ആർക്കും തിരുവെഴുത്തുകള്‍ വ്യാഖ്യാനിക്കാമൊ? (Can Anyone Interpret Scriptures?)

ഒരു കര്‍ഷകന്‍ നെല്ല് വിതയ്ക്കുന്നു. തൊട്ടപ്പുറത്ത് ഒരു പാടത്ത് മറ്റൊരു കര്‍ഷകന്‍ ഗോതമ്പ് വിതയ്ക്കുന്നു. രണ്ടുപേരും വിതയ്ക്കുമ്പോള്‍ അവരുടെ വിത്തുകള്‍ പറന്ന് മറ്റുള്ളവരുടെ പാടങ്ങളില്‍ വീഴുന്നു. ഗോതമ്പ് വിതച്ചവന്റെ പാടത്ത് അല്‍പ്പം നെല്ലും, നെല്ല് വിതച്ചവന്റെ പാടത്ത് അല്‍പ്പം ഗോതമ്പും കിളുര്‍ത്ത് വന്നാല്‍ നെല്ല് വിതച്ചവന് ഗോതമ്പും, ഗോതമ്പ് വിതച്ചവന് നെല്ലും കളയായി മാറും!

അപ്പോള്‍ കള ഏതെന്ന് നിശ്ചയിച്ചവന്‍ പാടത്തിന്റെ ഉടയവന്‍ ആണ്. അതുപോലെ, പലരും ദൈവ വചനം കൈയ്യില്‍ എടുത്ത് വ്യാഖ്യാനിക്കുന്നുണ്ട്; എന്നാല്‍ വരുന്ന വ്യാഖ്യാനങ്ങള്‍ എല്ലാം ശേരിയോ തെറ്റോ എന്ന് നിശ്ചയിക്കേണ്ടത് വചനങ്ങളുടെ ഉടയവന്‍ ആണ്. ആ ഉടയവന്‍ സ്ഥാപിച്ച സഭയ്ക്ക് നല്‍കപ്പെട്ടതാണ്‌ എഴുതപ്പെട്ട വചനങ്ങള്‍. അതിന്റെ വ്യാഖ്യാനം ആ ഉടയവന്റെ, തന്റെ ശരീരവും രക്തവും ചീന്തി വീണ്ടെടുത്ത സഭയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. വ്യാഖ്യാനങ്ങള്‍ ആ സഭയോട് ചേര്‍ന്ന് നില്‍ക്കുന്നവ ആകണം. അല്ലാത്തവ എല്ലാം അവസാനം തീയിടാന്‍ ഉള്ളതാണ്.

യോഹന്നാന്‍ 15ആം അദ്ധ്യായത്തിലൂടെ മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ കൊമ്പുകള്‍ക്ക് കായ്പ്പാന്‍ സാധിക്കുകയില്ലെന്ന് യേശു നമ്മെ പഠിപ്പിക്കുന്നതുപോലെ, ഒരു അവയവം ശരീരത്തില്‍ ആയിരുന്നില്ലെങ്കില്‍ അതിന് ജീവന്‍ ഉണ്ടാകുന്നില്ല. അതുകൊണ്ട് സഭയില്‍ നിലനില്‍ക്കാതെ, സ്വന്തമായ വ്യാഖ്യാനങ്ങളുമായി ആര് ഇറങ്ങിയാലും അത് ഉടയവനെ സംബന്ധിച്ചിടത്തോളം കള ആയിരിക്കുകയും, വെട്ടി തീയില്‍ ഇട്ട് ചുട്ടു കളയുകയും ചെയ്യേണ്ടുന്നതാകുന്നു. ഇങ്ങനെ സ്വന്ത വ്യാഖ്യാനവുമായി നടക്കുന്ന ഒരുപറ്റം ആളുകളോട് 50ആം സങ്കീര്‍ത്തനം 16ആം വാക്യത്തിലൂടെ “നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായില്‍ എടുപ്പാനും നിനക്കെന്തു കാര്യം?” എന്ന് കര്‍ത്താവ്‌ ചോദിക്കുന്നു.

