ദൈവമാതാവായ വി. കന്യക മറിയമിന്റെ നിത്യ കന്യകത്വം ആദ്യമായി ചോദ്യം ചെയ്തത് ഹല്‍വിദിയസ് ആയിരുന്നു, AD 382-ല്‍ റോമില്‍ പ്രചരിച്ച ലേഖനത്തിന്, വി: ജെറോം തന്‍റെ സുപ്രശസ്തമായ “Against Helvidius” എന്ന ഗ്രന്ഥത്തിലൂടെ ദൈവവചനാടിസ്ഥാനത്തില്‍ ഉത്തരം നല്‍കുന്നു. ഈ കൃതിയില്‍ വി: ജെറോം ഹല്‍വിദിയസിന്‍റെ, വാദത്തെ “സര്‍വ്വലോകത്തിലും സുപ്രസിദ്ധമായ വിശ്വാസത്തിനെതിരെയുള്ള അഭിനവ (novel) ദുര്‍ജ്ജാത തിരസ്കരണം” എന്ന് വിശേഷിപ്പിച്ചു.
എന്തുകൊണ്ടു ഹല്‍വിദിയസ് മറിയത്തിന്റെ നിത്യ കന്യകത്വം ചോദ്യം ചെയ്തു ? ആധുനികകാലത്ത് നവീന പ്രൊട്ടെസ്റ്റണ്ടു പണ്ഡിതനമാര്‍ അനുധാവനം ചെയ്തതും, ഹല്‍വിദിയസ് ചെയ്തതും ഒരേ മാര്‍ഗ്ഗമായിരുന്നു, “ തിരുവചനത്തെ നല്‍കപ്പെട്ട പാരമ്പര്യത്തില്‍ നിന്നും അകന്നുമാറി മനസ്സിലാക്കുവാന്‍ ശ്രമിച്ചു! മറിയയുടെ നിത്യ കന്യകത്വം ആദ്യകാല നവീകരണ പ്രൊട്ടെസ്റ്റണ്ടുമാര്‍ പൂര്‍ണ്ണമായും അംഗീകരിച്ചിരുന്നു, പ്രേത്യേകിച്ചു മാര്‍ട്ടിന്‍ ലൂതര്‍, ജോണ്‍ കാല്‍വിന്‍, സിംഗ്ലി തുടങ്ങിയവർ ഈ സത്യത്തെ പൂര്‍ണ്ണമായും അംഗീകരിക്കുകയും തങ്ങളുടെ കൃതികളിലൂടെ പുരാതനവും, ശ്രേഷ്ടാവുമായ ഒരു വിശ്വാസത്തിന്‍റെ സാക്ഷ്യത്തിന്നായി കുറിച്ചിടുകയും ചെയ്തു, എന്നാല്‍ ആധുനിക പ്രൊട്ടെസ്റ്റണ്ടുകാര്‍ മനസ്സിലാക്കിയതിലും ഉപരിയായി ഈ നവീകരണ നേതാക്കള്‍ ‘നല്‍കപ്പെട്ട ദൈവീക രഹസ്യങ്ങളെ” സ്വീകരിച്ചപ്പോള്‍ എന്തുകൊണ്ടു ഇക്കാലത്തെ വിശ്വാസികള്‍ ഈ സത്യത്തെ മനസിലാക്കാന്‍ ശ്രേമിക്കുന്നില്ല, മാത്രമല്ല കേരളത്തിലെ ആദ്യകാല വേര്‍പാടു സഭമേധാവികള്‍ മറിയമിന്റെ നിത്യകന്യക എന്ന പുരാതന ക്രൈസ്തവ വിശ്വാസത്തെ “ബാബിലോണിയന്‍ മതങ്ങളില്‍ നിന്നും റോമാ സഭ കടം കൊണ്ടത്” എന്ന് പുസ്തകങ്ങളിലൂടെ പ്രചരിപ്പിച്ച് (അവലംബം: Pastor കെ ഇ എബ്രഹാം, മഹതിയാം ബാബിലോണ്‍, page 68) ഇപ്രകാരം ആധുനിക പ്രൊട്ടെസ്റ്റണ്ടുമാര്‍ ക്രൈസ്തവ പൂർവ്വപിതാക്കന്‍മരുടെയും, നവീകരണ നേതാക്കളുടെയും വിശ്വാസത്തിനു കളങ്കം വരുത്തിയിരിക്കുന്നു.
എന്തുകൊണ്ടു ഇപ്രകാരം ഒരു വിശ്വാസ സത്യത്തെ ഉല്‍കൊള്ളാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല? കാരണം തിരുവചനത്തില്‍ അധിഷ്ഠിതമായ സത്യത്തെ അതിന്‍റെ പൂര്‍ണമായ പ്രകാശത്തില്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല എന്നതുകൊണ്ടു, ത്വരിത രീതിയിലെ ദൈവവചനവായന സങ്കീര്‍ത്തനത്തില്‍ പറയുന്ന “ന്യായപ്രമാണത്തിന്‍ അത്ഭുതം കാണാന്‍” സാധിക്കാത്ത തരത്തില്‍ മനസ്സിനെ തള്ളിമാറ്റുന്നു. ഇപ്രകാരം ഒരു വായന സത്യത്തിന് വിരുദ്ധമായി, സ്വന്തം ബുദ്ധിയില്‍ ഊന്നിയുള്ള, പത്രൊസിന്‍റെ ലേഖനത്തില്‍ പറയുന്നപോലെ “അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു.”.
പ്രൊട്ടെസ്റ്റണ്ടു സഹോദരന്മാര്‍ പറയുന്നു “മറിയം കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം കന്യക ആയിരുന്നു എന്നു ദൈവവചനത്തില്‍ പറയുന്നില്ല” എന്നാല്‍ വി: ജെറോം ഇപ്രകാരം പറഞ്ഞു “കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം മറിയം കന്യക “അല്ലാ” എന്നു ദൈവവചനത്തില്‍ പറയുന്നുമില്ല”
ഹല്‍വിദിയസിനെ പോലെ പ്രോടെസ്റ്റന്‍റ് സഹോദരന്മാരും അഭിമുഖീകരിക്കുന്ന സമസ്യ താഴെ പറയുന്നവയാണ്:
കര്‍ത്താവിന്‍റെ സഹോദരന്മാരെയും സഹോദരിമാരെയും കുറിച്ചു ( മത്തായി12:46, 13:55, മാര്‍ക്കൊസ് 3:31,32, 6:3, ലൂകോസ് 8:19-21, യോഹ 2:12, 7:3-5, അപ്പോ പ്ര 1:14, 1 കൊരി 9:5 ഗലാ 1:19) പുതിയനിയമം സൂചിപ്പിക്കുന്നു
“മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.” ( മത്തായി1:25 )
ആദ്യ വാക്യങ്ങളില്‍നിന്നും “കര്‍ത്താവിനു സഹോദരന്മാരും സഹോദരിമാരും” ഉണ്ടായിരുന്നു എന്നും, മത്തായി1:25-ല്‍ നിന്നും മകനെ പ്രസവിച്ചതിനുശേഷം അവന്‍ അവളെ പരിഗ്രഹിച്ചു എന്നും കര്‍ത്താവിന്‍റെ സഹോദരി-സഹോദരന്മാര്‍ ഈ വിവാഹബന്ധത്തില്‍ നിന്നുള്ള രക്തബന്ധമാനുള്ളത് എന്നും അവര്‍ കണ്ടെത്തി.
തിരുവചനാടിസ്ഥാനത്തില്‍ ഈ ആരോപണങ്ങളെ സമഗ്രമായി പരിശോധിക്കാം!
ഒന്നാം ഭാഗം:യേശുവിന്‍റെ സഹോദരന്മാര്‍.
പ്രഥമപ്രതിസന്ധി: യേശുവിന് സഹോദരന്മാരും സഹോദരിമാരും ഉണ്ട് മറിയം നിത്യകന്യകയാണെങ്കില്‍ എപ്രകാരം യേശുവിന് സഹോദരി – സഹോദരന്മാര്‍ ഉണ്ടാകും, ആകയാല്‍ മറിയ നിത്യകന്യകയല്ല.
രണ്ടാം പ്രതിസന്ധി: ഫേസ്ബുക്കില്‍ സംവാദം നടത്തിയ ബ്രോതെറെന്‍ സഭയുടെ സുവിശേഷകന്‍ ശ്രീ:ട്വിങ്കിള്‍ പോള്‍, ജോണ്‍ ഷ്രോഡര്‍ എന്ന വ്യെക്തിയെ ഉദ്ധരിച്ചു ഇപ്രകാരം പറഞ്ഞു “ തിരുവചനത്തില്‍ കര്‍ത്താവിന്‍റെ സഹോദരന്മാര്‍ എന്ന പ്രയോഗത്തില്‍, സഹോദരന്മാര്‍ എന്ന പദത്തിനു ഗ്രീക്കു മൂലപദമായ ‘ആദേല്‍ഫോസ് (adelphose) രക്ത ബന്ധമുള്ള വ്യെക്തികളെയോ നാമങ്ങളെയോ കുറിക്കുവാനാണ് ഉപയോഗിച്ചിട്ടുള്ളത്” ആയതിനാല്‍ “യേശുവിന്‍റെ സഹോദരന്മാര്‍ തീര്‍ച്ചയായും മറിയയുടെ മക്കള്‍ ആകണം.
പ്രഥമ പ്രതിസന്ധി: ഒരു സത്യാന്ന്വേക്ഷണം: “യേശുവിന്‍റെ സഹോദരന്മാര്‍” ആരാണ്? വാസ്തവത്തില്‍ അവര്‍ കര്‍ത്താവായ ക്രിസ്തുവിന്‍റെ അമ്മയായ മറിയയില്‍ നിന്നു ജനിച്ച രക്തബന്ധത്തിലുള്ള സഹോദരന്മാര്‍ ആണോ?
