ഏക മധ്യസ്ഥന്‍ ക്രിസ്തു മാത്രം അല്ലെ?

“ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ” (2 തിമോ 5,6 ). അങ്ങനെയെങ്കില്‍ വിശുധന്മാരോട് നാം മധ്യസ്ഥത യാചിക്കുമ്പോള്‍ ക്രിസ്തുവിന്റെ ഏക മധ്യസ്തതയെ ചോദ്യം ചെയ്യുകയല്ലേ?

ഇനി ആരോടും “എനിക്ക് വേണ്ടി പ്രാര്‍ഥിച്ചാട്ടെ” എന്ന് പറയരുത്!

മുന്‍പറഞ്ഞ ചോദ്യം ചോദിക്കുന്ന സഹോദരങ്ങളും പാസ്റ്ററോടോ മറ്റുള്ളവരോടോ പ്രാര്‍ത്ഥന ആവശ്യപ്പെടാറില്ലേ? ക്രിസ്തു മാത്രം ആണ് ഏക മധ്യസ്ഥന്‍ എങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതും  ക്രിസ്തുവിന്റെ ഏക മധ്യസ്തതയെ ചോദ്യം ചെയ്യുകയല്ലേ? വിശുദ്ധന്മാര്‍ മധ്യസ്ഥര്‍ ആണെങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നവരും മധ്യസ്ഥര്‍ അല്ലെ? ഈ സന്ദര്‍ഭത്തില്‍ “വിശുദ്ധര്‍ മരിച്ചവര്‍ അല്ലെ?” എന്ന ചോദ്യം ചോദിക്കരുത്. കാരണം, ക്രിസ്തുവില്‍ മരിക്കുന്നവര്‍ എന്നേക്കും ജീവിക്കുന്നവര്‍ ആണ് എന്ന് ബൈബിളില്‍ നിന്ന് സുവ്യക്തം ആയ കാര്യം ആണ്. (1. വാങ്ങിപ്പോയവര്‍ മരിച്ചവരോ? അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമോ? ; 2.  വാങ്ങിപോയവര്‍ കര്‍ത്താവിന്റെ വരവുവരെയുള്ള ഉറക്കത്തിലോ? ) ഇവിടെ പ്രശ്നം മധ്യസ്ഥത മാത്രം ആണ്, മരിച്ചവര്‍ ആണോ അല്ലയോ എന്നതല്ല.

ക്രിസ്തുവിന്റെ ഏക മധ്യസ്ഥത

ക്രിസ്തുവിന്റെ ഏക മധ്യസ്ഥത എന്ന് പറയുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നത് ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്ത്‌ ഇരുന്നു “അവരുടെ രോഗം സൌഖ്യം ആക്കണേ, മത്തായിയുടെ പാപം മോചിക്കണേ” എന്ന് പ്രാര്‍ഥിക്കുകയാണ് എന്നതാണ്. എന്നാല്‍ അങ്ങനെ അല്ല, ‘ഏക മധ്യസ്ഥത’ എന്നാല്‍ വളരെ ദൈവശാസ്ത്ര അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ലളിതം ആയിട്ട് വിവരിക്കാന്‍ ശ്രമിക്കാം.

1. ദൈവത്തെ ആരും കണ്ടിട്ടില്ല. (യോഹ 1 :18 ;  5 :37 ; 6 :46). അങ്ങനെയെങ്കില്‍ പഴയനിയമത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൈവം ആരാണ്? ആദ്യ സഭാചരിത്രകാരന്‍ ആയ യൌസേബിയോസ് പറയുന്നത്, പഴയ നിയമത്തില്‍ വെളിപ്പെടുന്ന ദൈവവും പുത്രന്‍ തമ്പുരാന്‍ തന്നെ ആണെന്നാണ്‌. (Eusebius of Ceasaria , Church History , Book 1, Chapter 2 , #26 )  ആര്‍ക്കും കാണാന്‍ സാധിക്കാത്ത അദൃശ്യന്‍ ആയ ദൈവത്തെ വെളിപ്പെടുത്തുന്ന പുത്രന്‍ തമ്പുരാന്‍ ഇപ്രകാരം മനുഷ്യര്‍ക്കും ദൈവത്തിനും ഇടയില്‍ മധ്യസ്ഥന്‍ ആണ്.

2. “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ 1 :1). ഇവിടെ “വചനം” എന്ന് പരിഭാഷപ്പെടുത്തുന്നത് “logos “(ലോഗോസ്) എന്ന ഗ്രീക്ക് പദം ആണ്. അതിന്റെ യഥാര്‍ഥ അര്‍ഥം “വചനം” എന്നതിനേക്കാള്‍ ഗ്രീക്കുകാര്‍ ഉപയോഗിച്ചിരുന്നത് ‘കാരണം’ (reason ) എന്ന അര്‍ഥത്തില്‍ ആണ്. എന്ത് സംഭവിക്കുന്നതിനും (event )  ഒരു കാരണം വേണം. ഒരു സംഭവത്തിന്‌ കാരണം ആയ മറ്റൊരു സംഭവം ഉണ്ടാകാം. അപ്രകാരം പുറകോട്ടു ചിന്തിക്കുമ്പോള്‍ എല്ലാറ്റിനും – പ്രപഞ്ചത്തിനും അതിലെ എല്ലാറ്റിനും –  ഒരു “മൂല കാരണം” (original reason) ഉണ്ടാകണം. ആ കാരണം ആണ് “ലോഗോസ്”. അത് പുത്രന്‍ തമ്പുരാന്‍ ആണ്. സകല സൃഷ്ടികള്‍ക്കും കാരണം ആയവന്‍. അതാണ്‌ പുത്രന്‍ തമ്പുരാന്‍. അങ്ങനെ അവിടുന്ന് ദൈവത്തിനും സകല സൃഷ്ടികള്‍ക്കും മധ്യസ്ഥന്‍ ആകുന്നു.

