ഉണര്‍ന്നിരിപ്പിന്‍; ഞാന്‍ മൂന്നു സംവത്സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓര്‍ത്തുകൊള്‍വിന്‍.” ഈ പറഞ്ഞ ബുദ്ധി എന്തൊക്കെ ആയിരുന്നു ?
  11. 1 കൊരിന്ത്യര്‍ 4:17 – “ഇതു നിമിത്തം കര്‍ത്താവില്‍ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു. ഞാന്‍ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികള്‍ അവന്‍ നിങ്ങളെ ഓര്‍പ്പിക്കും. ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികള്‍ അവന്‍ നിങ്ങളെ ഓര്‍പ്പിക്കും.” ഈ പറഞ്ഞ തീത്തൊസിന്റെ ഉപദേശങ്ങള്‍ എന്തായിരുന്നു? എഴുതിയത് മാത്രം കേട്ട് അനുസരിക്കാന്‍ അല്ല, തീത്തോസ് പറയുന്നത് കൂടി അനുസരിക്കാന്‍ പൌലോസ് പറയുന്നു.
  12. 2 തെസ്സലോനിക്യര്‍ 3:6 – “സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം (paredosis- Tradition) വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു ആജ്ഞാപിക്കുന്നു.”ഈ പറയുന്ന പ്രമാണം എന്തൊക്കെ ആണ്?
  13. 2 തിമോത്തിയോസ് 1:13 -എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊള്‍ക. ഏതായിരുന്നു ഈ വചനം ?
  14. 2 തിമോത്തിയോസ് 2:2 “നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക”. ഇവിടെ എന്താണ് കേട്ടത് എന്താണ് ഭരമേല്‍പ്പിച്ചിരിക്കുന്നത്?

‘ബൈബിള്‍ മാത്രം’ എന്നുള്ള വാദം തെറ്റാണു എന്ന് തന്നെ ബൈബിളും സമര്‍ത്ഥിക്കുന്നു. അതിനൊപ്പം തന്നെ അപ്പോസ്തോലന്മാര്‍ തങ്ങളുടെ ശിഷ്യന്മാരെ പഠിപ്പിച്ചതും പ്രവൃത്തിച്ചു കാണിച്ചതും ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാണ്. അതാണ്‌ അപ്പോസ്തോലിക സഭകള്‍ ഇന്നും പിന്തുടരുന്നത്. അതുകൊണ്ട് തന്നെ ബൈബിളിനോപ്പം പാരമ്പര്യങ്ങളും വാമോഴികളും ഉണ്ട് എന്ന് ഈ വേദ ഭാഗങ്ങളില്‍ നിന്ന് നമ്മുക്ക് നിസ്സംശയം മനസ്സിലാക്കാം.