ഒറ്റ നോട്ടത്തില്‍ നിരുപദ്രവകരം എന്നും, അവരും യേശുവിനെതന്നെയല്ലേ പ്രസംഗിക്കുന്നത് എന്നും ഒരുപക്ഷെ തോന്നിയേക്കാം. എന്നാല്‍ തന്റെ ആടുകളെ മേയിക്കുവാന്‍ യേശു ഒരുവനെ ചുമതലപ്പെടുത്തുന്നു എന്നും, ആ ചുമതല, 3 പ്രാവശ്യം ഉറപ്പിച്ച ശേഷം ആണ് നല്‍കുന്നത് എന്നും വചനം വ്യക്തമായി വരച്ചു കാട്ടിയിട്ടും, അതെല്ലാം തള്ളി കളഞ്ഞ്, സ്വന്ത സഭയും സ്വന്ത വിവേകവും, സ്വന്ത വ്യാഖ്യാനവും ആയി ഇറങ്ങിയ കൂട്ടത്തിന്റെ ഗതി എന്താകും എന്ന് ചിന്തിക്കണം. ഇങ്ങനെ എല്ലാം സ്വന്തത്തില്‍ ഊന്നി, ലേഖനങ്ങള്‍ തട്ടിവിട്ട്, ഒരു വെബ്‌ സൈറ്റ് ഉണ്ടാക്കി അതിലെ ഹിറ്റുകള്‍ കണ്ട് നിര്‍വൃതി അടയുന്നവരും പ്രസംഗങ്ങള്‍ തട്ടിക്കൂട്ടി യൂട്യൂബിലും ഒക്കെ ഇട്ട് കോള്‍മയിര്‍ കൊള്ളുന്നവരും ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടു സ്വന്തം ലൈക്ക് കൂടി ചേര്‍ത്ത് എണ്ണി സന്തോഷിക്കുന്നവരും തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് സ്വയം ഒന്ന് വിധിക്കണം. അപ്രകാരം സ്വന്ത ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍, തന്മൂലം തങ്ങള്‍ക്കു തന്നെ ഉദരസേവ ചെയ്യുവാന്‍ നടക്കുന്നവരുടെ വ്യാഖ്യാനങ്ങള്‍ നിര്‍ദ്ദൊഷകരം അല്ല, പ്രത്യുതാ അപകടം ഏറിയതാകും എന്ന് വിശ്വാസി സമൂഹം തിരിച്ചറിയണം.

“സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളില്‍ അനേകര്‍ ഉപദേഷ്ടാക്കന്മാര്‍ ആകരുതു” എന്ന് വിശുദ്ധ യാക്കോബ് ശ്ലീഹ വ്യക്തമായി മൂന്നാം അധ്യായത്തില്‍ പഠിപ്പിക്കുന്നു. മാത്രമല്ല, അപ്പോസ്തോല പ്രവൃത്തികള്‍ 6 ആം അദ്ധ്യായം  ഒന്ന് മുതല്‍ ആറുവരെ വാക്യങ്ങള്‍ പരിശോധിച്ചാല്‍, തിരഞ്ഞെടുക്കപ്പെട്ടവരും, അപ്പോസ്തോലിക കൈവെപ്പു ലഭിച്ചവരും ആയവരെ മാത്രമേ മേശയുടെ ശുശ്രൂഷ എല്‍പ്പിച്ചിട്ടുള്ളൂ എന്ന് മനസ്സിലാക്കാം. അതായത് എല്ലാവരും എല്ലാ ശുശ്രൂഷകള്‍ക്കും യോഗ്യര്‍ അല്ല. അതിനു യോഗ്യരായവരെ കൈവെപ്പിലൂടെയാണ് നിയോഗിച്ചിരിക്കുന്നത്. അപ്പോസ്തോലിക കൈവെപ്പു ലഭിക്കാതെ ഇത്തരം ശുശ്രൂഷകളില്‍ ഏര്‍പ്പെടുന്നവര്‍ അവര്ക്ക് തന്നെ ശിക്ഷാവിധി വരുത്തുന്നു. പത്രോസ് തന്റെ രണ്ടാം ലേഖനം എഴുതുമ്പോള്‍ നവീന കൂട്ടങ്ങളോ നവീകരണ സിദ്ധാന്തങ്ങളോ ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധിക്കുക. തന്റെ രണ്ടാം ലേഖനത്തിന്റെ രണ്ടാം അധ്യായത്തില്‍ ശ്ലീഹ ഇപ്രകാരം പറയുന്നു, “നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാര്‍ ഉണ്ടാകും” എന്ന്. അങ്ങനെ ഇന്ന് ദുരുപദേശങ്ങളുടെ ആധിക്യത്താല്‍ പലരും തെറ്റുകയും, നവീകരണം കൊണ്ടുവന്നവരുടെ ഇടയില്‍ തന്നെ ഭിന്നിപ്പ് ഉണ്ടാകുന്ന കാഴ്ചയും നാം കാണുന്നു. ഒരേ ബൈബിളില്‍ നിന്ന് വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നവര്‍ തന്നെ വിപരീത ഉപദേശങ്ങള്‍ പഠിപ്പിക്കുന്നു. ഇവര്‍ തന്നെ പരസ്പരം എതിര്‍ക്കുകയും തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ബൈബിളില്‍ നിന്ന് ‘കണ്ടെത്തിയതായി’ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് വൈരുദ്ധ്യാത്മകമല്ലേ?