ആദിമ സഭയ്ക്ക് തെറ്റു പറ്റിയോ? തിരുവചനസത്യങ്ങള്‍, സഭയുടെ പഠിപ്പിരിനു എതിരണോ, കാതോലിക്ക സഭയും, പൌരസ്ത്യ സഭയായ ഓര്‍ത്തഡോക്സ് സഭയിക്കും, ഒപ്പം ആദ്യകാല നവീകരണ നേതാക്കളും ഒരുപോലെ ദുരുപദേശത്തില്‍ വീണുപോയോ? വി:ജെറോം, ഹല്‍വിദിയസിനെ “ദുരുപദേശകന്‍’ എന്നു പറഞ്ഞത്, വാസ്തവത്തില്‍ സ്വയം മലര്‍ന്നു തുപ്പുന്നതിന് സമാനമാണോ?
ആദ്യാ പ്രോടെസ്റ്റന്‍റായിരുന്ന മാര്‍ട്ടിന്‍ ലൂതര്‍ ഇപ്രകാരം പറഞ്ഞു
“ക്രിസ്തു മറിയയുടെ ഒരേ ഒരു മകനായിരുന്നു മാത്രമല്ല, അവനെ കൂടാതെ മറ്റു കുഞ്ഞുങ്ങളെ മറിയം ഗര്‍ഭത്തില്‍ വഹിച്ചില്ല… ‘സഹോദരന്മാര്‍” എന്നു ഇവിടെപറഞ്ഞിരിക്കുന്നത് കസിന്‍സിനെയാണ് കാരണം തിരുവെഴുത്തിലും യെഹൂദ സംസ്കാരത്തിലും കസിന്‍സിനെ സഹോദരന്‍ എന്നു വിളിച്ചിരുന്നു” (Martin Luther Sermons on John, chapters 1-4,)
ദൈവവചനത്തില്‍ മറഞ്ഞു കിടക്കുന്ന രഹസ്യത്തിലേക്ക് നമ്മുക്ക് ഒന്നു കടന്നു ചെല്ലാം. ആദ്യമായി “കര്‍ത്താവിന്‍റെ സഹോദരന്മാര്‍” എന്ന പ്രയോഗമുള്ള വാക്യങ്ങളെ സൂക്ഷ്മമായി പരിശോധിക്കാം?
v മത്തായി12:46,47 അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. ( മാര്‍കോസ് 3:31, ലൂകോസ് 8:19-21)
v മത്തായി13:55,56, ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. (മാര്‍കോസ് 6:3)
v ഗലാ 1:19 “എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.”
സസൂക്ഷ്മമായ പരിശോധനയില്‍ പ്രേത്യേകിച്ചു ഉളവായ ചിന്തകള്‍
v തിരുവചനത്തില്‍ ക്രിസ്തുവിനെ സൂചിപ്പിക്കുമ്പോള്‍ “മറിയയുടെ മകന്‍” എന്നും മറ്റുള്ളവരെ “അവന്‍റെ സഹോദരന്മാരും, സഹോദരിമാരും” അല്ലെങ്കില്‍ “കര്‍ത്താവിന്‍റെ സഹോദരന്‍/സഹോദരന്മാര്‍” എന്ന പ്രയോഗത്തിലും ദര്‍ശിക്കുവാന്‍ സാധിയ്ക്കും.
v ഒരിക്കല്‍ പോലും തിരുവചനത്തില്‍ യക്കോബ്, ശിമയോന്‍, യൂദാ മുതലായ “അവന്‍റെ സഹോദരന്മാര്‍” “ മറിയയുടെ മക്കളായ” എന്ന പ്രയോഗത്തില്‍ കാണുന്നില്ല എന്ന വസ്തുത ചിന്തവാഹമാണ്!
v മാര്‍കോസ്6:3-ല്‍ ഇവന്‍ തച്ചന്‍റെമകന്‍ അല്ലയോ? – ഈ ചോദ്യം പ്രസക്തമാണ്, കാരണം ഇതിന് ശേഷം “ഇവന്‍റെ സഹോദരന്മാര്‍” എന്നിട്ട് പേര് എടുത്തു പറയുന്നു, അതിനു ശേഷം “ഇവന്‍റെ സഹോദരിമാര്‍” എന്നു കാണുന്നു.
v ഈ വാക്യത്തില്‍ എടുത്തു കാണുന്ന പ്രതിഭാസം, 1) ക്രീസ്തുവിനെ തച്ചന്‍റെ മകന്‍ എന്ന ഏകവചനത്തില്‍ വേറിട്ട് കാണിക്കുന്നു 2) ക്രീസ്തുവിനെ “മറിയയുടെ മകന്‍” എന്നു വേറിട്ടു കാണിക്കുന്നു. അതിനുശേഷം സഹോദരന്മാരെയും സഹോദരികളെയും പ്രേത്യേകം പറയുന്നു. ഇവര്‍ ഒരു കുടുംബത്തിന്‍ ഭാഗമാണെങ്കില്‍ സുവിശേഷകന്‍ ഇപ്രകാരം വേര്‍തിരിച്ചു കാണിക്കണ്ട ആവശ്യം ഇല്ല.
v ജോസെഫിന്‍റെ മക്കള്‍ എന്ന വിധത്തില്‍ ഒരിക്കലും ഈ സഹോദരി സഹോദരന്മാരെ നാം ഒരിടത്തും വായിക്കുന്നില്ല!
അവലോകനം:
മത്തായി 13:55
ü തച്ചന്റെ മകൻ അല്ലയോ
ü അമ്മ മറിയ എന്നവളല്ലയോ
ü സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?
ü ഇവന്റെ സഹോദരികളും
നമ്മുടെ പ്രൊട്ടെസ്റ്റണ്ടു സഹോദരന്മാരുടെ അഭിപ്രായത്തില്‍ ഈ പേരുകളെല്ലാം കര്‍ത്താവിന്‍റെ സഹോദരന്മാര്‍ എന്ന അര്‍ഥത്തില്‍ “മറിയയുടെ മക്കളാണ്” അതിനാല്‍ കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം, നിത്യ കന്യക എന്നപ്രയോഗം തികച്ചും വൈരുദ്ധ്യാത്മകവും, തിരുവെഴുത്തിന്‍റെ മൊത്തം വ്യാഖാനത്തിന് എതിരാണ്. എന്നാല്‍ ഏതാനും വാക്യങ്ങളിലേക്ക് നമ്മുക്ക് എത്തിനോക്കാം.
മത്തായി 27:55: ക്രൂശികരണ വേളയില്‍ : “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും”
ആരാണ് ഈ മറിയം? ഉത്തരം യാക്കോബിന്‍റെയും യോസേയുടെയും അമ്മ…. ഇവരെ എവിടെ പ്രതിപാദിച്ചിരിക്കുന്നു? മത്തായി 13:56.-ല്‍ സൂചിപ്പിച്ചിരിക്കുന്ന മേല്‍പ്പറഞ്ഞ വ്യെക്തികളുടെ (യാകോബ്, യോസ) അമ്മയായ് മറിയം!
മത്തായി 28:1 – ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സംഭവം :
“ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.”
ആദ്യമായി ഈ പ്രത്യേക വ്യെക്തിയിലേക്ക് കണ്ണോടിക്കാം, ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് സുവിശേഷ കര്‍ത്താക്കളിലൂടെ ദൈവവചനത്തില്‍ രേഖപ്പെടുത്തിയതും, ആരാലും ശ്രേദ്ധിക്കപ്പെടാതെ ഒരു സമസ്യയായി ഓര്‍തിങ്ങി നിന്ന വ്യെക്തി – “മറ്റെ മറിയ” The other Mary– ആരാണ് ഇവര്‍?
ഈ സുവിശേഷത്തില്‍ പറയുന്ന “മറ്റെ മറിയ” മത്തായി 27:55: ക്രൂശികരണ വേളയില്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ” എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ആദ്യനോട്ടത്തില്‍ “മറ്റെ മറിയ” “യേശുവിന്‍റെ അമ്മയായ മറിയ” അല്ല എന്നു സന്ദേഹിക്കാം എന്തുകൊണ്ട്? ആന്തരിക തെളുവുകളുടെ അടിസ്ഥാനത്തില്‍ മത്തായിയുടെ പ്രയോഗത്തില്‍ കന്യക മറിയാമിനെ സൂചിപ്പിക്കുമ്പോള്‍ ‘യേശുവിന്‍റെ അമ്മ” (1:18, 2:11, 2:13, 2:14, 2:20, and 2:21) “അവന്‍റെ അമ്മ” എന്നതലത്തിലാണ്, മാത്രമല്ല ക്രുശീകരണവേലയില്‍ തികച്ചും അസ്പഷ്ടമായ നിലയില്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ” എന്ന നിലയില്‍ മത്തായി കന്യക മറിയാമിനെ അവതരിപ്പിക്കില്ല, ഇക്കാരണത്താല്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ”യും “യേശുവിന്‍റെ അമ്മയായ മറിയയും” പ്രഥമദൃഷ്ടിയില്‍ വ്യത്യസ്തരണ് എന്നു മനസ്സിലാക്കാം, അതിന്‍റെ തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുന്‍പ് മാര്‍കോസിലേക്ക് ചെല്ലാം.
മാര്‍കോസ്6:3
v തച്ചന്‍ അല്ലയോ?
v ഇവന്‍ മറിയയുടെ മകന്‍
v യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരന്‍.
v ഇവന്റെ സഹോദരികളും
മാര്‍കോസ്15:40 ക്രുശീകരണ നിമിഷം:
“ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും”
മാര്‍കോസ് 15:47 “അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.”
മാര്‍കോസ് 6:3 15; 40,47 ഇവ തികച്ചും പൂരകമായിരിക്കുന്നു!
ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നിമിഷം: 16;1
“മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.”
ഇവിടെ ഈ മറിയം “യാക്കോബിന്‍റെ അമ്മ” എന്ന് സൂചിപ്പിക്കുന്നു, എന്നാല്‍ ഇത് “യേശുവിന്‍റെ അമ്മ” ആണ് എന്നു പ്രത്യക്ഷത്തില്‍ ഒരു തെളിവും കാണുന്നില്ല!