കര്‍ത്താവിന്റെയും അപ്പോസ്തോലന്മാരുടെയും ഉപദേശങ്ങള്‍ വിശുദ്ധ പാരമ്പര്യങ്ങളില്‍

മുകളില്‍ അപ്പോസ്തോലന്മാര്‍ എഴുതിയ പല ലേഖനങ്ങളും നഷ്ടമായതു ബൈബിളില്‍ നിന്ന് തന്നെ മനസ്സിലാക്കി . അതുപോലെ എഴുതുന്നതിനേക്കാള്‍ പത്രോസ്, പൗലോസ്‌, യോഹന്നാന്‍ ശ്ലീഹന്മാര്‍ നേരില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ഇഷ്ടപ്പെട്ടിരുന്നൂ എന്നും മനസ്സിലാക്കി. അതുപോലെ കര്‍ത്താവ് പറഞ്ഞതില്‍ ചുരുക്കം കാര്യങ്ങള്‍ മാത്രമേ ബൈബിളില്‍ എഴുതപ്പെട്ടിട്ടുള്ളൂ . അതുകൊണ്ട് ആദിമ സഭക്കാര്‍ അപ്പോസ്തോലന്മാരില്‍  നിന്നും കേട്ടു ഗ്രഹിച്ച കാര്യങ്ങള്‍ ഓര്‍മയില്‍ വച്ചിരുന്നു.  അങ്ങനെ ഉള്ള ഒരു വാക്യമാണ് യോഹന്നാന്‍ 7:53 മുതല്‍ 8:11 വരെ ഉള്ള ഭാഗം . ഈ ഭാഗങ്ങള്‍ യോഹന്നാന്‍ എഴുതിയതല്ല മറ്റാരോ പിന്നീട് എഴുതിച്ചേര്‍ത്തതാണ് എന്ന് കരുതപ്പെടുന്നു . അതുപോലെ അപ്പോസ്തോല പ്രവര്‍ത്തികള്‍ 20:35 “വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതു ഭാഗ്യം എന്നു കര്‍ത്താവായ യേശുതാന്‍ പറഞ്ഞ വാക്കു ഓര്‍ത്തുകൊള്‍കയും”എന്ന് പറഞ്ഞിരിക്കുന്നത് കാണാം എന്നാല്‍ ഇങ്ങനെ ഒരു വാക്യം സുവിശേഷങ്ങളില്‍ ഒരിടത്തും കാണാന്‍ സാധിക്കുകയില്ല പിന്നെ എവിടുന്നു വന്നു ആ വാക്യം ? ഉത്തരം നിസ്സാരം ആണ് കര്‍ത്താവിന്‍റെ ബൈബിളില്‍ രേഖപ്പെടുത്താത്ത അനേകം ഉപദേശങ്ങള്‍ വേറെയും ഉണ്ട്. ഇങ്ങനെയുള്ളതു മിക്കതും അവര്‍ അവരുടെ ലേഖനങ്ങളിലും മറ്റും രേഖപ്പെടുത്തി വച്ചു. വേറെ ചിലത് അവരുടെ തന്നെ ശിഷ്യന്മാരെ പഠിപ്പിച്ചു. അവ തലമുറയായി കൈമാറി പഠിപ്പിച്ചു വരുന്നു. ആദിമ സഭ രേഖപ്പെടുത്തിയിടുള്ള അങ്ങനെ ചില വചനങ്ങള്‍ നമ്മുക്ക് നോക്കാം

  • “ഒരുത്തനും ഞാന്‍ കേട്ടില്ല എന്ന് പറയതിരിപ്പാന്‍ നിങ്ങള്‍ പന്ത്രണ്ടു സംവത്സരങ്ങള്‍ക്കു ശേഷം ലോകത്തിലേക്ക് പുറപ്പെട്ടു പോകുവീന്‍ “
  • “എന്‍റെ സമീപത്തിരിക്കുന്നവന്‍ തീയുടെ സമീപത്തിരിക്കുന്നു. എന്നില്‍ നിന്ന് അകന്നു പോകുന്നവന്‍ രാജ്യത്തില്‍ നിന്നും അകന്നു പോവുന്നു”
  • “നിങ്ങള്‍ വിശ്വസ്തര്‍ ആയ പണ വ്യാപാരികള്‍ ആയിരിപ്പീന്‍ “

അപ്പോസ്തോലന്മാരുടെ പഠിപ്പിക്കലുകളും ഇപ്രകാരം വായ്മൊഴി പാരമ്പര്യമായി സഭ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ചിലത് മാത്രം കുറിക്കുന്നു.

  • പരിശുദ്ധ അപോസ്തോലന്മാര്‍ ഇപ്രകാരം ഭരമെല്‍പ്പിച്ചു: ഒന്നാമതായി കിഴക്കോട്ടു നോക്കി പ്രാര്‍ഥിക്കണം, കാരണം, മിന്നല്‍ കിഴക്കുനിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുന്നതുപോലെ മനുഷ്യപുത്രന്റെ വരവ് ഉണ്ടാകും. അതുകൊണ്ട് നാം കിഴക്കോട്ടു നോക്കി പ്രാര്‍ഥിക്കുമ്പോള്‍ അവന്റെ വരവ് പ്രതീക്ഷിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്നു എന്ന് നാം മനസ്സിലാക്കുന്നു.” (Didascalia Apostolorum ; AD 230)
  • “ശിശുക്കള്‍ക്ക് സ്നാനം നല്‍കണം എന്നുള്ള പാരമ്പര്യം നമുക്ക് അപ്പോസ്തോലന്മാരില്‍ നിന്ന് ലഭിച്ചതാണ്” (Origen, Commentaries on Romans; A.D. 248)