3. പാപിയായ മനുഷ്യനെ ദൈവത്തോട് നിരപ്പിക്കുന്ന പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും ആയവന്‍. പുതിയ നിയമത്തിന്റെ ഏക മധ്യസ്ഥന്‍. “അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.” (എബ്രായര്‍ 8:6) “പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.” (എബ്രായര്‍ 12:24)

4. “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” (യോഹ 14:6) – ഇപ്രകാരം ദൈവത്തിങ്കലേക്കു ഉള്ള വഴിയും പാലവും ആയവന്‍. അങ്ങനെ ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ അവിടുന്ന്  മധ്യസ്ഥന്‍.

5. പുതിയ നിയമത്തിന്റെ മഹാപുരോഹിതന്‍. “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു….” (എബ്രായര്‍ 9:11)

ഇപ്പറഞ്ഞ വാക്കുകളാല്‍ പൂര്‍ണം ആയി വിവര്‍ക്കാന്‍ സാധ്യം അല്ലാത്ത ‘നിഗൂഡത’ (mystery) ഉള്‍ക്കൊള്ളുന്ന ഒന്നാണ് “ക്രിസ്തുവിന്റെ ഏക മധ്യസ്ഥത”. അത് പൂര്‍ണം ആയി മനുഷ്യ ബുദ്ധിക്കു മനസ്സിലാക്കുവാനും സാധിക്കുകയില്ല. എന്ത് പ്രാര്‍ഥനകള്‍ ആയാലും പിതാവിനോട് പ്രാര്‍ഥിചാലും അത് ക്രിസ്തുവിലൂടെയെ പിതാവിങ്കലേക്ക് എത്തൂ. അതുകൊണ്ടാണ് നമ്മുടെ സ്വര്‍ഗ്ഗീയ ആരാധനയില്‍ (വി. കുര്‍ബാനയില്‍) നാം ഇപ്രകാരം പുരോഹിതന്‍ ആലപിക്കുന്നതായി കേള്‍ക്കുന്നത്; “…നിന്നോടും നീ മുഖാന്തിരം നിന്റെ പിതാവിനോടും സര്‍വശക്തിയുള്ള പിതാവായ ദൈവമേ എന്ന് വിളിച്ചു പ്രാര്‍ഥിക്കുന്നു”. ഒരു പ്രാര്‍ഥനയും ക്രിസ്തു മുഖാന്തിരം അല്ലാതെ പിതാവിങ്കലേക്ക് എത്തുന്നില്ല.

അപ്പോള്‍ വിശുദ്ധന്മാരുടെ മധ്യസ്ഥത?

മുകളില്‍ പറഞ്ഞ പോലെ, ആര് എന്ത് പ്രാര്‍ത്ഥിച്ചാലും അത് പുത്രന്‍ മുഖാന്തിരമേ പിതാവിങ്കലേക്ക് എത്തൂ. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ പുത്രന്‍ തമ്പുരാന്‍ അല്ലാതെ മറ്റു മനുഷ്യര്‍ ഇല്ല. എന്നാല്‍ പുത്രന്‍ തമ്പുരാനും മറ്റു മനുഷ്യര്‍ക്കും ഇടയില്‍ മധ്യസ്ഥര്‍ ആകാന്‍ പാടില്ല എന്ന് വചനം പറയുന്നില്ല. വിശുദ്ധന്മാര്‍ നമുക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോഴും നാം ജീവിച്ചിരിക്കുന്നവരും വാങ്ങിപ്പോയവരും ആയവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോഴും, പ്രാര്‍ഥിക്കുന്ന ആള്‍ ക്രിസ്തുവിനും മറ്റുള്ളവര്‍ക്കും ഇടയില്‍ മധ്യസ്ഥന്മാര്‍ ആകുന്നു. അവര്‍ ഒരിക്കലും പിതാവായ ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ മധ്യസ്ഥന്‍ ആകുന്നില്ല, ഒരിക്കലും ആകാന്‍ സാധിക്കുകയുമില്ല.

ഉപസംഹാരം

ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അതിന്റെ സന്ദര്‍ഭവും മൂല ഭാഷയിലെ അര്‍ഥവും ഒക്കെ നോക്കി വേണം വ്യാഖ്യാനിക്കാന്‍. ക്രിസ്തുവിന്റെ ഏക മധ്യസ്ഥത എന്നാല്‍ വലിയ ആത്മീയ അര്‍ഥങ്ങള്‍ ഉള്ള ഒന്നാണെന്ന് നാം കണ്ടു. ആ അര്‍ഥത്തില്‍, ക്രിസ്തുവിനല്ലാതെ, ആര്‍ക്കും ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ മധ്യസ്ഥന്‍ ആകാന്‍ സാധിക്കുകയില്ല. എന്നാല്‍ ക്രിസ്തുവിനും മനുഷ്യര്‍ക്കും ഇടയില്‍ മധ്യസ്ഥര്‍ ആകാം. വിശുദ്ധന്മാര്‍ അപ്രകാരം ആണ്. എല്ലാ വിശുധന്മാരുടെയും പ്രാര്‍ത്ഥന നമുക്ക് കോട്ടയും അഭയസ്ഥാനവും ആയിരിക്കട്ടെ, ആമീന്‍.