ലൂകോസ്24:10 – ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നിമിഷം :
“അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ”
ഇവിടെയും “യാക്കോബിന്റെ അമ്മ മറിയ” എന്ന പ്രയോഗമാണ്, അല്ലാതെ “യേശുവിന്‍റെ അമ്മ” എന്നല്ല,
ലൂകോസ്, മത്തായിയും, മാര്‍കോസിനെയും പോലെ “കന്യകാ മറിയാമിനെ” “യേശുവിന്‍റെ അമ്മ” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് (1:43, 2:33-34, 2:51, 8:19, Acts 1:14)
യോഹന്നാന്‍ 19:25 ക്രുശീകരണ നിമിഷം:
“യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു”
സമസ്യവാഹമായ “മറ്റെ മറിയം” ഇവിടെ തിരശീലനീക്കി പുറത്തുവന്നു, ഈ വാക്യത്തില്‍, ഗ്രീക്കു മൂലത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മൂന്നു സ്തീകളെ അഥവാ മറിയാമാരെ ദര്‍ശിക്കാം
v അവന്‍റെ അമ്മ
v അമ്മയുടെ സഹോദരിയും ക്ലെയോപ്പവിന്‍റെ ഭാര്യയുമായ മറിയ
v മഗ്ദലക്കാരത്തി മറിയ.
മറ്റു സുവിശേഷകന്‍മാരില്‍ നിന്നു മാറി യോഹന്നാന്‍ പ്രത്യേകം “ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ” എന്നു സുസ്പഷ്ടമായി കാണിച്ചതില്‍ തികച്ചും “മറ്റേ മറിയയെ” തിരശീലനീക്കി വ്യേക്തതയോട് കാണിക്കാന്‍ വേണ്ടിയാണ്.
ഉപസംഹാരം
ü യോഹന്നാന്‍റെ സുവിശേഷത്തിലെ “,ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ” “കര്‍ത്താവിന്‍റെ അമ്മയായ മറിയയില്‍ നിന്നു വ്യെത്യസ്തയായ “മറിയ”ആണ്.
ü “മറ്റെ മറിയ/ ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ, “യേശുവിന്‍റെ അമ്മയുടെ” സഹോദരി ആണ്. (close tribal relative)
ü ഇതിന്‍പ്രകാരം ആണ് യാക്കോബ്,യോസേ മുതലയവര്‍ “യേശുവിന്‍റെ സഹോദരന്മാര്‍” എന്നു വായിക്കുന്നത്.
ഇപ്രകാരമുള്ള ഒരു അവലോകനം, പ്രോടെസ്റ്റന്‍റ് സഹോദരന്മാരുടെ “ യേശുവിന്‍റെ സഹോദരന്മാര്‍” എന്ന വാദത്തെ തികച്ചും നിഷ്ഫലമാക്കുന്നു.
ആദ്യ നൂറ്റാണ്ടിലെ ബാഹ്യ തെളുവുകള്‍
ആദ്യനൂറ്റാണ്ടിലെ വിശ്വാസികള്‍ “കര്‍ത്താവിന്‍റെ സഹോദരന്‍” എന്ന പ്രയോഗത്തെ എപ്രകാരമായിരുന്നു കണ്ടിരുന്നതു.
v പാപ്പിയാസ് (papias) (എഡി-70-150) : യൂസീബിയാസ്, പാപ്പിയസിനെ “ ഹീരപോലീസിലെ ബിഷപ്പ്” എന്നു വിളിച്ചു, പാപ്പിയസിന്‍റെ സാക്ഷ്യമാണ് ആദ്യ സുവിശേഷം മത്തായി എഴുതി എന്നതിന്‍റെ പ്രഥമ തെളിവ്, പാപ്പിയസിന്‍റെ “അവശേഷിക്കുന്ന ഗ്രന്ഥത്തില്‍” (fragments) ഇപ്രകാരം പറയുന്നു :
“ക്ലോഫാസിന്‍റെ അഥവാ അല്‍ഫേയുസിന്‍റെ ഭാര്യയായ മറിയ, ബിഷപ്പും അപ്പോസ്തോലനുമായ യാക്കോബ്, ശിമയോന്‍, തദേഉസ്, യോസേ മുതലായവരുടെ അമ്മയായിരുന്നു… യാക്കോബ്,യൂദാ, യോസേ മുതലയവര്‍ കര്‍ത്താവിന്‍റെ ആന്‍റിയുടെ മക്കളും… ക്ലോഫാസ് എന്ന് യോഹന്നാന്‍ വിളിച്ച അല്‍ഫേയുസിന്‍റെ ഭാര്യയായ മറിയ, പിതൃ ബന്ധം വഴിയോ, ചര്‍ച്ചക്കാര്‍ മുഖേനയൊ “കര്‍ത്താവിന്‍റെ അമ്മയായ” മറിയയുടെ സഹോദരി ആയിരുന്നു”
v പൌരാണികമായ രണ്ടാമത്തെ സാക്ഷ്യം, യൂസീബിയാസ്, തന്റെ “സഭാ ചരിത്രത്തില്‍” പരമര്‍ശിച്ചിരിക്കുന്ന, രണ്ടാം നൂറ്റാണ്ടിലെ –ഹഗേസിപ്പസ് (hagesippus AD 110-180) എന്ന സഭാ പിതാവിന്‍റേതാണ്.
“നീതിമാനായ യാക്കോബിന്‍റെ രക്തസാക്ഷിത്വത്തിന് ശേഷം, കര്‍ത്താവിന്‍റെ അമ്മാവനായ ( uncle) ക്ലോഫാസിന്‍റെ മകനായ ശിമയോനെ അടുത്ത ബിഷോപ്പായി നിയമിച്ചു, എല്ലാവരും അവന്‍ കര്‍ത്താവിന്‍റെ കസിന്‍ ആയതിനാല്‍ അവന്‍റെ പേര് നിദര്‍ശിച്ചു” (Eusebius, Church History, Book 4, chapter 22:4)
ഇത് സുവിശേഷകന്‍മാര്‍ എന്തുകൊണ്ട് “അടല്‍ഫോസെ” എന്ന ഗ്രീക്ക് പദത്തെ “സഹോദരന്മാര്‍” എന്ന നിലയില്‍ ഉപയോഗിച്ച് കാരണം “ അടെല്‍ഫോസെ” എന്ന പദം “കസിന്‍സിനെയും” കുറിക്കുന്നതാണ്, ഗ്രീക്ക് നിഘണ്ടുവില്‍ ഈ പദം വളരെയധികം അര്‍ഥവ്യാപ്തിയിലാണ് ഉപയോഗിച്ചിരിക്കുന്നത്, ഒരിക്കലും “രക്തബന്ധത്തെ” മാത്രം കുറിക്കുന്ന ഒന്നല്ല! അതിലുപരി സഹോദരന്മാരെയും, ചര്‍ച്ചക്കാരെയും, ഒരു സമൂഹത്തില്‍ ഉള്‍പ്പെട്ടവരെയും, ജനതയെയും, ഒരേ വിശ്വാസത്തില്‍ ഉള്‍പ്പെട്ടവരെയും കുറിക്കുന്നു” ( Strongs/Thayyer dictionary)
ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ, യേശുവിന്‍റെ അമ്മയുടെ ‘സഹോദരി” ആണെങ്കില്‍ തീര്‍ച്ചയായും യാക്കോബ്,യോസേ,തുടങ്ങിയവര്‍ “യേശുവിന്‍റെ സഹോദരന്മാര്‍ ആകും” മാത്രമല്ല സുവിശേഷങ്ങളില്‍ ഇവര്‍ ഒരിക്കലും “യോസേഫിന്‍റെ മക്കള്‍” എന്ന് സൂചിപ്പിച്ചിട്ടില്ല, സുപ്രസിദ്ധ പ്രൊടെസ്റ്റന്‍റ് ബൈബിള്‍ പണ്ഡിതനായ ജെ.ബി ലൈറ്റ്ഫൂട്ട് (J.B LIGHTFOOT) ഒരേ കുടുംബത്തില്‍ രണ്ടുപേര്‍ക്ക് ഒരേ പേരുകള്‍ നല്‍കുമോ എന്നു സംശയം പ്രെകടിപ്പിച്ചു, എന്നാല്‍ ആദ്യനൂറ്റാണ്ടിലെ പാപ്പിയസ് മുതലായവരുടെ മുന്‍ പറഞ്ഞ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ബാഹ്യ തെളിവുകള്‍ ഇതിനു ഒരു പ്രതിവിധി നല്കുന്നു, മാത്രമല്ല ബിഷപ്പ് ലൈറ്റ്ഫൂട്ട് (J.B LIGHTFOOT), എന്ന പണ്ഡിതന്‍റെ സൂക്ഷ്മ നിരീക്ഷണത്തില്‍ “ഹഗേസിപ്പസിന്‍റെ” തെളിവുകള്‍, ഹല്‍വിദിയസിന്‍റെ വാദത്തിന് തികച്ചും എതിരാണു.
രണ്ടാം പ്രതിസന്ധി :ഒരു സത്യാന്ന്വേക്ഷണം:- അടെല്‍ഫോസെ (Adelphose) രക്തബന്ധം മാത്രം കുറിക്കുന്ന ഒരു ഗ്രീക്കു പദമാണോ?
ഗ്രീക്കു നിഘണ്ടു:
1) ഡബ്ല്യു.ഇ. വൈന്‍ (W E VINE) എന്ന സുപ്രസിദ്ധ പ്രോടെസ്റ്റന്‍റ് പണ്ഡിതന്‍റെ ലോകപ്രശസ്തമായ “An Expository Dictionary of New Testament Words” എന്ന ഗ്രന്ഥത്തില്‍ “ ADELPHOSE” എന്ന പദത്തിന് ഇപ്രകാരം അര്‍ഥങ്ങള്‍ നല്കുന്നു.