ബൈബിളില്‍ ഉള്ള പ്രകടമായ വൈരുധ്യങ്ങള്‍ (apparent contradictions)

അപ്പോസ്തോലിക പാരമ്പര്യം ഇല്ലെങ്കില്‍ ബൈബിളില്‍ ചില പ്രകടമായ വൈരുധ്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഒരു ചെറിയ ഉദാഹരണം മാത്രം ചൂണ്ടി കാണിക്കാം. “ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും….” (മത്താ 28: 19). “പത്രൊസ് അവരോടു: നിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം ഏല്പിന്‍ …” (അപ്പൊ. പ്രവൃ. 2:38). ഈ രണ്ടു വാക്യങ്ങളും നോക്കുക. ആദ്യത്തെതില്‍ പറയുന്നു ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍’ ആണ് സ്നാനം കഴിപ്പിക്കേണ്ടത് എന്ന്. എന്നാല്‍ രണ്ടാം വാക്യത്തില്‍ ‘യേശുവിന്റെ നാമത്തില്‍’ ആണ് സ്നാനം കഴിപ്പിക്കേണ്ടത്. ഇതില്‍ ഏതാണ് ശെരി? ഈ വൈരുദ്ധ്യത്തില്‍ പിടിച്ചും രണ്ടു കൂട്ടങ്ങള്‍ protestant സമൂഹത്തില്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. ത്രിത്വനാമത്തില്‍ സ്നാനപ്പെടുതുന്നവരെ ‘trinitarians’ എന്നും യേശുവിന്റെ നാമത്തില്‍ സ്നാനപ്പെടുതുന്നവരെ ‘unitarians’  (യേശു നാമക്കാര്‍) എന്നും വിളിക്കുന്നു. എന്നാല്‍ അപ്പോസ്തോലിക പാരമ്പര്യം പ്രകാരം ത്രിത്വനാമത്തില്‍ ആണ് സ്നാനപ്പെടുതെണ്ടത്. അപ്പോസ്തോല പ്രവൃത്തികളിലെ വാക്യം ഒരു സാമാന്യ വാക്യം ആയിട്ടെ അപ്പോസ്തോലിക സഭകള്‍ കാണുന്നുള്ളൂ. ചുരുക്കത്തില്‍ ഏതെങ്കിലും ബൈബിള്‍ വാക്യങ്ങള്‍ അടിസ്ഥാനമാക്കി അല്ല, അപ്പോസ്തോലന്മാര്‍ പഠിപ്പിച്ചത് എങ്ങനെയാണോ അതാണ്‌ സഭ പിന്തുടരുന്നത്.

വിവിധ കൈയ്യെഴുത്തു പ്രതികളിലെ വാക്യവത്യാസങ്ങള്‍ (textual variations)

ബൈബിള്‍ പല പ്രാചീന കയ്യെഴുത്ത് പ്രതികളും ലഭ്യമാണ്. എന്നാല്‍ ഈ കയ്യെഴുത്ത് പ്രതികള്‍ പരിശോധിച്ചാല്‍ അതില്‍ പലതും തമ്മില്‍ ധാരാളം വത്യാസങ്ങള്‍ ഉണ്ട്. ചില പഠനങ്ങള്‍ അനുസരിച്ച് (textual criticism) പുതിയ നിയമത്തില്‍ തന്നെ ഏകദേശം 30,000 -ല്‍ അധികം വത്യാസങ്ങള്‍ ഉണ്ട്. പല വത്യാസങ്ങളും നിസ്സാരം ആണെങ്കിലും സാരമായ വത്യാസങ്ങളും അവ തമ്മില്‍ ഉണ്ട്. ചില ഉദാഹരണങ്ങള്‍ മാത്രം നോക്കാം.