യേശു സഭ സ്ഥാപിച്ച്, ആ സഭയെ ശക്തീകരിക്കുവാന്‍ പരിശുദ്ധആത്മാവിനെ അയച്ച്, ആ ആത്മാവിനാല്‍ ശക്തി പ്രാപിച്ച അപ്പോസ്തോലന്മാര്‍ സുവിശേഷവുമായി ഇറങ്ങി, എത്രയോ കഴിഞ്ഞാണ് ദൈവവചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബൈബിള്‍ ക്രോഡീകരിക്കപ്പെടുന്നത് എന്ന പച്ചയായ സത്യം മറച്ചു പിടിച്ച്, ബൈബിള്‍ ‘അടിസ്ഥാനമാക്കി’ സഭയുണ്ടാക്കുവാന്‍ ശ്രമിക്കുന്നവരെ കാണുമ്പോള്‍ സഹതാപം മാത്രമാണ് തോന്നുന്നത്. അപ്പോസ്തോലന്മാര്‍ പഠിപ്പിച്ചതിനു വിപരീതമായി, മറ്റൊരു സുവിശേഷം ആണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. എന്തും ഏതും ബൈബിളില്‍ ഉണ്ടോ എന്ന് ചോദിക്കുന്ന ഇക്കൂട്ടര്‍, ബൈബിളില്‍ ശുശ്രൂഷ ക്രമം അല്ലാ എഴുതി വെച്ചിരിക്കുന്നത് എന്ന സത്യം അറിയുന്നില്ല.

ഒരു ക്ലാസ് നടക്കുമ്പോള്‍ അവിടെ വിഷയം സംബന്ധിച്ച്, നിരവധി കാര്യങ്ങള്‍ അദ്ധ്യാപകന്‍ വിശദീകരിച്ച് തരും. എന്നാല്‍ അതേ സംബന്ധിച്ച് നോട്ട് കുറിക്കുമ്പോള്‍ അദ്ധ്യാപകന്‍ പറഞ്ഞ എല്ലാ കാര്യങ്ങളും അതില്‍ ഉണ്ടാകുകയില്ല. എന്നുവെച്ച് അദ്ധ്യാപകന്‍ നോട്ടില്‍ ഉള്ള കാര്യങ്ങളേ പറഞ്ഞിട്ടുള്ളൂ എന്ന് ക്ലാസ്സില്‍ സംബന്ധിക്കാത്ത ഒരുവന്‍ വാശി പിടിക്കുന്നത് പരിഹാസ്യവും അപലപനീയവും ആണ്. അതുപോലെ തന്നെയാണ് ബൈബിളില്‍ യേശുവും അപ്പോസ്തോലന്മാരും പഠിപ്പിച്ചിട്ടുള്ളത്‌ എല്ലാം ഉണ്ട് എന്ന് വാദിക്കുന്നവരും.

അതുകൊണ്ട്, വചനം വ്യാഖ്യാനിക്കാന്‍ അതിന്റെ ഉടയവന്‍ ചിലരെ നിയോഗിച്ചിട്ടുണ്ട്. അവരില്‍ നിന്നല്ലാതെ, വചനത്തിന്റെ വ്യാഖ്യാനം സ്വീകരിക്കുന്ന ഏവനും അതിനാല്‍ യാതൊരു പ്രയോജനവും ഉണ്ടാകുകയില്ല. ഉടയവന് അത് എന്നും കള ആയിരിക്കുകയും, അതിന്റെ അവസ്സാനം തീയില്‍ എരിയുക എന്നതും ആയിരിക്കും. അതുകൊണ്ട്, വിശ്വാസി സമൂഹം വചനം വായിക്കുകയും, അതിന്റെ ശെരിയായ അര്‍ഥം ഗ്രഹിക്കുവാന്‍ വചനവ്യാഖ്യാനതിനായി അഭിഷേകം ചെയ്യപ്പെട്ടവരോട് ചോദിക്കുകയും വേണം.