Adelphose: ഒരു സഹോദരനെയൊ, അടുത്ത ചര്‍ച്ചക്കാരനെയോ കാണിക്കുന്നു, ബഹുവചനത്തില്‍ ഒരേ ആരഭമോ, അനുപൂരകത്വമൊ ഒള്ള ഒരു സമൂഹത്തെയും കുറിക്കുന്നു. ഈ പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്:
v ഒരേ മാതാപിതാക്കളുടെ ആണ്‍കുട്ടികള്‍ക്ക്
v ഒരേ മാതാപിതാക്കളുടെ ആണ്‍ പിന്തുടര്‍ച്ചക്കാര്‍ക്കു (descendents)( Acts 7:23, 26; Hebrews 7:5)
v ഒരേ രാജ്യത്തില്‍ ഉള്ളവര്‍ക്ക് (Acts 3:17, 22; Romans 9:3)
v അയല്‍വാസിയായ ഒരു പുരുഷന്(Luke 10:29; Matthew 5:22, 7:3)
v ഒരേ താല്പ്പര്യത്തില്‍ ഒരുമിച്ചവര്‍ക്ക് (Matthew 5:47)
v ഒരേ വിളിയാല്‍(calling) യോജിപ്പിക്കപ്പെട്ടവര്‍ക്ക് (Revelation 22:9;)
v മനുഷ്യവംശത്തിന്(Matthew 25:40; Hebrews 2:17;)
v ശിഷ്യന്‍മാര്‍ക്ക് ആ തലത്തില്‍ സര്‍വ്വ വിശ്വാസികള്‍ക്കും (Matthew 28:10; John 20:17;) An Expository Dictionary of New Testament Words” വാല്യം 1:155-156
2) സുപ്രസിദ്ധ പ്രോടെസ്റ്റന്‍റ് പദാനുപദമായ (concordance) STRONG’S-ല്‍ ADELPHOSE # 80 (സൂചനാ സംഖ്യ) ഇപ്രകാരം അര്‍ത്ഥം നല്‍കുന്നു
ü ഒരേ മാതാപിതാക്കളില്‍ നിന്നോ, ഒരമ്മയിലോ ഒരച്ഛനിലോ ജനിച്ച സഹോദരങ്ങള്‍
ü ഒരേ ജനവിഭാഗത്തിലോ, രാജ്യത്തിലോ, രാഷ്ട്ര പിതാമഹാനില്‍ നിന്നോ ജനിച്ചവര്‍
ü ഒരു സഹവിശ്വാസി- പരസ്പര സ്നേഹബന്ധത്താല്‍ ബന്ധിക്കപ്പെട്ടവര്‍
ü ഒരേ ജോലിയിലോ,ഓഫീസിലോ ഉള്ളവര്‍
ü ക്രിസ്തുവില്‍ സഹോദരന്‍ – അ) അവിടുത്തെ സഹോദരന്മാര്‍ ബി) എല്ലാ മനുഷ്യരും സി) അപ്പോസ്തലന്‍മാര്‍ ഡി) ക്രിസ്തീയ വിശ്വാസികള്‍.
കാത്തലിക് അപ്പോളോജിസ്റ്റ് ആയ ഡേവ് ആംസ്ട്രോങ് ‘adelphose” വി: പൌലൊസിന്‍റെ ലേഖനങ്ങളില്‍ ഉപയോഗിച്ച രീതി സമഗ്രമായി ഗവേഷണം നടത്തിയിട്ടു ഇപ്രകാരം രേഖപ്പെടുത്തി
“വി:പൌലോസ് “adelphose” എന്ന പദം ഉപയോഗിച്ചപ്പോള്‍, അതു തികച്ചും രക്തബന്ധത്തിനോ ബന്ധങ്ങള്‍ക്കൊ അപ്പുറമായിട്ട് ആണ് ഉപയോഗിച്ചത്, പദാനുപദ (concordance) ഗ്രന്ഥങ്ങളുപയോഗിച്ചത് കൊണ്ട് ഒന്നോരണ്ടോ പ്രയോഗങ്ങള്‍ വിട്ടു പോയെക്കാം, എന്നാല്‍ ഇതിന്‍റെ ആര്‍ത്തവ്യാപ്തി തികച്ചും വിപുലമാണ്, വി: പൌലൊസേ adelphose എന്നത് 138 തവണ തന്‍റെ ലേഖനങ്ങളില്‍ ഉപയോഗിച്ച് എന്നാല്‍ വിമര്‍ശകരായ പ്രോടെസ്ന്‍റന്‍റുകര്‍ ഗലാത്യലേഖനത്തിലെ (1;19)”കര്‍ത്താവിന്‍റെ സഹോദരനായ യക്കോബ്” എന്ന വാക്യത്തില്‍ തൂങ്ങി കിടന്നു ശബ്ദകോലാഹലം സൃഷ്ടിക്കുന്നു, മറ്റു 137 തവണയും “ബന്ധത്തിന്”(non sibling) പുറത്തുള്ള പ്രയോഗമാണ്. വി: പൌലൊസിനറിയാം “രക്തബന്ധത്തിന്” പുറത്തുള്ള ചര്‍ച്ചക്കാരെയും സൂചിപ്പിക്കാന്‍ adelphose എന്ന പദത്തിനാകുമെന്ന്, അതോകൊണ്ടാണ് 137 തവണ ഇപ്രകാരം ഉപയോഗിച്ചത്”!
ചോദ്യം: അടെല്‍ഫോസെ – എന്ന പദം തിരുവെഴുത്തില്‍ “രക്ത ബന്ധം”കുറിക്കുന്ന “ഒരേ ഗര്‍ഭപാത്രത്തില്‍(ഡെല്‍ഫോ) നിന്നു ജനിച്ച സഹോദരന്മാരെ മാത്രം കാണിക്കുന്നതാണോ? ബ്രോതെറെന്‍ സഭയുടെ സുവിശേഷകന്‍റെ അഭിപ്രായം പോലെ വ്യെക്തികളെയോ/വ്യെക്തി നാമങ്ങളെയോ ചൂണ്ടിക്കാണിക്കുമ്പോള്‍ adelphose രക്തബന്ധത്തെയാണോ കാണിക്കുന്നത്?
ഉത്തരം – തീര്‍ച്ചയായും അല്ല, ഇത് വെറും ഊഹാപോഹം മാത്രമാണു.
തെളിവുകള്‍: aledphose – 343 തവണ തിരുവെഴുത്തില്‍ ഉപയോഗിച്ചു.
v മത്തായി 14:3 “ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു” ഇവിടെ സഹോദരന്‍ എന്നത് ചരിത്രപരമായി – അര്‍ദ്ധ-സഹോദരന്‍ മാത്രമാണു – ഒരേ അമ്മയില്‍ ജനിച്ചതല്ല-
v ഫിലമോന്‍ 1:1 “ക്രിസ്തുയേശുവിന്റെ ബദ്ധനായ പൌലോസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോൻ എന്ന നിനക്കും” “സഹോദരന്‍ –adelphose – രക്ത ബന്ധം ഒന്നുമില്ലാത്ത രണ്ടു വ്യെക്തികള്‍ക്ക് ഉപയോഗിച്ചിരിക്കുന്നു
v 2 പത്രൊസ് 3;15 “അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൌലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ.” പ്രിയ സഹോദരന്‍ (adelphose) പൌലൊസ് – ഒരു സംശയവുമില്ല ആര്‍ക്കും പത്രോസും പൌലൊസും രക്തബന്ധമുള്ള ഒരേ ഗര്‍ഭത്തില്‍ നിന്നു ജനിച്ചവരല്ല!.
അനവധി തെളിവുകള്‍ നിരത്താനുണ്ട് എന്നാല്‍ വിസ്തരഭയത്താല്‍ നിര്‍ത്തുന്നു.
നിരവധി കാതോലിക്ക പുസ്തകങ്ങളില്‍ അടെല്‍ഫോസെ കസിന്‍ എന്ന അര്‍ഥത്തില്‍ പഴയനിയമ ഗ്രീക്കു തര്‍ജ്ജിമയായ സെപ്ടുജെന്‍റില്‍ (septugent) നിന്നും ഉദ്ധരിച്ചു തെളിയിച്ചിട്ടുള്ളതിനാല്‍ അതിലേക്കു കടക്കുന്നില്ല.
ഈ ഭാഗത്തിന്‍റെ ഉപസംഹാരം
v തിരുവചനം എഴുതിയത് ഗ്രീക്കു ഭാഷയിലാണെങ്കിലും അതില്‍ പ്രകാശിച്ചു നില്‍ക്കുന്നത് യെഹൂദാ ചിന്തയും സംസ്കാരവുമാണ്, തിരുവചന പഠനം ഒരിക്കലും ആധുനികലോകത്തുനിന്ന് പൂര്‍വ്വകാലത്തേക്കുള്ള ഒരു എത്തിനോട്ടമല്ല ഉപരി, ദൈവീക ദര്‍ശനങ്ങളെ അതു പ്രകാശിപ്പിച്ച സ്രോതസ്സിലേക്ക് ചെന്നു, ആ തലത്തില്‍ മനസ്സിലാക്കുകയാണ്.
v ‘അഹ് (ah) –സഹോദരന്‍ എന്ന എബ്രായ-അരമായ പദം പല തരത്തിലെ ബന്ധങ്ങളെ സൂചിപ്പിക്കുന്നതാണ്, യെഹൂദ ഭാഷയില്‍ ‘കസിന്‍” എന്ന വാക്കിനെ സൂചിപ്പിക്കാന്‍ പ്രാപ്തമായ ഒരു പദം ഇല്ല, ബെന്‍-ദോട് (ben dod) എന്ന പദം പിതൃവഴിയിലെ അമ്മാവന്‍റെ (paternal uncle) മകനെ സൂചിപ്പിക്കാം, എന്നാല്‍ മറ്റു കസിന്‍സിനെ കാണിക്കാന്‍ വളരെ സങ്കീര്‍ണ്ണങ്ങളായ പ്രയോഗങ്ങള്‍ വേണ്ടിവരും, കാരണം അത്തരം പ്രയോഗങ്ങള്‍ പൊതുവേഇല്ല എന്നതാണു”- ref – (Michael Sokoloff, “A Dictionary of Jewish Palestinian Aramaic)
v സെപ്ടുജെന്‍റില്‍ “അടെല്‍ഫോസെ” കസിന്‍ എന്ന തലത്തിലും ഉപയോഗിച്ചിട്ടുണ്ട്
v അടെല്‍ഫോസെ രക്തബന്ധത്തെ “മാത്രം” കാണിക്കുന്ന പദം എന്നു ഒരു ഗ്രീക്കു നിഘണ്ടുവും പറയുന്നില്ല മറിച്ച് ഈ പദം സഹോദരന്മാര്‍ എന്ന വിപുലമായ അര്‍ഥത്തില്‍ ഉപയോഗിച്ചു, അതില്‍ ഒരു പ്രയോഗം മാത്രമാണു- രക്തബന്ധമുള്ള സഹോദരന്‍ എന്നത്.
v അടെല്‍ഫോസെ എന്ന പ്രയോഗത്തിന്‍റെ ഉപയോഗത്തെ ഒരു അര്‍ഥത്തില്‍ ഒതുക്കി നിര്‍ത്തി വിശ്വാസസത്യത്തെ ചോദ്യം ചെയ്യുന്നത് തികച്ചും ദാരുണമായ ഒന്നാണ് കാരണം മേല്‍പ്പറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ “യാക്കോബിന്‍റെ/യോസേയുടെ അമ്മ ക്ലോഫസിന്റെ ഭാര്യയായ മറിയം” എന്നു തിരുവെഴുത്തുകള്‍ തന്നെ ആന്തരിക തെളിവുകള്‍ നല്കുമ്പോള്‍ ഈ തെളിവുകളെ അവഗണിച്ചു, മുന്‍വിധിയെ അനുഗമിച്ചു അതി പുരാതനമായ വിശ്വാസത്തെ തള്ളി പറയുന്നതു ശരിയാണോ?