  • “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ 24:36) ഇതിലെ “പുത്രനും കൂടെ അറിയുന്നില്ല ” എന്നുള്ളത് പല പ്രതികളിലും ഇല്ല. ഇതില്‍ പ്രധാനമായിട്ടുള്ള ഒരു പ്രശ്നം അടങ്ങിയിട്ടുണ്ട്, പുത്രന്‍ തമ്പുരാന്റെ ദൈവത്വത്തെ സംബന്ധിച്ച്. “പുത്രന്‍ പോലും അറിയുന്നില്ല”  എന്നുള്ളത് ഏറ്റു പിടിച്ചാണ് യേശുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്ന യഹോവ സാക്ഷികളും ശാബതുകാരും നിലവില്‍ വന്നത്. എന്നാല്‍ അപ്പോസ്തോലിക പാരമ്പര്യം പഠിപ്പിക്കുന്നു, യേശു പൂര്‍ണ ദൈവം ആണെന്ന്.
  • “അതുകൊണ്ടു ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്കു ഒരു ശിക്ഷാവിധിയും ഇല്ല.” (റോമര്‍ 8:1). എന്നാല്‍ മറ്റു പല പ്രതികളിലും “അതുകൊണ്ടു ഇപ്പോള്‍ ക്രിസ്തുയേശുവില്‍ ആയി ജഡപ്രകാരം നടക്കാതെ പരിശുധാത്മപ്രകാരം നടക്കുന്നവന് ഒരു ശിക്ഷാവിധിയും ഇല്ല.” എന്ന് കാണാം. ഈ വാക്യം ഒക്കെ വച്ചാണ് യേശുക്രിസ്തുവില്‍ വിശ്വസിച്ചാല്‍ രക്ഷിക്കപ്പെട്ടു എന്നും പിന്നീട് ആര്‍ക്കും ന്യായവിധി ഇല്ലെന്നും ഒക്കെയുള്ള വിപരീത പഠിപ്പിക്കല്‍ നവീന സമൂഹങ്ങളില്‍ കടന്നു വന്നത്.
  • “സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.” ( 1 യോഹ 5:7). ചില കൈയ്യെഴുത്തു പ്രതികളില്‍ ഇത് കൂടാതെ “സ്വര്‍ഗ്ഗത്തില്‍ മൂന്നു സാക്ഷികള്‍ ഉണ്ട് ; പിതാവ്, വചനം, പരിശുദ്ധാത്മാവ്. ഇവര്‍ മൂന്നും ഒന്ന് തന്നേ ” എന്നതുകൂടി ഉണ്ട്. ഇതിനെ Comma Johanneum എന്ന് വിളിക്കും.
  • മാര്‍ക്കോസ് 16:9-20 പല പ്രധാന പ്രതികളിലും ഇല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് കാണുക : http://www.ovc.edu/tc/