രണ്ടാം ഭാഗം – ക്രിസ്തുവിന്‍റെ ജനനത്തിന് ശേഷം ജോസെഫ് മറിയയെ പരിഗ്രഹിച്ചോ?
പ്രതിസന്ധി: മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.( മത്തായി1:25 )
പ്രോടെസ്റ്റന്‍റ് സഹോദരന്മാര്‍ വളരെയധികം സംശയാദൃഷ്ടിയോടെ നോക്കുന്ന ഒരു വാക്യമാണിത്, അപ്പോളോജെറ്റിക് വാദത്തില്‍ ഇതിനെ “The heos hou polemic” എന്നാണ് അറിയപ്പെടുന്നത്, എന്താണ് ഈ വാദഗതിയും മറിയയുടെ നിത്യകന്യകത്വവും തമ്മിലുള്ള ബന്ധം?
v പരിഗ്രഹിക്കുക (KNEW HER) എന്ന പദം തിരുവചനത്തില്‍ സ്ത്രീ പുരുഷ ദാമ്പത്യത്തെ സൂചിപ്പിക്കുന്നു. ഉദാ: ഉല്‍പത്തി 4:1 “അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു”
v ക്രിസ്തുവിന്‍റെ ജനനം വരെ (UNTILL) ജോസെഫ് തന്‍റെ ഭാര്യയായ മറിയയെ പരിഗ്രഹിച്ചില്ല,
v “വരെ” / UNTILL / TILL എന്ന പദത്തിനു അര്‍ത്ഥം ക്രിസ്തുവിന്‍റെ ജനനത്തിന് ശേഷം പരിഗ്രഹിക്കുകയും, ഈ കുട്ടികളാണ് “കര്‍ത്താവിന്‍റെ സഹോദരന്മാര്‍”.
ഇക്കാരണത്താല്‍, മറിയം നിത്യ കന്യക അല്ല!
ആദ്യമായി ഈ വാക്യത്തെ സമഗ്രമായി പരിശോധിക്കാം.
മറിയയുടെ നിത്യകന്യകാത്വത്തെ നിഷേധിക്കുന്നവര്‍ ഉപയോഗിക്കുന്ന ഏറ്റവും പുരാതനമായ ഒരു ആരോപണമാണ്, എന്നാല്‍ ആധുനിക ഹല്‍വീടിയന്‍മാര്‍ ഈ വാദത്തെ പുതിയ രീതിയില്‍ അവതരിപ്പുക്കുന്നു.
സുവിശേഷകനായ മത്തായി 1:25-ല്‍ ഉപയോഗിച്ച “HOES” എന്ന പദം, ഇതിന് മുന്‍പു നടന്ന പ്രവര്‍ത്തിയുടെ വിപരീതവും, ആ പ്രവര്‍ത്തിയുടെ വിശ്രവം അഥവാ അവസാനവും ആണ് സൂചിപ്പിക്കുന്നത്, അതിനാല്‍, ക്രിസ്തുവിന്‍റെ ജനനത്തിന് ശേഷം,,അവന്‍ അവളെ പരിഗ്രഹിക്കുകയും അതിലൂടെ അവളുടെ കന്യകാത്വം അവസാനിക്കുകയും ചെയ്തു” ഇപ്രകാരം ഗ്രീക്കു ഭാഷ പ്രയോഗത്തിന്‍റെ തെളിവിലൂടെ തിരുവെഴുത്തിലെ സത്യം കാതോലിക്ക വിശ്വാസത്തിന് എതിരാണ് എന്ന് തെളിയിക്കാന്‍ ശ്രെമിക്കുന്നു.
സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതനും, ബോസ്റ്റോണ്‍ കോളേജിലെ പ്രൊഫെസര്‍ Dr റോബെര്‍ടു ടാസെറ്റി (Dr.Robert Tacetti) “HOES” എന്ന പദത്തെ സംബന്ധിച്ച തന്‍റെ വ്യെക്തിപരമായ ഗവേഷണത്തേകുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നത് ശ്രേദ്ധേയമാണ്
“heos hou വാദം” വ്യാജമാണ്, ഞാന്‍ പുരോഹിതനാകുന്നതിനും, ഡോക്ടറ്ററേറ്റ് നേടുന്നതിനും മുന്പ് ക്ലാസ്സിക്കല്‍ ഗ്രീക്കിലും, സുവിശേഷം വിരചിതമായ ഗ്രീക്കു ഭാഷരീതിയായ കോയിനെ (koine) ഗ്രീക്കിലും പ്രവണ്യം നേടുകയും, ഹൈ സ്കൂള്‍ തലത്തിലും, യുണിവേര്‍സിറ്റി തലത്തിലും ഗ്രീക്കു ഭാഷ പഠിപ്പിക്കുകയും, അനുദിനം ദൈവവചനം ഗ്രീക്കില്‍ വായിക്കുകയും ചെയ്തിരുന്നു, എന്നാല്‍ ഇതൊന്നും എന്നെ ഗ്രീക്കു ഭാഷാസാഹിത്യത്തില്‍ നിപുര്‍ണനാക്കില്ല, ആയതിനാല്‍, എന്‍റെ ബോധത്തില്‍ ഉറച്ചുനില്‍ക്കതെ, എന്നെക്കാള്‍ സമര്‍ത്ഥന്മാരായ, പണ്ഡിതന്മാരോടു അഭിപ്രായം ആരായുകയും, എന്‍റെ കണ്ടെത്തലുകളെ അവരുടെ മറുപടിയുമായി തരതമ്യപഠനം നടത്തുകയും ചെയ്തു…പ്രൊടെസ്റ്റന്‍റ് അപ്പോളോജിസ്റ്റുകളുടെ “HEOS HOU” വാദത്തിന്‍റെ താളുകള്‍ ഞാന്‍ മറ്റു ഗ്രീക്കു പണ്ഡിതന്മാരെ കാണിച്ചു എന്നാല്‍ അവര്‍ അതിനെ ചിരിച്ചു തള്ളുക മാത്രമല്ല അവരുടെ മറുപടി എന്‍റെ നിഗമനങ്ങളെ ഉറപ്പിക്കുകയും ചെയ്തു: HEOS HOU എന്നത് ” heos hou chronou en hoi”( literally: until the time when) എന്നതിന്‍റെ ചുരുക്കിയ പ്രയോഗമാണ്” (He’s an Only Child: A bogus Greek argument against Mary’s perpetual virginity is making the rounds.By Ronald K. Tacelli, S.J.}
തിരുവെഴുത്തിലെ ഈ പ്രയോഗം നമ്മുക്ക് സൂക്ഷ്മമായി വിശകലനം ചെയ്യാം! “വരെ” / UNTILL / TILL HEOS” എന്ന പദം സുവിശേഷത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എപ്രകാരമാണ്? HEOS എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം അതു സൂചിപ്പിക്കുന്ന പ്രവര്‍ത്തി അവിടെവച്ചു അവസാനിച്ചു എന്നാണോ?
ബൈബിളില്‍ നിന്നുള്ള തെളിവുകള്‍:
v ഉല്‍പത്തി8:7 “അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.” ചോദ്യം: വെള്ളം വറ്റി പോയതിന് ശേഷം മലാകാക്ക വന്നോ? ഉത്തരം ഇല്ല!
v ആവര്‍ത്തന പുസ്തകം 34:6 “അവൻ അവനെ മോവാബ്ദേശത്തു ബെത്ത്പെയോരിന്നെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല- ചോദ്യം: ഇന്ന് ആര്‍ക്കെങ്കിലും മോശയുടെ ശവകുടീരത്തിന്‍റെ സ്ഥലം അറിയാമോ? ഉത്തരം ഇല്ല!
v 2 ശമു : 6:23 ” എന്നാൽ ശൌലിന്റെ മകളായ മീഖളിന്നു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല” ഈ വാക്യം ഇഗ്ലീഷില്‍ ” Michal “had no children TILL the day of her death”- മീഖാലിന് അതിനു ശേഷം കുട്ടി ഉണ്ടായോ? ഉത്തരം ഇല്ല!
v യോഹ 4:49 ” രാജഭൃത്യൻ അവനോടു: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.” ചോദ്യം: പൈതല്‍ മരിച്ചോ? ഉത്തരം; ഇല്ല!
v റോമര്‍8:22 “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു” ചോദ്യം: ഇപ്പൊഴും ഈറ്റുനോവുണ്ടോ? ഉത്തരം അതേ
v 1കൊരി15:25 അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു”- ചോദ്യം: കാല്‍കീഴിലാക്കിയാല്‍ പിന്നെ വഴില്ലേ? ഉത്തരം: വാഴും
v എഫേ4:12,23 ” നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം” ചോദ്യം: പ്രാപിച്ചുകഴിഞ്ഞാല്‍, ഐക്യതയും, പരിജ്ഞാനവും വേണ്ടേ? ഉത്തരം വേണം!
v 1തീമോ 4:13 : “ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.” ചോദ്യം: ഞാന്‍ വന്നു കഴിഞ്ഞാല്‍ വായന, പ്രബോധനം, ഉപദേശം എന്നിവയില്‍ ശ്രേദ്ധിക്കേണ്ടെ? ഉത്തരം – തീര്‍ച്ചയായും ശ്രദ്ധിയ്ക്കണം!
v 1തീമോ 6:13 നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം” ചോദ്യം- യേശുവിന്‍റെ പ്രത്യക്ഷത കഴിഞ്ഞാല്‍ കല്‍പ്പന ലംഘിക്കാമോ? ഉത്തരം ഇല്ലാ!
v വെളി 2:25 “എങ്കിലും നിങ്ങല്‍ക്കുള്ളതു ഞാന്‍ വരും വരെ പിടിചുകൊള്‍വിന്‍ എന്നു ഞാന്‍ കല്‍പ്പിക്കുന്നു” ചോദ്യം : വന്നു കഴിഞ്ഞാല്‍ പിന്നെ പിടിക്കണ്ടേ? ഉത്തരം പിടിക്കണം
മുകളില്‍ അവലോകനം നടത്തിയ വചനങ്ങളുടെയും, ഈ വചനങ്ങളില്‍ “HOES” എന്ന പദം എപ്രകാരമാണ് ഉപയോഗിച്ചത്തിന്‍റെയും വെളിച്ചത്തില്‍ മത്തായി1:25 നമ്മുക്ക് വിശകലനം ചെയ്യാം
മത്തായി 1:25 മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.” ചോദ്യം: മകനെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അവളെ പരിഗ്രഹിച്ചോ? ഉത്തരം : ഇല്ല, ഒരിയ്ക്കലും ഇല്ല
“HOES” എന്ന പദത്തിന്‍റെ ദൈവശാസ്ത്ര-സംവാദങ്ങളിലേക്ക് കടന്നുപോകാം
പ്രൊട്ടെസ്റ്റന്റ്റിൽ നിന്നും കത്തോലിക്കാസഭയില്‍ ചേര്‍ന്ന ഗേറി മാറ്റാറ്റിക്സും(Gerry Mattatics) പ്രോടെസ്റ്റന്‍റ് അപ്പോളോജിസ്റ്റ് ആയ ജയിംസ് വൈറ്റ്, എരിക് ശ്വേണ്ഡ്സെന്‍ (Eric Svendsen) മുതലായവര്‍, ആല്‍ഫ-ഒമെഗാ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 2003-ല്‍ “ മറിയയുടെ നിത്യകന്യകാത്വം” എന്ന വിഷയത്തില്‍ നടന്ന സവാദത്തില്‍- ശ്രീ: ഗേറി മാറ്റാറ്റികസ്, BC 100 മുതല്‍ AD 100 വരെയുള്ള, ഗ്രീക്കു സാഹിത്യത്തില്‍ നിന്നും “hoes hou” എന്ന പദം “നടന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയുടെയോ അല്ലെങ്കില്‍ പ്രവര്‍ത്തിയുടെയോ തുടര്‍ച്ചയാണ് അല്ലാതെ ഈ അവസ്ഥയുടെ അവസാനം (end/termination) എന്നല്ല” എന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും അടിവരയിട്ടു തെളിയിച്ചു.
ഈ സംവാദത്തിന്‍റ് പ്രസക്തി എന്താണ്? ശ്രീ: എരിക് ശ്വേണ്ഡ്സെന്‍ (Eric Svendsen), തന്‍റെ പുസ്തകങ്ങളിലും, ലേഖനങ്ങളിലും, തുടര്‍നടന്ന ഈ സംവാദത്തിന്‍റേ വിഷയവതരണത്തിലും കേന്ദ്രസ്ഥാനം നല്കിയതു “ hoes” എന്ന പദം “ hoes hou” എന്നതുമായി സംബന്ധിച്ചു, അത് സൂചിപ്പിക്കുന്ന പ്രവര്‍ത്തിയുടെ അല്ലെങ്കില്‍ അവസ്ഥയുടെ അവസാനമാണ് എന്നു തെളിയിക്കാന്‍ ശ്രമിച്ചു ഇപ്രകാരം ക്രിസ്തുവിന്‍റെ ജനനത്തിനു ശേഷം “കന്യക” എന്ന അവസ്ഥ, ‘ പരിഗ്രഹിച്ചു” എന്നതുമായി ബന്ധിപ്പിച്ചു, അവസാനിച്ചു എന്നു വാദിച്ചു,മാത്രമല്ല ഈ പദം മറ്റൊരു അര്‍ഥത്തില്‍ ഗ്രീക്കു സാഹിത്യത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നുപ്രഖ്യാപിക്കുകയും ചെയ്തു.
ശ്രീ: ഗേറി മാറ്റാറ്റികസ് ഈ പ്രസ്താവനയ്ക്ക് എതിരായി ഇപ്രകാരം തെളിവ് അവതരിപ്പിച്ചു!
സി.ബര്‍ഷര്‍ദ് ( C. Burchard,) എന്ന പണ്ഡിതന്‍റെ Old Testament Pseudepigrapha. Vol. 2, Expansions of the Old Testament and Legends, Wisdom and Philosophical Literature, Prayers, Psalms, and Odes, Fragments of Lost Judeo-Hellenistic Works,- എന്ന ഗ്രന്ഥത്തിലെ ജോസെഫും അസ്നെതും (Joseph and Aseneth,) എന്ന കഥയില്‍ നിന്നു ഇപ്രകാരം ഉദ്ധരിച്ചു
“ആസ്നെത്, ഏഴു കന്യകകളുടെ കൂടെ ആവുകയും, അവള്‍ ഭാരപ്പെടുകയും സൂര്യാസ്തമയം വരെ തേങ്ങുകയും ചെയ്തോണ്ടിരുന്നു, അവള്‍ ഭക്ഷണ പാനീയങ്ങള്‍ തൊട്ടില്ല, രാത്രിയായി, ഭവനത്തിലെ സകലരും നിദ്രയിലേക്ക് നീങ്ങിയപ്പോള്‍ അവള്‍ മാത്രം ഉണര്‍ന്നിരിക്കുകയും ചിന്താഭാരത്താല്‍ തേങ്ങുകയും ചെയ്തു, ഭയത്തോടും, വിറയലോടും അവള്‍ ചിലനേരത്ത് മാറത്തടിച്ചു”
സൂര്യാസ്തമയം വരെ എന്നതിന് ഉപയോഗിച്ച പദമാണ് “hoes hou” – ചോദ്യം: അവള്‍ സൂര്യാസ്തമയം വരെയോ കരഞ്ഞുള്ളൂ? ഉത്തരം മുന്‍വിവരിച്ച വാക്യത്തില്‍ അസ്തമയത്തിന് ശേഷവും അവള്‍ കരച്ചില്‍ തുടര്‍ന്നു എന്നു കാണാം.
പ്രധാന ക്രീയപദത്തിന്റെ തുടര്‍ പ്രവര്‍ത്തിക്ക്തെളിവില്ല എന്നു വിസ്തരിച്ചവര്‍ക്ക് ഉത്തരം മുട്ടികുന്നതായിരുന്നു ഈ വാക്യം.
ഫ്രാന്‍സ് പീപ്പര് എന്ന ലൂഥറന്‍ ദൈവശാസ്ത്ര വിദഗ്ധന്‍ പറഞ്ഞു “നാം മറിയ, ക്രിസ്തുവിന്‍റെ ജനനത്തിന് ശേഷവും കന്യകയാണ് എന്ന് വിശ്വസിക്കണം കാരണം തിരുവെഴുത്തുകള്‍ അവളുടെ അവസ്ഥക്ക് മാറ്റം വന്നു എന്നു പഠിപ്പിക്കുന്നില്ല, മാത്രമല്ല ഈ വിശ്വസം വളരെയധികം പുരാതനമായ ഒരു വിശ്വാസമാണ്”
നാലാം നൂറ്റാണ്ടിലെ സഭാപിതാവായിരുന്നു വി:ജോണ്‍ക്രിസോസ്തം, അദേഹത്തിന്‍റ സവിശേഷകരമായ പ്രഭാഷണങ്ങള്‍ “സുവര്‍ണ്ണ നാവുകാരന്‍” എന്ന ഓമനപ്പേര് സമ്മാനിച്ചു, മാത്രമല്ല ഈ സഭാപിതാവ് ഗ്രീക്കുഭാഷയില്‍ അഗ്രഗണ്യനായിരുന്നു. മത്തായിയുടെ സുവിശേഷത്തിന് അദ്ദേഹം നല്കിയ പ്രശസ്ത വ്യാഖ്യാനത്തിന്‍റെ 5:3-ല്‍ ഇപ്രകാരം പറഞ്ഞു:
“വരെ (till) എന്ന പ്രസ്താവന, അതിനുശേഷം ജോസെഫ് അവളെ പരിഗ്രഹിച്ചു എന്ന അര്‍ഥത്തില്‍ വിശ്വസിക്കാന്‍ ഇടയകരുതു, കന്യക ക്രിസ്തുവിന്‍റെ ജനനം വരെ പുരുഷനാല്‍ സ്പര്‍ശിക്കപ്പെട്ടിട്ടില്ല എന്നു കാണിക്കാനാണ് ഈ പദം ഉപയോഗിച്ചത്. ഒരു ചുരുങ്ങിയ സമയാഗണനയില്‍ നടന്ന ഒരു പ്രവര്‍ത്തിയെ സൂചിപ്പിക്കാനല്ല സുവിശേഷകന്‍ “HOES”/വരെ” ഉപയോഗിച്ചത് ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന സ്വഭാവികമായ അര്‍ത്ഥം കണ്ടെത്തണം അതു, അവിസ്മരണീയമായ രീതിയില്‍ മാതാവായ അവളെ നീതിമാനായ ജോസെഫ് ക്രിസ്തുവിന്‍റെ ജനനത്തിന് ശേഷവും സമീപിച്ചില്ല എന്നാണ്” (Homily on St Mathew 5:3)
സാധാരണ വിശ്വാസികള്‍ക്ക് ഇപ്രകാരം ഒരു വാദഗതി കൊണ്ട് എന്തു പ്രയോജനം? തീര്‍ച്ചയായും, ഉത്തമവും അനുയോജ്യവുമാണിത് കാരണം “മറിയ-നിത്യകന്യക” (ever-virgin) എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വസിച്ചിരുന്നതും, ക്രിസ്തീയ ലോകം തങ്ങളുടെ ആരാധനക്രമത്തില്‍ (liturgy) പാടിയതുമായിരുന്നു, എന്നാല്‍ ആധുനിക പ്രോടെസ്റ്റന്‍റ് സഹോദരന്മാര്‍ “നിത്യകന്യക” എന്നതു കത്തോലിക്കാസഭ പുറംജാതികളില്‍ നിന്നു കടമെടുത്തു പില്‍ക്കാലത്ത് വിശ്വാസത്തോടു കൂട്ടിചേര്‍ത്തു എന്നു പഠിപ്പിക്കുന്നു, വിശ്രുത-ബൈബിള്‍പണ്ഡിതനും, ആദ്യനൂറ്റാണ്ടിലെ ക്രിസ്തീയ ചരിത്രത്തില്‍ അഗ്രഗണ്യനുമായിരുന്ന കര്‍ദിനാള്‍ ന്യൂമാന്‍ താന്‍ കാതോലിക്ക സഭയില്‍ ചേരും മുന്‍പ് ഇപ്രകാരം എഴുതി:
“നൂറ്റാണ്ടുകളിലൂടെ കാതോലിക്ക സഭയ്ക്ക് മറിയയോടുള്ള ഭക്തിയില്‍ വളര്‍ച്ച വന്നു എന്നു ഞാന്‍ പൂര്‍ണ്ണമായി സമ്മതിക്കുന്നു എന്നാല്‍ മറിയയെസംബന്ധിക്കുന്ന വിശ്വാസതത്ത്വം (doctrine) കാലക്രമേണ മാറിവന്നുഅഥവാ കൂട്ടിച്ചേര്‍ത്തു എന്നുഞാന്‍ ഒരിയ്ക്കലും സമ്മതിക്കില്ല കാരണം ഇത് ആദിമുതല്‍ അന്തസത്തയില്‍ ഒന്നു തന്നെയായിരുന്നു” (“Letter to the Rev. E. B. Pusey)
കര്‍ദിനാള്‍ ന്യൂമാന്‍ “വി:അത്തനേസ്യസിനെ കുറിച്ചുള്ള തെരഞ്ഞെടുത്ത പ്രബന്ധം” (Select Treatises of St. Athanasius Vol 2) എന്ന കൃതിയില്‍ “നിത്യ കന്യക” Ever virgin Mary“ എന്ന തലക്കെട്ടില്‍ ഇപ്രകാരം അത്തനേസ്യസിനെ ഉദ്ധരിക്കുന്നു:
“പുത്രനാം ദൈവം, പിതാവിന്‍റെ അതേ സ്വഭാവത്തില്‍(nature) നിന്നും സാരാംശത്തില്‍ (substance) നിന്നും ജനിച്ചു എന്നതിനെ നിഷേധിക്കുന്നവര്‍, അവന്‍ നിത്യകന്യകയില്‍ നിന്നും മനുഷ്യശരീരം (humanflesh) സ്വീകരിച്ചു എന്നതിനെയും നിഷേധിക്കും”
നിഖ്യാ സൂനഹദോസില്‍ ത്രീത്വ വിശ്വാസത്തിനു വേണ്ടി വേദ വിപരീതികളുമായി (heretics)പൊരുതിയ വി: അത്തനേസിസ് മറിയയെ “നിത്യകന്യക” എന്നു അഭിസംബോധന ചെയ്തു മറ്റൊരു ദൈവദൂഷണം പറഞ്ഞു എന്നുചിന്തിക്കാമോ?
ഭാഗം മൂന്ന് : കര്‍ത്താവിന് മറിയയില്‍ ജനിച്ച സഹോദരന്മാര്‍ ഉണ്ടോ? എങ്കില്‍ ഈ സമസ്യക്ക് എന്തു ഉത്തരം നല്‍കും?
സുവിശേഷത്തില്‍ നിന്നും യേശുവിനു നാല് സഹോദരന്മാരും ഒന്നിലധികം സഹോദരിമാരും ഉണ്ടെങ്കില്‍ (മാര്‍കോസ് 6:3) ക്രൂശീകരണവേളയില്‍ എന്തുകൊണ്ട് യേശു തന്‍റെ അമ്മയെ ഒരു ശിഷ്യന്‍റെ കൈയ്യില്‍ എല്‍പ്പിച്ചു,(യോഹ 19) വി: പൌലോസിന്‍റെ ഉപദേശത്തിനു വിരുദ്ധമല്ലേ ഇതു? 1 തിമോത്തി 5:1-ല്‍ പറയുന്നു “വല്ല വിധവെക്കും പുത്രപൌത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‍വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.”
v മറിയ തീര്‍ച്ചയായും ഒരു വിധവയാണ്.
v പ്രോടെസ്റ്റന്‍റെ അഭിപ്രായത്തില്‍ “മറിയയ്ക്ക് വേറെ മക്കള്‍ ഉണ്ട്”
v ന്യായപ്രമാണം അനുസരിച്ചു മക്കള്‍ “മാതാപിതാക്കളെ ബഹുമാനിക്കണം” എന്നാല്‍ തന്‍റെ അമ്മയെ ഒരു ശിഷ്യന്‍റെ കയ്യില്‍ ഏല്‍പ്പിച്ചതിലൂടെ “കര്‍ത്താവിന്‍റെ സഹോദരന്‍മാര്‍ക്ക്” പൌലൊസ് മനസ്സിലാക്കിയ “സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‍വാനും “ അതു മുഖാന്തരം
“ദൈവസന്നിധിയിൽ പ്രസാദകരമാകുവാനുമുള്ള” അവസരം നഷ്ടപ്പെടുത്തുവല്ലേ ചെയ്തത്? പ്രത്യേകിച്ചും അമ്മ വിധവയായതു കൊണ്ട്!
v എന്തുകൊണ്ട് യേശു തന്‍റെ അമ്മയെ ശിഷ്യനെ എല്‍പ്പിച്ചു?
ലൂകോസ് 2: 42-45 “അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.”
ü പന്ത്രണ്ടാം വയസ്സില്‍ കാണാതായ ക്രീസ്തുവിനെ തിരഞ്ഞത് 1) സഹയാത്രക്കാരുടെ ഇടയില്‍ 2) ബന്ധുക്കളുടെയും പരിചയക്കാരുടെയും! ഇവിടെ മറ്റു സഹോദരന്മാരെയും സഹോദരിമാരെയും കുറിച്ചു പറയുന്നില്ല, ഒരു സൂചനപോലും ഇല്ല.
ü ദേവാലയത്തില്‍ യേശുവിനെ കണ്ടെത്തിയപ്പോള്‍ പറഞ്ഞത് “അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു”. സാധാരണ മറ്റു കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും വ്യസനം ഉണ്ടാകുമല്ലോ? അപ്പോള്‍ എന്തുകൊണ്ട് “ നിന്‍റെ അപ്പനും,ഞാനും, സഹോദരന്മാരും വ്യസനിച്ചു എന്ന് പറഞ്ഞില്ല.
ദൈവത്തിന്‍റെ “ഏകജാതന്‍” തീര്‍ച്ചയായും കന്യകയില്‍ നിന്നുള്ള ഏകജാതന് ആകണമല്ലോ കാരണം ഉല്‍പ്പത്തിയില്‍ ദൈവം സ്ത്രീയെക്കുറിച്ച് പറയുമ്പോള്‍ “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.” ഈ പ്രവചനത്തിലെ സ്ത്രീ മറിയ ആണ് ആകയാല്‍ അവളുടെ സന്തതി “ഏകജാതനകണം”. മാത്രമല്ല യെശയ്യാവു 7:14-ല്‍ കന്യകയും അവളുടെ ഒരു പുത്രനെയും കുറിച്ചെ പ്രവചനമുള്ളൂ.
നാലാം ഭാഗം : സഭാ പിതാക്കന്മാരും നിത്യകന്യകത്വവും
ഒറിഗെന്‍: നിര്‍മ്മല മനസ്സോടു കൂടിയവര്‍ മറിയയെ പുകഴ്ത്തികൊണ്ടു അവള്‍ക്ക് ക്രിസ്തുവിനെ കൂടാതെ മറ്റു മക്കള്‍ ഇല്ല എന്നു പറയുന്നു, എന്നാല്‍ യേശു തന്‍റെ അമ്മയോട് “ഇതാ നിനക്കു ഒരു മകനും കൂടി” എന്നല്ല പറഞ്ഞത് പിന്നെ “ഇതാ നിന്‍റെ മകന്‍” എന്ന്. (Commentary on John, 1:6 [232 A.D.])
വി: അത്തനേഷ്യസ്: “പുത്രനാം ദൈവം, പിതാവിന്‍റെ അതേ സ്വഭാവത്തില്‍(nature) നിന്നും സാരാംശത്തില്‍ (substance) നിന്നും ജനിച്ചു എന്നതിനെ നിഷേധിക്കുന്നവര്‍, നിത്യകന്യകയില്‍ നിന്നും അവന്‍ മനുഷ്യശരീരം (humanflesh) സ്വീകരിച്ചു എന്നതിനെയും നിഷേധിക്കും” Orations against the Arians II:70 [A.D. 362])
വി:ജോണ്‍ക്രിസോസ്തം : “വരെ (till) എന്ന പ്രസ്താവന, അതിനുശേഷം ജോസെഫ് അവളെ പരിഗ്രഹിച്ചു എന്ന അര്‍ഥത്തില്‍ വിശ്വസിക്കാന്‍ ഇടയകരുതു, കന്യക ക്രിസ്തുവിന്‍റെ ജനനം വരെ പുരുഷനാല്‍ സ്പര്‍ശിക്കപ്പെട്ടിട്ടില്ല എന്നു കാണിക്കാനാണ് ഈ പദം ഉപയോഗിച്ചത്. ഒരു ചുരുങ്ങിയ സമയാഗണനയില്‍ നടന്ന ഒരു പ്രവര്‍ത്തിയെ സൂചിപ്പിക്കാനല്ല സുവിശേഷകന്‍ “HOES”/വരെ” ഉപയോഗിച്ചത് ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന സ്വഭാവികമായ അര്‍ത്ഥം കണ്ടെത്തണം അതു, അവിസ്മരണീയമായ രീതിയില്‍ മാതാവായ അവളെ നീതിമാനായ ജോസെഫ് ക്രിസ്തുവിന്‍റെ ജനനത്തിന് ശേഷവും സമീപിച്ചില്ല എന്നാണ്” (Homily on St Mathew 5:3)
വി: എഫിഫനാസ്: ദൈവപുത്രന്‍ പൂര്‍ണ്ണമായും പരിശുദ്ധാത്മാവിനാല്‍ നിത്യകന്യകയില്‍ നിന്നും ജനിച്ചു((The Well-Anchored Man, 120 [A.D. 374])
വി:ജെറോം: “നാം തീരുവെഴുത്തില്‍ എഴുതിയത്നിരസ്സിക്കാത്തത് പോലെ എഴുതപ്പെടാത്തതിനെ തിരസ്കരിക്കുന്നു ആദ്യാജാതനെ പ്രസവിച്ചതിന് ശേഷം അവളെ പരിഗ്രഹിച്ചു എന്നു തിരുവെഴുത്തില്‍ നാം വായിക്കുന്നില്ല, ആയതിനാല്‍ അതില്‍ വിശ്വസിക്കുന്നില്ല…ഒരു പക്ഷേ നിങ്ങള്‍ പറഞ്ഞേക്കാം മറിയം കന്യകയായി തുടര്‍ന്നില്ല എന്ന് എന്നാല്‍ ഞാന്‍ ഒരു പടി കടന്നു പറയാം ജോസെഫ് മറിയയ്ക്ക് വേണ്ടി ഒരു കന്യകനായി തുടര്‍ന്നു ഇപ്രകാരം കന്യകമായ വിവാഹത്തിലൂടെ (virgin wedlock) കന്യാ പുത്രന്‍ (virgin-son) ജനിച്ചു….ഇതിന്‍റെ സംഗ്രഹം ഇതാണ് കര്‍ത്താവിന്‍റെ പിതാവ് എന്ന് വിളിക്കാന്‍ യോഗ്യനായവന്‍ ഒരു കന്യകയായി ജീവിച്ചു” (The Perpetual Virginity of Mary, Against Helvedius, 21 [383 A.D.])