ബൈബിളില്‍ വിവരണത്തിന്റെ അപൂര്‍ണത

ബൈബിളില്‍ പല കാര്യങ്ങളും എഴുതപ്പെട്ട സാഹചര്യങ്ങളും സാമൂഹ്യ വ്യവസ്ഥകളും അനുസരിച്ചാണ് മനസ്സിലാക്കേണ്ടത്. അതായത് അക്കാലത്ത് വായിച്ചാല്‍ മനസ്സിലാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലതും മനസ്സിലാക്കണമെങ്കില്‍ അപ്പോസ്തോലിക പാരമ്പര്യം കൂടിയേ തീരൂ. ഒരു ഉദാഹരണം പറയാം. ക്രിസ്തുവിനെ തറച്ചത് കുരിശില്‍ ആണ് എന്നുള്ളത് അപ്പോസ്തോലിക പാരമ്പര്യമാണ്. ബൈബിള്‍ അപ്രകാരം വ്യക്തമായി പറഞ്ഞിട്ടില്ല! വായനക്കാര്‍ ഞെട്ടണ്ട. ബൈബിള്‍ പുതിയനിയമം എഴുതപ്പെട്ടത് ഗ്രീക്ക് ഭാഷയിലാണ്. “കുരിശ് ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം “σταυρός ” (Stauros) എന്നതാണ്. ഈ ഗ്രീക്ക് പദം ആദ്യ നൂറ്റാണ്ടുകളില്‍ കുത്തനെ നാട്ടിയിരിക്കുന്ന വധശിക്ഷ നല്‍കുന്ന ഒന്നിനെ സൂചിപ്പിക്കുന്നതാണ്. Stauros – ന് കുരിശു രൂപം ആണെന്ന് ബൈബിളില്‍ നിന്ന് സൂചന കിട്ടുന്നില്ല എന്നതാണ് സത്യം. യേശുവിനെ കൊന്നത് കുരിശില്‍ ആണെന്നുള്ളത്‌ അപ്പോസ്തോലിക പാരമ്പര്യം ആണ്. അതായത്, യേശു മരിച്ചത് കുരിശില്‍ ആണെന്ന് മനസ്സിലാക്കാന്‍ അപ്പോസ്തോലിക പാരമ്പര്യം കൂടിയേ തീരൂ. പരിഭാഷകളില്‍ കുരിശ് / സ്ലീബാ /cross എന്ന് കാണുന്നുണ്ടെങ്കില്‍ അത് പാരമ്പര്യത്തില്‍ നിന്ന് കടം കൊണ്ടതാണ്. യേശു ക്രൂശിക്കപ്പെട്ടു എന്ന് അംഗീകരിക്കുന്നവര്‍ അറിയാതെ അപ്പോസ്തോലിക പാരമ്പര്യങ്ങളെ ആണ് അംഗീകരിക്കുന്നത്. (കുറിപ്പ് : അപ്പോസ്തോലിക പാരമ്പര്യം അംഗീകരിക്കാത്ത യഹോവ സാക്ഷികള്‍, യേശു കുത്തനെ നിര്‍ത്തിയിരിക്കുന്ന ഒരു മരത്തില്‍ മരിച്ചു എന്നാണു വിശ്വസിക്കുന്നത് . )

നാലാം നൂറ്റാണ്ടുവരെ ക്രിസ്തീയ സഭയില്‍ ബൈബിള്‍ ഉണ്ടായിരുന്നില്ല

ഏകദേശം നാലാം നൂറ്റാണ്ടുവരെ ഇന്നത്തെ രൂപത്തില്‍ ബൈബിള്‍ ക്രോഡീകരിക്കപ്പെട്ടിട്ടില്ലായിരുന്നു. അപ്പോസ്തോലന്മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പഴയ നിയമത്തെ തിരുവെഴുത്തുകള്‍ ആയി പരിഗണിച്ചിരുന്നു. എന്നാല്‍ പുതിയ നിയമത്തിലെ എഴുത്തുകള്‍ എല്ലാം പല സഭകളില്‍ ആയി ചിതറി കിടന്നിരുന്നു. അവര്‍ ക്രിസ്തീയ ഉപദേശങ്ങള്‍ രൂപീകരിച്ചത് അപ്പോസ്തോലിക പാരമ്പര്യങ്ങള്‍ വച്ചാണ്. “ബൈബിള്‍ മാത്രം” എന്ന സിദ്ധാന്തം നാലാം നൂറ്റാണ്ടുവരെ ജീവിച്ചു ക്രിസ്തുവിനു വേണ്ടി മരിക്കുകയും കഷ്ടത അനുഭവിക്കുകയും വേദവിപരീതങ്ങള്‍ക്ക് എതിരെ പോരാടുകയും ചെയ്ത ക്രിസ്തീയ സമൂഹത്തില്‍ എങ്ങനെ സത്യമാകും?

ബൈബിളില്‍ തന്നെ പാരമ്പര്യങ്ങളെ എതിര്‍ക്കുന്നുണ്ടല്ലോ?

ബൈബിളില്‍ പല വാക്യങ്ങളും പാരമ്പര്യങ്ങളെ എതിര്‍ക്കുന്നതായുണ്ടല്ലോ. അപ്പോള്‍ പാരമ്പര്യങ്ങളെ എല്ലാം തള്ളിക്കലയെണ്ടാതല്ലേ ? ന്യായമായും ഉണ്ടാകാവുന്ന ഒരു സംശയം. നമുക്ക് വിശദമായി ചിന്തിക്കാം.

ബൈബിളിലെ പാരമ്പര്യങ്ങളെ എതിര്‍ക്ക്കുന്ന ചില വാക്യങ്ങള്‍ ഇതാ : “അവന്‍ അവരോടു ഉത്തരം പറഞ്ഞതു: “നിങ്ങളുടെ സമ്പ്രദായംകൊണ്ടു (tradition) നിങ്ങള്‍ ദൈവകല്പന ലംഘിക്കുന്നതു എന്തു?  അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവന്‍ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ. നിങ്ങളോ ഒരുത്തന്‍ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാല്‍ അവന്‍ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബ്ബലമാക്കിയിരിക്കുന്നു. ” (മത്താ 15:3-6).  “തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവര്‍ന്നുകളായതിരിപ്പാന്‍ സൂക്ഷിപ്പിന്‍; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു (tradition) ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങള്‍ക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.” (കൊലൊ 2:8). “വ്യര്‍ത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പില്‍നിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു……” (1 പത്രോ 1:18). ഇവിടെയൊക്കെ പാരമ്പര്യങ്ങളെ എതിര്‍ത്തിട്ടുണ്ട് എന്നുള്ളത് സത്യം തന്നെ. എന്നാല്‍ നവീന കൂട്ടങ്ങള്‍ ചെയ്യുന്നത് “പാരമ്പര്യങ്ങള്‍” (traditions) എന്ന് എവിടെ കണ്ടാലും എതിര്‍ക്കണം എന്ന് സങ്കല്പ്പിക്കുകയാണ്. ഇവിടെ തിരിച്ചറിയേണ്ട വസ്തുത, ക്രിസ്തുവും അപ്പോസ്തോലന്മാരും എതിര്‍ക്കുന്നത് തിരുവചനതിനു എതിരായ വ്യര്‍ത്ഥപാരമ്പര്യങ്ങളെ ആണ്. എന്നാല്‍ വിശുദ്ധമായ അപ്പോസ്തോലിക പാരമ്പര്യങ്ങള്‍ ഒരിക്കലും തിരുവേഴുതുകള്‍ക്ക് എതിരല്ല, തിരുവെഴുത്തുകള്‍ വിശുദ്ധ പാരമ്പര്യങ്ങള്‍ക്കും എതിരല്ല. വിശുദ്ധ പാരമ്പര്യങ്ങള്‍ അനുസരിക്കാന്‍ ബൈബിള്‍ തന്നെ പറയുന്നത് മുന്നമേ ചൂണ്ടിക്കാണിച്ചതാണ്. (2 തെസ്സ 2:15; 3:6 ).

ചില നവീന കൂട്ടങ്ങളില്‍ പെട്ട സഹോദരങ്ങള്‍ ധരിച്ചുവശായിരിക്കുന്നത്, പള്ളിയിലെ മണിയടിയും പെരുന്നാളില്‍ കെട്ടുന്ന തോരണവും ചെണ്ട മേളവും കദിനയും കൊടിമരവും മറ്റുമാണ് ഈ ‘പാരമ്പര്യങ്ങള്‍’ എന്ന്! എന്നാല്‍ തികച്ചും തെറ്റിധാരണ ആണത്. അപ്പോസ്തോലിക പാരമ്പര്യങ്ങള്‍ എന്നാല്‍ ഇതല്ല. മുകളില്‍ പറഞ്ഞതിന് വിശ്വാസവുമായി യാതൊരു ബന്ധവും ഇല്ല. അപ്പോസ്തോലിക പാരമ്പര്യങ്ങള്‍ എന്നത് ദൈവം ഏകനാണ്, ക്രിസ്തു ദൈവമാണ്, വി. കുര്‍ബാനയില്‍ അപ്പവീഞ്ഞുകള്‍ യഥാര്‍ത്ഥ തിരുശരീര രക്തങ്ങള്‍ ആകുന്നു,  കിഴക്കോട്ടു തിരിഞ്ഞു നിന്ന് പ്രാര്‍ഥിക്കണം, ശിശുക്കളെ സ്നാനപ്പെടുത്തണം, മറിയം ദൈവമാതാവാണ്  മുതലായവയായ അടിസ്ഥാന വിശ്വാസങ്ങള്‍ ആണ്, ചില ആചാരങ്ങള്‍ അല്ല. ഇവയൊന്നും ബൈബിളിനു എതിരല്ല. ബൈബിളും വിശുദ്ധ പാരമ്പര്യങ്ങളും പരസ്പര പൂരകങ്ങള്‍ ആണ്.