വി: മഹാനായ ബേസില്‍ : ക്രിസ്തുവിന്‍റെ സുഹൃത്തുകള്‍ക്കു (friends of Christ) ദൈവമാതാവായവള്‍ കന്യകയായി തുടര്‍ന്നില്ല എന്നു കേള്‍ക്കുന്നത് അരോചകമായിരുന്നു. (Homilies, In Sanctum Christi Generationem, 5 [379 A.D.])
മിലാനിലെ വി: അംബ്രോസ് : പ്രിയപ്പെട്ട അമ്മമാരെ, മാതൃത്വത്തിന്‍റെ നന്‍മകളുടെ മകോടോദാഹരണമായി ആരെ തിരുകുമാരന്‍ മനോഹരമായി അവരോധിച്ചോ അവളെ അനുകരിക്കുവീന്‍, നിങ്ങള്‍ക്ക് എപ്രകാരം മാധുര്യവന്മാരായ പുത്രരഹിതരാണോ, അതുപോലെ ഈ കന്യക സമാശ്വാസത്തിനായി മറ്റൊരു മകനെ വഹിച്ചുമില്ല – (To The Christian At Vercellae, Letter 63:111 [396 A.D.])
മഹാനായ വി: ലിയോ പോപ് : കന്യക ഗര്‍ഭം ധരിച്ചു, കന്യക പുത്രനെ പ്രസവിച്ചു, അവള്‍ കന്യകയായി തുടര്‍ന്നു (Sermon 22:2, On The Feast of the Nativity [A.D. 461])
വിസ്താര ഭയത്താല്‍ മറ്റു പിതാക്കന്മാരെ വി: അഗസ്തിനെ, വി: പീറ്റര്‍ ക്രിസോലഗീസ്, തുടങ്ങിയവരെ ഉദ്ധരിക്കുന്നില്ല.
അഞ്ചാംഭാഗം: ആദ്യകാല പ്രോടെസ്റ്റന്‍റുമാരായ നവീകരണനേതാക്കളും – മറിയയുടെ നിത്യകന്യകത്വവും:
മാര്‍ട്ടിന്‍ ലൂതര്‍ : മറിയം കര്‍ത്താവിന്‍റെ അമ്മയും അതോടൊപ്പം കന്യകയും എന്നത് വിശ്വാസത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്, ക്രിസ്തു ജനിച്ചു വന്നത് പൂര്‍ണമായും ഗര്‍ഭാശയത്തേ അടച്ചു കൊണ്ടാണ്.
ജോണ്‍ കാല്‍വിന്‍ : ചില വ്യക്തികള്‍ക്ക് ഈ ഭാഗത്ത് നിന്നു ( മത്തായി 1:25) പറയാനുള്ളത്, ദൈവപുത്രനെ കൂടാതെ കന്യകാ മറിയാമിന് മറ്റു മക്കള്‍ ഉണ്ടു എന്നും, ജോസെഫ് അവളുമായി പിന്നീട്സഹവസിച്ചു എന്നും, പക്ഷേ എന്തൊരു വിഡ്ഡിതമാണിത്, സുവിശേഷകര്‍ത്താക്കള് ഇതിനുശേഷം എന്തു നടന്നു എന്നു കാണിക്കാന്‍ ആഗ്രഹിച്ചല്ല ഇതു എഴുതിയത് Sermon on Matthew 1:22-25
സ്വീങ്ഗ്ലി : സുവിശേഷത്തില്‍ പറഞ്ഞ വചനം ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു, നിര്‍മ്മല കന്യകയായ മറിയം നമ്മുക്കു വേണ്ടി ദൈവപുത്രനെ വഹിക്കുകയും, അവനെ പ്രസവിക്കുമ്പോഴും, പ്രസവശേഷവും നിര്‍മ്മല കന്യകയായി തുടര്‍ന്നു.
ഉപസംഹാരം
കത്തോലിക്കാ സഭയില്‍ നിന്നും 16 വര്ഷം മാറി പ്രോടെസ്റ്റന്‍റ് കൂട്ടായ്മയില്‍ നിന്ന എനിക്കു സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളിലും, ആരാധനാക്രമത്തിലും, സൂനഹദോസുകളുടെ കാനോനിക ഭാഗങ്ങളിലും “നിത്യകന്യക” എന്ന പ്രയോഗം കണ്ടപ്പോള്‍ തികച്ചും അത്ഭുതം തോന്നി, ആ അന്വേഷണം കര്‍ദിനാള്‍ ന്യൂമാന്‍ സഞ്ചരിച്ച വഴി തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു, ഈ ലേഖനം ആ യാത്രയുടെ ഒരു താളുകള്‍ മാത്രമാണ്.
മറിയയുടെ നിത്യകന്യത്വം അതി പുരാതനമായ ഒരു വിശ്വാസ സത്യമാണ് അന്ത്യോക്കിലെ വി: ഇഗ്നേസിയസ് പറഞ്ഞപോലെ ദൈവം പിശാചില്‍ നിന്നും മറച്ചുവച്ച മൂന്ന് രഹസ്യങ്ങളില്‍ ഒന്നാണ് “കന്യകജനനം” അത് ദൈവത്തിന് മാത്രം അറിയാവുന്ന ഒന്നാണ്,ദൈവത്തിന് മാത്രമേ തന്‍റെ പുത്രന്‍റെ ജനനം എപ്രകാരം ഒരു അത്ഭുതങ്ങളില്‍ മഹാത്ഭുതം എന്നു വിവരിക്കാന്‍ ആകൂ, അതിലേക്കു എത്ര ആഴത്തില്‍ ഇറങ്ങിയാലും ആ ദൈവീക സത്യത്തിന്‍റെ പൊരുളറിയന്‍ നമ്മുക്കു കഴിയില്ല.എന്നാല്‍ നാം വിശ്വസിക്കുന്നത് ‘സത്യത്തിന്സാക്ഷികളായവര്‍, കൈമാറിയ വിശുദ്ധമായ പരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയന്, വി: പൌലൊസ് തന്‍റെ ലേഖനത്തില്‍ ‘വാ മൊഴിയായി” നല്കിയ പരമ്പര്യങ്ങളെ മുറുകെപിടിക്കുവാന് ഉപദേശിക്കുന്നു, ചില ദൈവീകസത്യങ്ങള്‍ പ്രാചീനമായ ആരാധനാക്രമത്തില്‍ ഉല്‍കൊള്ളിച്ചിരുന്നു ഇപ്രകാരം അതി പുരാതനമായ ആരാധനാക്രമത്തില്‍ മറിയയെ “നിത്യകന്യക” എന്നു വിശേഷിപ്പിച്ചിട്ടുണ്ട്, പൌരസ്ത്യ ആരാധനാക്രമത്തില്‍ ദൈവത്തിന്‍റെ മഹാവിശുദ്ധ സ്ഥലത്തേക്ക് നമ്മെ പ്രവേശിപ്പിച്ചു എന്നു പറയുമ്പോള്‍ ഒരിക്കലും ആരാധനയില്‍ ദൈവവിരുദ്ധമായ പദങ്ങള്‍ ഉപയോഗിക്കില്ല. നാലാം നൂറ്റാണ്ടില്‍ നെസ്റ്റോറിയാസ് ഒരു ക്രിസ്തുമസ് ദിവസത്തില്‍ “മറിയ ദൈവമാതാവല്ലാ” മറിച്ച് “ക്രിസ്തുവിനെ വഹിച്ചവള്‍ എന്ന അര്‍ഥത്തില്‍ “ക്രിസ്റ്റോടോകസ്” എന്നു പ്രസംഗിച്ചപ്പോള്‍ ജനങ്ങള്‍ ദൈവദൂഷണം എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു എന്നു ഞാന്‍ വായിച്ചിട്ടുണ്ട്, കാരണം അനുദിനം ആരാധനയില്‍ അവര്‍ “സര്‍വ്വലോകത്തിലും പ്രശസ്തമായ വിശ്വാസ” രഹസ്യങ്ങള്‍ കേട്ടിരുന്നു, അതിനു വിരുദ്ധമായ പദങ്ങളെ അവര്‍ ഒരിക്കലും അംഗീകരിച്ചില്ല. കര്‍ദിനാള്‍ ന്യൂമാന്‍, മറിയയുടെ നിത്യകന്യകാത്വം ആദ്യനൂറ്റാണ്ടിലെ ഉണ്ടായിരുന്ന നാല് മരിയന്‍ വിശ്വാസങ്ങളില്‍ ഒന്നാണ് എന്നു ചൂണ്ടികണിച്ചു.