പൂര്‍ണമായതു എന്താണ് ?

ഇതിനുള്ള ഉത്തരം വിശുദ്ധ വേദപുസ്തകം തന്നെ തരുന്നുണ്ട് അതൊന്നു നമുക്ക് പരിശോധിക്കാം.

  • മത്തായി 16:18 “നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു.” – പത്രോസ് ആവുന്ന ആ പാറമേല്‍ പണിത സഭ, പാതാള ഗോപുരങ്ങള്‍ പോലും അതിനോട് ജയിക്കില്ല എന്ന് കര്‍ത്താവ് അരുളിചെയ്യുന്നു.
  • മത്തായി 18:17 “അവരെ കൂട്ടാക്കാഞ്ഞാല്‍ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാല്‍ അവന്‍ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ” – ക്രിസ്തീയ ജീവിതത്തിലെ തര്‍ക്കങ്ങള്‍ക്കും അവസാന വാക്കായി സഭയെ നിറുത്തിയിരിക്കുന്നു.
  • പ്രവര്‍ത്തികള്‍ 20:28 “നിങ്ങളെത്തന്നേയും താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിന്‍ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍.” – പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെടുന്നതാണ് സഭയെന്നു ഈ വാക്യങ്ങളില്‍ നിന്ന് വ്യക്തം ആണ്.
  • എഫെസ്യര്‍ 1:23  “എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.”
  • എഫെസ്യര്‍ 3:21 “സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേന്‍ .”
  • കൊലോസ്യര്‍ 1:24 “ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളില്‍ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളില്‍ കുറവായുള്ളതു എന്റെ ജഡത്തില്‍ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു”

ഉപസംഹാരം

പ്രിയമുള്ളവരേ, ഈ വാക്കുകളില്‍ നിന്ന് വി. വേദപുസ്തകം സഭയില്‍ ആണെന്നും വി. വേദപുസ്തകത്തെക്കള്‍ ശ്രേഷ്ഠം സഭയാണെന്നും ആര്‍ക്കും നിസ്സംശയം മനസ്സിലാക്കാവുന്നതെ ഉള്ളൂ. വേദപുസ്തകത്താല്‍ സഭയല്ല സഭയാല്‍ വേദപുസ്തകം ആണ് ലോകത്തിനു നല്‍കപ്പെട്ടത്. ബൈബിളില്‍ എത്ര പുസ്തകങ്ങള്‍ ഉണ്ടെന്നും ബൈബിള്‍ ദൈവവചനം ആണെന്ന് പഠിപ്പിച്ചതും വിശുദ്ധ സഭയാണ്. ഇതുകൊണ്ട് ബൈബിളിനെ ചെറുതാക്കുകയല്ല. അപ്പോസ്തോലിക പാരമ്പര്യങ്ങളുടെ ഏറ്റവും ആധികാരികമായ രേഖകള്‍ ആണ് വി. ബൈബിള്‍. യേശുവും അപ്പോസ്തോലന്മാരും ‘സോള സ്ക്രിപ്ച്ചൂറ’ എന്നാ അബദ്ധ സിദ്ധാന്തം പഠിപ്പിച്ചിട്ടുമില്ല. ക്രിസ്തുവും അപ്പോസ്തോലന്മാരും പറഞ്ഞതും പഠിപ്പിച്ചതും മുഴുവന്‍ ബൈബിളില്‍ ഇല്ല. അതുകൊണ്ട് തന്നെ ‘ബൈബിള്‍ മാത്രം’ എന്ന് വാദിക്കുന്നത് ബൈബിളിനും ദൈവവചനതിനും വിരുദ്ധവും ആണ്. ഈ സിദ്ധാന്തം ബൈബിള്‍ ഉപയോഗിച്ച് പോലും തെളിയിക്കാന്‍ പറ്റാത്ത അബദ്ധ വിശ്വാസമാണ്. സത്യം അറിയാന്‍ ദൈവം നമ്മുടെ ഉള്‍ക്കണ്ണുകളെ തളിയിക്കട്ടെ!